ചെന്നൈ: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ട്വന്റി 20യിലും ഇന്ത്യയ്ക്ക് ഉജ്വല വിജയം. 55 പന്തിൽ അഞ്ചു സിക്സും നാലു ഫോറും പറത്തിയ തിലക് വർമ്മ 72 റണ്ണോടെ ഇന്ത്യയുടെ വിജയശില്പിയായി. രണ്ടാം ട്വന്റി ട്വന്റിയിലും വിജയിച്ചതോടെ പരമ്പരയിൽ ഇന്ത്യ 2-0 ത്തിന് മുന്നിലെത്തി.
സ്കോർ
ഇംഗ്ലണ്ട് – 165-9
ഇന്ത്യ – 166-8
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബൗളിംങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ട്വന്റി 20യിലേതിനു സമാനമായ ബാറ്റിംങ് തകർച്ചയാണ് ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നത്. ജോസ് ബട്ലർ (45) മാത്രമാണ് ഭേദപ്പെട്ട നിലയിൽ ബാറ്റ് ചെയ്തത്. ആറു റൺ എടുത്തപ്പോഴേയ്ക്കും ഫിൽ സാൾട്ട് (4) പുറത്ത്. അർഷദീപ് സിംങിനായിരുന്നു വിക്കറ്റ്. സ്കോർ 26 ൽ എത്തിയപ്പോഴേയ്ക്കും ബെൻ ഡക്കറ്റും (3) വീണു. ഹാരി ബ്രൂക്ക് (13) ക്യാപ്റ്റൻ ബട്ലർക്ക് ഒപ്പം ടീമിനെ മുന്നിലേയ്ക്കു നയിക്കുമെന്നു തോന്നിയ ഘട്ടത്തിൽ വരുൺ ചക്രവർത്തി ബ്രൂക്കിനെ വീഴ്്ത്തി. 77 ൽ ജോസ് ബട്ലറെ അക്സർ പട്ടേൽ തിലക് വർമ്മയുടെ കയ്യിൽ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
90 ൽ ലിവിംങ്സ്റ്റണും (13) , 104 ൽ ജെയിംസ് സ്മിത്തും (22) വീണതോടെ ഇംഗ്ലണ്ട് 150 കടക്കില്ലെന്ന് ആരാധകർ കരുതി. എന്നാൽ, ബ്രൈഡൺ ക്രേസ് 17 പന്തിൽ 31 റൺ അടിച്ച് ടീമിനെ മികച്ച സ്കോറിൽ എത്തിച്ചു. 136 ൽ ഓവർടൺ (5), 137 ൽ ക്രേസ് എന്നിവർ വീണു. എന്നാൽ, ജോഫ്റാ ആർച്ചർ (പുറത്താകാതെ 12), ആദിൽ റഷീദ് (10) എന്നിവർ സ്കോർ 150 കടത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയുടെ മുന്നേറ്റവും പരുങ്ങലോടെ ആയിരുന്നു. കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം നടത്തിയ സാംസണും (5), അഭിഷേക് ശർമ്മയും (12), പുറത്തായതോടെ ഇന്ത്യ പ്രതിസന്ധിയിലായി. പിന്നാലെ ക്രീസിൽ എത്തിയ സൂര്യ (12) വെടിക്കെട്ട് അടിയിലൂടെ കളിയിൽ നഷ്ടമായ ആത്മവിശ്വാസം ഇന്ത്യയ്ക്ക് തിരികെ നൽകി. സൂര്യ പുറത്തായതിന് പിന്നാലെ ജുവറൽ (4), പാണ്ഡ്യ (7) എന്നിവരും അതിവേഗം മടങ്ങി. സുന്ദർ (26) മാത്രമാണ് തിലക് വർമ്മയ്ക്ക് മികച്ച പിൻതുണ നൽകിയത്. സുന്ദറും, അക്സറും (2), അർഷദീപും മടങ്ങിയതോടെ ഇന്ത്യ തോൽവി മണത്തു.
അവസാന രണ്ട് ഓവറിൽ ഇന്ത്യയ്ക്ക് 13 റണ്ണാണ് വേണ്ടിയിരുന്നത്. 19 ആം ഓവറിൽ ഇന്ത്യ ഏഴു റണ്ണാണ് നേടിയത്. ഇതോടെ അവസാന ഓവറിൽ ആറു റണ്ണായി ഇന്ത്യൻ വിജയലക്ഷ്യം. ആദ്യ പന്തിൽ തിലകിന്റെ ഷോട്ട് ബൗണ്ടറി ലൈനിൽ തടഞ്ഞിട്ടെങ്കിലും രണ്ട് റൺ ഓടിയെടുത്തു. രണ്ടാം പന്ത് ബൗണ്ടറിയടിച്ച് തിലക് തന്നെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.