സിഡ്നി : ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ മുതിർന്ന താരങ്ങളുടെ ടീമിലെ ഭാവി സംബന്ധിച്ച് പ്രതികരണവുമായി പരിശീലകൻ ഗൗകം ഗംഭീർ.ഒരു താരത്തിന്റേയും ഭാവി സംബന്ധിച്ച് തനിക്ക് പറയാൻ സാധിക്കില്ലെന്ന് പറഞ്ഞ ഗംഭീർ താരങ്ങള്‍ സ്വയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നും കൂട്ടിച്ചേർത്തു. അതേസമയം അവസാന ടെസ്റ്റില്‍ മാറിനില്‍ക്കാനുള്ള രോഹിത്തിന്റെ തീരുമാനത്തെ ഉത്തരവാദിത്തത്തോടെയുള്ള സമീപനമെന്നാണ് ഗംഭീർ വിശേഷിപ്പിച്ചത്.തനിക്ക് ഒരു താരത്തിന്റെയും ഭാവി സംബന്ധിച്ച് പറയാനാകില്ല. അത് അവരുടെ കാര്യമാണ്.
എനിക്ക് പറയാനാകുന്നത് അവർക്ക് ഇപ്പോഴും കളിയോട് അഭിനിവേശമുണ്ട് എന്നതാണ്.-സിഡ്നി ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഗംഭീർ പ്രതികരിച്ചു. അവരുടെ പദ്ധതി എന്തായാലും അത് ടീമിന്റെ മികച്ചതിന് വേണ്ടിയായിരിക്കുമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.ഡ്രസ്സിങ് റൂം സന്തോഷത്തിലാകണമെങ്കില്‍ ഞാൻ എല്ലാവരോടും സത്യസന്ധമായിരിക്കണം. രോഹിത് ശർമ നായകനെന്ന നിലയില്‍ ഉത്തരവാദിത്തത്തോടെയുള്ള സമീപനമാണ് നടത്തിയത്.- ഗംഭീർ പറഞ്ഞു.സിഡ്നി ടെസ്റ്റില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനോട് പരാജയപ്പെട്ടത്. ഇന്ത്യ ഉയർത്തിയ 162 റണ്‍സ് വിജയലക്ഷ്യം ആതിഥേയർ 27 ഓവറില്‍ മറികടന്നു. അതോടെ ബോർഡർ ഗാവസ്കർ പരമ്പര ഇന്ത്യ കൈവിട്ടു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മത്സരം മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്. മൂന്ന് ടെസ്റ്റില്‍ ഓസീസ് ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയിലായി. സിഡ്നി ടെസ്റ്റിലെ തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്താകുകയും ചെയ്തു.