ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം ആടി ഉലയുന്നു : മുഖ്യപരിശീലകന്റെ വേഷത്തിൽ ഗൗതം ഗംഭീര്‍ പരാജയമോ ? ചർച്ചകൾ സജീവം 

ന്യൂഡൽഹി : ഇന്ത്യയുടെ മുഖ്യപരിശീലകന്റെ വേഷം ഗൗതം ഗംഭീര്‍ അണിഞ്ഞിട്ട് ഒരു വര്‍ഷമാകുകയാണ്. വൈറ്റ് ബോളില്‍ ഗംഭീറിന് കീഴില്‍ ഒരു ഐസിസി കിരീടം കൂടി ബിസിസിഐയുടെ ട്രോഫി ക്യാബിനറ്റിലേക്ക് എത്തി.എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീറിന് പ്രതീക്ഷിച്ച ഫലം കൈവരിക്കാൻ സാധിച്ചിട്ടില്ല. 11 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഏഴ് തോല്‍വിയും ഒരു സമനിലയുമാണ് കോച്ചിങ് കരിയറില്‍ എഴുതിച്ചേര്‍ക്കാനായത്. ആ രണ്ട് ജയം സംഭവിച്ചത് ബംഗ്ലാദേശിനെതിരെ ആയിരുന്നുവെന്നതും ഓര്‍ക്കണം.

Advertisements

ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫി കൈവിട്ടതിനും ഉപരിയായി മറ്റൊന്നുണ്ട്. 12 വര്‍ഷത്തിന് ശേഷം സ്വന്തം മണ്ണില്‍ ഒരു പരമ്ബര കൈവിട്ടത്. ഇത് ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നതായിരുന്നു, അതും ന്യൂസിലൻഡിനെതിരെ വൈറ്റ് വാഷ്. ഫുള്‍ സ്ട്രെങ്ത് സ്ക്വാഡുമായി ഇറങ്ങിയായിരുന്നു മൂന്ന് മത്സരത്തിലും തോല്‍വി രുചിച്ചത്. ഇത് ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലിലേക്കുള്ള സാധ്യതയും ഇല്ലാതാക്കി. ഇപ്പോഴിതാ ഇംഗ്ലണ്ട് പര്യടനത്തിന്റെ തുടക്കവും അനുകൂലമാകുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റിലെ പരാജയത്തിന് ശേഷം താരങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുകയായിരുന്നു ഗംഭീര്‍ ചെയ്തത്. ആരെയും കുറ്റപ്പെടുത്താനില്ല, ജയിക്കുന്നതും പരാജയപ്പെടുന്നതും ഒരുമിച്ചായിരിക്കും. ഇതായിരുന്നു ഗംഭീറിന്റെ പ്രതികരണം. അനായാസ ക്യാച്ചുകള്‍ കൈവിട്ട യശസ്വി ജയ്സ്വാളിനും ആറിന് മുകളില്‍ എക്കണോമി വഴങ്ങിയ പ്രസിദ്ധ് കൃഷ്ണയ്ക്കും കവചം തീര്‍ത്തു. പരിചയസമ്ബത്തിന്റെ അഭാവമുള്ളതിനാല്‍ താരങ്ങള്‍ക്ക് സമയം കൊടുക്കണമെന്നും മുന്നിലെത്തിയ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

എന്നാല്‍, പരിശീലകന്റെ റോളില്‍ ഗംഭീറിന് ഇനി അധികസമയമുണ്ടാകുമോയെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. മുൻ ഇന്ത്യൻ താരങ്ങള്‍ പോലും ഗംഭീറിന് നേര്‍ക്ക് വിരല്‍ചൂണ്ടാൻ മടിക്കുന്നില്ല. ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫിക്കിടെ ഡ്രെസിങ് റൂമിലുണ്ടായ നാടകീയ സംഭവങ്ങള്‍ ടീമിനുള്ളിലെ ഒത്തൊരുമയേയും അന്തരീക്ഷത്തേയും ചോദ്യം ചെയ്തിരുന്നു. ഐപിഎല്ലിനിടയിലെ രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും വിരമിക്കലും എന്താണ് സംഭവിക്കുന്നത് എന്ന ആശങ്ക ഉയരുന്നതിന് കാരണമായി.

