ന്യൂഡൽഹി: അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ മിന്നൽ സെഞ്ച്വറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ കളം നിറഞ്ഞാടിയ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. അഫ്ഗാന് എതിരെ എട്ടു വിക്കറ്റിനാണ് ഇന്ത്യൻ വിജയം. ബാറ്റിംങിൽ ഒരു ഘട്ടത്തിൽ പോലും അഫ്ഗാൻ ബൗളർമാർക്ക് അവസരം നൽകാതെയായിരുന്നു ഇന്ത്യൻ ആക്രമണം. ഫോമിലേയ്ക്കു മടങ്ങിയെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, ഒരു ഇന്ത്യക്കാരന്റെ ലോകകപ്പിലെ അതിവേഗ സെഞ്ച്വറി സ്വന്തമാക്കിയാണ് പോരാട്ടം നയിച്ചത്. 63 പന്തിൽ സെഞ്ച്വറി നേടിയ രോഹിത് റാഷിദ് ഖാന്റെ പന്തിൽ ബൗൾഡായപ്പോഴേയ്ക്കും 84 പന്തിൽ 131 റൺ നേടിയിരുന്നു. 47 പന്തിൽ 47 റണ്ണെടുത്ത ഇഷാൻ കിഷൻ ഓപ്പണിംങിൽ രോഹിത്തിന് മികച്ച പിൻതുണ നൽകി. രോഹിത് പുറത്തായതിന് ശേഷം അരസെഞ്ച്വറി തികച്ച വിരാട് കോഹ്ലി 56 പന്തിൽ 55 റണ്ണുമായി ഇന്ത്യയെ വിജയത്തിലേയ്ക്കു നയിച്ചു. 25 റണ്ണുമായി അയ്യർ പുറത്താകാതെ നിന്നു. അഫ്ഗാന് വേണ്ടി റാഷിദ് ഖാനാണ് രണ്ടു വിക്കറ്റും നേടിയത്.
ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത അഫ്ഗാനു വേണ്ടി ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദി (80), അസ്മത്തുള്ള ഒമ്റാസി (62), ഗുർബാസ് (21), സർദാൻ (22) എന്നിവരാണ് മികച്ച ബാറ്റിംങ് നടത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ബുംറ നാലു വിക്കറ്റുമായി ബൗളിംങ് നയിച്ചു. പാണ്ഡ്യ രണ്ടും, കുൽദീപും ശാർദൂലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.