ചിരിയിലൊതുക്കിയ രൗദ്ര ഭാവം : ഉയർന്ന് പൊങ്ങിയ ശേഷം  ചെരിഞ്ഞു താഴ്ന്ന് പറന്ന് ചുണ്ടുകളിൽ ഇര കോർത്ത് പറന്നകലുന്ന കഴുകനെ പോലെ , നീട്ടിപ്പിടിച്ച കൈകളിൽ നിന്ന് ചെരിഞ്ഞ് പാഞ്ഞു വന്ന് വിക്കറ്റിനെ കവർന്നെടുക്കുന്ന ബൂംറയുടെ തീതുപ്പുന്ന പന്തുകൾ ; ജസ്പ്രീത് സംപ്രീതനായിട്ടില്ല

സ്പോർട്സ് ഡെസ്ക് : “പുഞ്ചിരി ഹാ കുലീനമാം കള്ളം നെഞ്ചു കീറി ഞാൻ നേരിനെ കാട്ടാം ” ……. ചിരിയുടെ അകമ്പടിയോടെയല്ലാതെ കളിക്കളത്തിൽ അയാളെ കാണുക വിരള മായിരിക്കാം. ശാന്തനായ സൗമ്യനായ പോരാളി. ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയിൽ വളരെ വേഗത്തിലാണവൻ ബൂംറ എന്ന് എഴുതിച്ചേർത്തത്. വിക്കറ്റിനെ ചുംബിക്കാൻ മറന്ന് തീയുണ്ട കണക്കെ പന്തുകൾ പാഞ്ഞു പോകുന്ന നിമിഷം ബാറ്റർ തനിക്ക് സംഭവിച്ച പിഴവിൽ നിരാശനാകുമ്പോൾ മറുവശത്ത് ബൂംറയുടെ ചുണ്ടിൽ വിരിയുന്നത് നനുത്ത മന്ദഹാസമാകും. അഗ്രസീവാകുക എന്നത് ക്രിക്കറ്റിൽ ഒരു തന്ത്രമായി അവതരിപ്പിക്കപ്പെടുമെങ്കിലും അയാൾ ശാന്തനായി തന്നെ തിരിഞ്ഞു നടക്കുകയാകും ചെയ്തിട്ടുണ്ടാവുക.

Advertisements

സ്റ്റെപ്പുകൾ കുറച്ച് അൽപ്പം കൂനി പതിയെ നടന്നു നീങ്ങിയ ശേഷം ഗിയർ മാറ്റി വേഗതയിലേക്ക് കുതിച്ചുള്ള ബൗളിംഗ് ശൈലി. അക്തറും ബ്രെറ്റ് ലീയും വഖാർ യൂനിസും എന്തിന് കപിൽ ദേവും ശ്രീനാഥുമൊക്കെ റണ്ണപ്പ് കൂട്ടി പന്തിന്റെ വേഗതയ്ക്കു ഇന്ധനം നിറയ്ക്കുമ്പോൾ കുറഞ്ഞ റണ്ണപ്പിൽ തന്റെ വേഗത കണ്ടെത്തുന്ന ബൂംറ . പുഞ്ചിരിച്ചു കൊണ്ട് ബുംറ പന്തെറിയുമ്പോൾ  ഒരു പക്ഷേ ഉള്ളിൽ നിറഞ്ഞ് പൊന്തുന്നത് വിക്കറ്റ് വിഴ്ത്തുവാനുളള അടങ്ങാത്ത ആവേശത്തിന്റെ രൗദ്ര ഭാവമാകാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2013ല്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഐപിഎല്ലിലെത്തിയതോടെയാണ് ബുംറ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലെത്തുന്നത്.
മലിംഗയ്ക്ക് ശേഷം ഫാസ്റ്റ് ബൗളിംഗിൽ വ്യത്യസ്തമായ ആക്ഷൻ സമ്മേളിക്കുന്ന ബൗളിംഗ് രീതി മലിംഗയെപ്പോലെ തന്നെ ബാറ്റുയർത്താൻ തയ്യാറെടുക്കും മുൻപ് വിക്കറ്റ് വിഴുതെടുക്കുവാൻ കെൽപ്പുള യോർക്കറുകൾ എറിയുവാൻ ശേഷിയുള്ളവൻ. ഐപിഎല്ലിൽ ശ്രദ്ധ നേടിയ യുവ ബൗളറുടെ വളർച്ച കണ്ണടച്ചു തുറക്കും പോലെയായിരുന്നു.തൊട്ടു പിന്നാലെ ഇന്ത്യന്‍ ടീമിലുമെത്തി. യോര്‍ക്കറുകളിലും ഇന്‍സ്വിങ്ങറുകളിലും പ്രാവീണ്യമുള്ള ബുംറ പല ഇന്ത്യന്‍ വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ 4 കിരീട വിജയങ്ങള്‍ക്ക് പിന്നിലും ബുംറയുടെ പങ്കാളിത്തമുണ്ട്. ബൗളിങ്ങില്‍ ഒട്ടേറെ റെക്കോര്‍ഡുകളും സ്വന്തമാക്കി.

