ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പഴയ തട്ടകത്തിലേക്ക് മടങ്ങാനൊരുങ്ങി രവി ശാസ്ത്രി . ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഐപിഎല്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് രവി ശാസ്ത്രി എത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തന്റെ പഴയ റോളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. തനിക്ക് ഏറ്റവും നന്നായി അറിയാവുന്ന ജോലി എന്ന രവി ശാസ്ത്രി തന്നെ വിശേഷിപ്പിക്കുന്ന കമന്ററിയിലേക്ക് തന്നെയാണ് ശാസ്ത്രിയുടെ മടക്കം.
ഇന്ത്യയുടെ അടുത്തിടെ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ കമന്ററി ബോക്സിൽ ശാസ്ത്രി ഉണ്ടാകും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ആകും ഇന്ത്യ-സൗത്ത് ആഫ്രിക്ക മത്സരങ്ങള്‍ വിലയിരുത്താൻ ശാസ്ത്രി ഉണ്ടാവുക. രവി ശാസ്ത്രിയുടെ വരവറിയിക്കുന്ന പരസ്യവും സ്റ്റാര്‍ പുറത്തിറക്കി കഴിഞ്ഞു. ഇന്ത്യന്‍ ടീമിന്റെ പരിശീലക കുപ്പായം ഒഴിഞ്ഞ ഉടനെ തന്നെ കമന്ററി ബോക്‌സിലേക്ക് ശാസ്ത്രി എത്തുമ്പോള്‍ ടീം ഇന്ത്യയുടെ പിഴവുകളെല്ലാം വ്യക്തമായി ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹത്തിനാവും.