സ്പോർട്സ് ഡെസ്ക്ക് : രാജ്കോട്ടില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. റിട്ടയേർഡ് ഹർട്ടായി കളംവിട്ട യശസ്വി ജയ്സ്വാളിന്റെയും (149 ) ശുഭ്മൻ ഗില്ലിന്റെയും (91) തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് ജയപ്രതീക്ഷ നല്‍കുന്നത്. ജെയ്സ്വാള്‍ ബാറ്റിങ്ങിനായി തിരിച്ചെത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ ലീഡ് 440 പിന്നിട്ടു. സ്കോർ 314 / 4 . അതിവേഗം ലീഡ് ഉയർത്തി ഉച്ചയ്ക്ക് ശേഷം ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് വിടാനായിരിക്കും രോഹിത് ശർമ്മ ശ്രമിക്കുക. സെഞ്ചുറിക്ക് 9 റണ്‍സകലെ ഗില്ലിനെ സ്റ്റോക്സിന്റെ ഫീല്‍ഡിങ് മികവില്‍ ഹാർട്ട്ലി റണ്ണൌട്ടാക്കുകയായിരുന്നു.
ഇംഗ്ലണ്ട് നിരയില്‍ ജോ റൂട്ട്, ടോം ഹാര്ട്ട്ലി എന്നിവര് ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445നെതിരെ ഇംഗ്ലണ്ട് 319ന് പുറത്താവുകയായിരുന്നു. നേരത്തെ 126 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഹ്ലിക്ക് പകരം ആ പൊസിഷനില്‍ കളിക്കാനെത്തിയ രജത് പടിദാർ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രാജ്കോട്ടില്‍ നടത്തിയത്. രണ്ടിന്നിങ്സലും പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ താരത്തിനായില്ല. ആദ്യ ഇന്നിങ്സില്‍ അഞ്ച് റണ്‍സെടുത്ത താരം, രണ്ടാമിന്നിങ്സില്‍ പൂജ്യത്തിനാണ് പുറത്തായത്. ടോം ഹാർട്ട്ലിയാണ് രണ്ടു തവണയും അദ്ദേഹത്തെ പുറത്താക്കിയത്.അതേസമയം, അമ്മയുടെ അനാരോഗ്യം കാരണം ചെന്നൈയിലേക്ക് മടങ്ങിയ രവിചന്ദ്രൻ അശ്വിൻ ഇന്ന് ഇന്ത്യൻ ടീമിനൊപ്പം ചേരും. മത്സരത്തില്‍ അശ്വിന് തുടർന്നും കളിക്കാനാകും. ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിംഗ്സില്‍ അശ്വിന്റെ ബോളിങ് പ്രകടനം നിർണായകമാകും.