ഗുജറാത്തിലെ അഹമ്മദാബാദില്‍ 1993 ഡിസംബര്‍ 6നാണ് ജനനം. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് അഞ്ചു വയസുമുതല്‍ അധ്യാപികയായ അമ്മയാണ് ബുംറയെ വളര്‍ത്തിയത്. അച്ഛന്റെ സ്നേഹവും കരുതലും ബാല്യത്തിൽ തന്നെ നഷ്ടമായതിനാൽ കൂടിയാകാം അമ്മയുടെ വാത്സല്യത്തിന്റെ സ്നേഹ സ്പർശം സൗമ്യത  എന്നിവ കളിക്കളത്തിലും സമ്മേളിച്ചത്. ആക്രമണോത്സുകത പെരുമാറ്റത്തിൽ നിന്നകറ്റി ബൗളിംഗിൽ അപകടം വിതയ്ക്കുന്ന ബൂംറയിൽ ബാല്യകാലത്തിന്റെ നഷ്ടപ്പെടലുകളുടെ നോവ് ഇഴുകി ചേർന്നിരിക്കാം.

2013ല്‍ വിദര്‍ഭയ്ക്കുവേണ്ടി കളിച്ചുകൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെത്തി. ആഭ്യന്തര ക്രിക്കറ്റിലെ മികവോടെ 2013ല്‍ മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ അരങ്ങേറി. 4 തവണ ഐപിഎല്‍ കിരീടത്തില്‍ പങ്കാളിയായി. 2016ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. 2019ലെ ഏകദിന ലോകകപ്പിലും ബൂംറ ഇന്ത്യയ്ക്കുവേണ്ടി കളിച്ചു.

ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളറെന്ന പേരുകേട്ട ജസ്പ്രീത് ബുംറയ്ക്ക്. എല്ലാ ഫോര്‍മാറ്റിലും വിശ്വസനീയ ബൗളറായി മാറാന്‍ കുറഞ്ഞനാള്‍കൊണ്ട് കഴിഞ്ഞു. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബൗളറായ ബുംറയ്ക്ക് എതിരാളികള്‍ ഏറ്റവും ഭയക്കുന്ന താരമായി മാറാന്‍ കഴിഞ്ഞത് വ്യത്യസ്ത ശൈലിയിലുള്ള പന്തേറുകൊണ്ടുകൂടിയാണ്. ടെസ്റ്റിലും ഏകദിനത്തിലും ഐസിസിയുടെ ആദ്യ റാങ്കുകളില്‍ ഇടംപിടിക്കാന്‍ ബുംറയ്ക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ ബൗളിങ് മികവ് വിളിച്ചോതുന്നു.

ഇന്ന് റെക്കോർഡിന്റെ പുത്തൻ മധുരം നുണയുകയാണ് ഈ ഇന്ത്യൻ പേസർ . വിദേശത്തു അതിവേഗം 100 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പേസറായി അദ്ദേഹം മാറി. സൗത്താഫ്രിക്കന്‍ താരം റാസ്സി വാന്‍ഡര്‍ ഡ്യുസെനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ബുംറ 100 വിക്കറ്റുകള്‍ തികച്ചത്. നാലാംദിനത്തിലെ അവസാന ബോളില്‍ കേശവ് മഹാരാജിനെയും ബൗള്‍ഡാക്കി അത് 101 ആക്കി അദ്ദേഹം ഉയര്‍ത്തുകയും ചെയ്തു.

105 ടെസ്റ്റ് വിക്കറ്റുകളാണ് ബുംറയുടെ അക്കൗണ്ടിലുള്ളത്. ഇതില്‍ 101 എണ്ണവും വിദേശത്ത് വച്ച് നേടിയതാണെന്നതാണ് ശ്രദ്ധേയം. നാലെണ്ണം മാത്രമേ നാട്ടില്‍ അദ്ദേഹം വീഴ്ത്തിയിട്ടുള്ളൂ. 2018-19ലെ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലൂടെയായിരുന്നു ബുംറയുടെ ടെസ്റ്റ് അരങ്ങേറ്റം. ഇപ്പോള്‍ അതേ രാജ്യത്തു വച്ച് തന്നെ അദ്ദേഹം വിദേശത്തെ 100  വിക്കറ്റ് നേട്ടവും ആഘോഷിച്ചിരിക്കുകയാണ്.

ആകാശത്തിന്റെ അനന്ത വിഹായസിൽ നിന്നും റൺവേയിലേയ്ക്ക് പറന്നു താഴുന്ന വിമാനം പോലെ , ഉയർന്ന് പൊങ്ങിയ ശേഷം  ചെരിഞ്ഞു താഴ്ന്ന് പറന്ന് ചുണ്ടുകളിൽ ഇര കോർത്ത് പറന്നകലുന്ന കഴുകനെ പോലെ നീട്ടിപ്പിടിച്ച കൈകളിൽ നിന്ന് ചെരിഞ്ഞ് പാഞ്ഞു വന്ന് വിക്കറ്റിനെ കവർന്നെടുക്കുന്ന ബൂംറയുടെ തീതുപ്പുന്ന പന്തുകൾക്ക് ഇനിയും എറിഞ്ഞിടാനുണ്ട് ചരിത്രങ്ങളേറെ. വിക്കറ്റുകളിലേക്ക് അതി തീവ്രതയോടെ കടന്ന് വരുന്ന പന്തുകൾ ഇടയ്ക്കെല്ലാം റെക്കോർഡുകൾ കൂടി തെറിപ്പിച്ചു പായുന്നത് അഭിമാനത്തോടെ കാണുവാൻ നമുക്ക് കാത്തിരിക്കാം …….. ബും ബും ബുംറയുടെ കയ്യിലെ തിരയൊടുങ്ങാത്ത തോക്കുകളിലേക്ക് കണ്ണും നട്ട് ………. ജസ്പ്രീത് ഇന്നും സംപ്രീതനായിട്ടില്ല ….. ഇനിയും വീഴുവാനും വീഴ്ത്തുവാനുമുണ്ട് ഏറെ ഘാതങ്ങൾ താണ്ടുന്ന ലോകം .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.