ന്യൂഡല്‍ഹി : വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മായങ്ക് അഗര്‍വാളിനെ ഇന്ത്യൻ ടീമിൽ ഉള്‍പ്പെടുത്തി. പ്ലേയിങ് ഇലവനിലുള്ള മൂന്ന് പേരുള്‍പ്പടെ ഏഴ് പേര്‍ക്കാണ് ഇന്ത്യന്‍ ക്യാമ്പില്‍ കോവിഡ് ബാധിച്ചത്. ഇതോടെയാണ് പകരക്കാരനായി മായങ്കിന് ടീമിലേക്ക് വഴി തുറന്നത്.
ടീമിലുള്ളവരോട് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയെങ്കില്‍ മാത്രം അഹമ്മദാബാദിലേക്ക് മത്സരത്തിനായി യാത്ര ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. ഓപ്പണര്‍ ശിഖര്‍ ധവാന്‍, സ്റ്റാന്‍ഡ്ബൈ ബോളര്‍ നവദീപ് സൈനി, പരിശീലകന്‍ ടി. ദിലിപ്, ബി. ലോകേഷ് എന്നിവര്‍ തിങ്കളാഴ്ച നടന്ന പരിശോധനയില്‍ പോസിറ്റീവ് ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ചത്തെ പരിശോധനയില്‍ റുതുരാജ് ഗെയ്ക്വാദ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ചൊവ്വാഴ്ചത്തെ പരിശോധനയില്‍ താരം പോസിറ്റീവായി. ശ്രേയസ് അയ്യര്‍, മസാജ് തെറപ്പിസ്റ്റ് രാജീവ് കുമാര്‍ എന്നിവര്‍ക്കും പിന്നീട് രോഗം ബാധിച്ചു.
ഫെബ്രുവരി ആറാം തീയതിയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്ക് തുടക്കമാകുന്നത്. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി 20യുമാണ് പരമ്പരയിലുള്ളത്. പരിക്കില്‍ നിന്നും മോചിതനായി ക്യാപ്റ്റൻ രോഹിത് ശര്‍മ ടീമിലേക്ക് മടങ്ങിയെത്തും.