താരാരാധനയെ പൂര്‍ണമായി എതിര്‍ക്കുന്നയാള്‍, താരങ്ങളേക്കാള്‍ വലുതാണ് ടീമെന്ന് ഉറക്കെപ്പറഞ്ഞവൻ, ഡ്രെസിങ് റൂമില്‍ എല്ലാവരേയും തുല്യമായി പരിഗണിക്കുമെന്ന നിലപാട് സ്വീകരിച്ച വ്യക്തി. ഗംഭീറെന്ന ക്രിക്കറ്റര്‍ തന്റെ കരിയറിലുടനീളം പിന്തുടര്‍ന്ന വരുന്ന ചില കാര്യങ്ങളാണിത്, ഇന്ത്യയുടെ മുഖ്യപരിശീലക വേഷത്തിലും ഇതിന് മാറ്റമില്ല. അതുകൊണ്ട് കോലിയുടേയും രോഹിതിന്റേയും തീരുമാനങ്ങള്‍ക്ക് ഉപരിയായി ടീമിനെന്താണ് ഗുണമെന്നതിലായിരിക്കണം ഗംഭീര്‍ മുൻതൂക്കം നല്‍കിയത്.

ഈ പശ്ചാത്തലത്തില്‍ 2025-27 ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് സൈക്കിളിന് അനുയോജ്യമായ ടീമിനെയാണ് ഗംഭീര്‍ ഒരുക്കിയിരിക്കുന്നതും. ടെസ്റ്റ് മേസ് സ്വന്തമാക്കി ട്രോഫി ക്യാബിനറ്റ് പൂര്‍ണതയിലെത്തിക്കുക എന്ന ലക്ഷ്യവും ബിസിസിഐക്കുണ്ട്. അതിനാലായിരിക്കണം നായകൻ ഗില്ലിന്റേയും ഗംഭീറിന്റേയും ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ടീമിനെ സെലക്ട‍ര്‍മാര്‍ നല്‍കിയതും. ഇവിടെ മത്സരഫലങ്ങള്‍ പ്രതികൂലമാകുമ്ബോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാൻ ഗംഭീറിന് കഴിഞ്ഞേക്കില്ല.

ഹെഡിങ്ലിയിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തുമ്ബോള്‍ വരും മത്സരങ്ങളും എളുപ്പമാകില്ല എന്ന സൂചനയാണ് നല്‍കുന്നത്. പ്രത്യേകിച്ചും ജസ്പ്രിത് ബുംറ അവശേഷിക്കുന്ന നാലില്‍ രണ്ട് മത്സരങ്ങള്‍ മാത്രമെ കളിക്കുകയുള്ള എന്നതും പരിഗണിക്കുമ്ബോള്‍. ഗംഭീറിന് കീഴിലെ തോല്‍വികള്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ നാലാം സ്ഥാനത്തിലേക്ക് പിന്തള്ളപ്പെടുന്നതിലേക്കും വഴിയൊരുക്കി.

ടെസ്റ്റ് ചാമ്ബ്യൻഷിപ്പില്‍ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇന്ത്യയ്ക്ക് അഞ്ച് പരമ്ബരകളാണ് അവശേഷിക്കുന്നത്. ഒക്ടോബറില്‍ വെസ്റ്റ് ഇൻഡീസിനെതിരെയും ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഹോം സീരീസ്. 2026 ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കും പിന്നീട് ന്യൂസിലൻഡിനുമെതിരെ എവെ സീരീസുകള്‍. 2027 ജനുവരിയില്‍ ഓസ്ട്രേലിയക്കെതിരായ ഹോം സീരീസും. ഇതോടെയാണ് സൈക്കിളിലെ ഗ്രൂപ്പ് ഘട്ടം അവസാനിക്കുന്നത്.

2009ന് ശേഷം ന്യൂസിലൻഡില്‍ ഒരു ടെസ്റ്റ് പരമ്ബര വിജയിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ശ്രീലങ്കൻ പര്യടനം കടുപ്പമേറിയതാകാൻ ഇടയില്ല. ഹോം സീരീസുകളിലെ ആധിപത്യം തിരിച്ചുപിടിക്കേണ്ടതുണ്ട്. ഓസ്ട്രേലിയും ദക്ഷിണാഫ്രിക്കയും ഇന്ത്യൻ സാഹചര്യങ്ങളില്‍ മികവ് പുലര്‍ത്തുന്ന ടീമുകള്‍ തന്നെയാണ്. അതുകൊണ്ട് ഓരോ പരമ്ബരയും ഗംഭീറിന് നിര്‍ണായകമാകും.

Hot Topics

Related Articles