കറാച്ചി : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ വിയര്‍ക്കുന്നതിനിടെ ഇന്ത്യന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് താരം ബാസിത് അലി. ബാറ്ററെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡ് ഇതിഹാസമാണെങ്കിലും പരിശീലകനെന്ന നിലയില്‍ വട്ടപ്പൂജ്യമാണെന്ന് ബാസിത് അലി തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പച്ചപ്പും കണ്ട് ആദ്യ രണ്ട് മണിക്കൂര്‍ എങ്ങനെ പിടിച്ചു നില്‍ക്കുമെന്നോര്‍ത്ത് പേടിച്ച് ടോസ് നേടിയിട്ടും ഓസ്ട്രേലിയയെ ബാറ്റിംഗിന് അയച്ചപ്പോഴെ ഇന്ത്യ തോറ്റുവെന്നും ബാസിത് അലി പറഞ്ഞു. ഫൈനലില്‍ ഇന്ത്യന്‍ ബൗളര്‍മാരെല്ലാം ഐപിഎല്ലിലേതുപോലെയാണ് പന്തെറിഞ്ഞത്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് വേഗം അവസാനിപ്പിച്ച് നാലാം ഇന്നിംഗ്സില്‍ അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കാനെ ഇനി ഇന്ത്യക്കാവു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
120 ഓവര്‍ ഇന്ത്യ ഫീല്‍ഡില്‍ നിന്നപ്പോള്‍ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടോ മൂന്നോ പേര് മാത്രമാണ് കായികക്ഷമത ഉള്ളവരായി തോന്നിച്ചത്. വിരാട് കോലി, രവീന്ദ്ര ജഡേജ, അജിങ്ക്യാ രഹാനെ തുടങ്ങിയവര്‍. മറ്റുള്ളവരെല്ലാം തീര്‍ത്തും ക്ഷീണിതരായിരുന്നു. ഇതിനൊന്നും കളിക്കാരെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമില്ല. ബാറ്ററെന്ന നിലയില്‍ ഇന്ത്യന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡിന്റെ വലിയ ആരാധകനാണ് ഞാന്‍. അത് എക്കാലവും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. ക്ലാസ് താരവും ഇതിഹാസവുമാണ് അദ്ദേഹം.
എന്നാല്‍ കോച്ച് എന്ന നിലയില്‍ ദ്രാവിഡില്‍ എനിക്ക് യാതൊരു മതിപ്പുമില്ല. വട്ടപൂജ്യമാണ് അദ്ദേഹം. ഇന്ത്യ എ ടീമിനായും ജൂനിയര്‍ ടീമുകള്‍ക്കായും അദ്ദേഹം പലതും ചെയ്തിരിക്കാം. പക്ഷെ സീനിയര്‍ ടീം പരിശീലകനെന്ന നിലയില്‍ ഒന്നും നേടാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ പരിശീലിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ ഓസ്ട്രേലിയയിലേക്ക് പോകുന്നത്. അവിടെ ചെല്ലുമ്ബോള് സ്പിന്‍ പിച്ച് കിട്ടില്ലെന്നുറപ്പാണ്. ബൗണ്‍സുള്ള പിച്ചുകളായിരിക്കും കളിക്കാന്‍ ലഭിക്കുക. ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാത്ത എന്ത് പരിശീലകനാണ് അദ്ദേഹം. ദൈവത്തിനെ അറിയു അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന്-ബാസിത് അലി പറഞ്ഞു.