തിരിച്ചടിച്ചു പിടിച്ചു നിന്ന ഇന്ത്യയെ ചതിച്ച് മഴയെത്തി; ഒന്നാം ടെസ്റ്റിൽ സെഞ്ച്വറിയുമായി നയിച്ച് സർഫാസ്; അര സെഞ്ച്വറി നേടി പ്രത്യാക്രമണം നയിച്ച് പന്ത് ; ഇന്ത്യ ലീഡിന് തൊട്ടരികിൽ

ബംഗളൂരൂ: ആദ്യ ഇന്നിംങ്‌സിൽ തകർന്നടിഞ്ഞതിന്റെ പ്രതികാരമായി തകർത്തടിച്ച് മുന്നേറുന്ന ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായി മഴയെത്തി. ആദ്യ ദിനം പൂർണമായും കളി കളഞ്ഞ മഴ രണ്ടു ദിവസത്തിന് ശേഷമാണ് ഇപ്പോൾ മടങ്ങിയെത്തുന്നത്. ഇതോടെ ലീഡെടുക്കാമെന്ന ഇന്ത്യയുടെ മോഹങ്ങൾ ഇനിയും വൈകും. നിലവിൽ ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംങ്‌സ് ലീഡിന് 12 റൺ മാത്രം അകലെയാണ് ടീം ഇന്ത്യ. തിരിച്ചടിച്ച് പിടിച്ചു നിന്ന് സെഞ്ച്വറി നേടിയ സർഫാസ് ഖാന്റെയും (154 പന്തിൽ 125), പ്രത്യാക്രമണത്തിലൂടെ അര സെഞ്ച്വറി പൂർത്തിയാക്കിയ പതിവ് പന്താക്രമണത്തിലൂടെയുമാണ് (56 പന്തിൽ 53) ഇന്ത്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംങ്‌സിൽ പ്രതീക്ഷ നിലനിർത്തിയത്. ആദ്യ ഇന്നിംങ്‌സിൽ 46 ന് പുറത്തായ ടീം ഇന്ത്യ രണ്ടാം ഇന്നിംങ്‌സിൽ മഴ കളി തടസപ്പെടുത്തുന്നതിന് തൊട്ട് മുൻപ് വരെയുള്ള സമയം കൊണ്ട് മൂന്നു വിക്കറ്റ് നഷ്ടമാക്കി 344 റൺ എടുത്തിട്ടുണ്ട്. ഇന്നലെ അവസാന പന്തിൽ വിരാട് കോഹ്ലിയെ നഷ്ടമായെങ്കിലും അതിന്റെ ഭയം തെല്ലുമില്ലാതെയാണ് സർഫാസ് ബാറ്റ് വീശിയത്. ഇന്നലെ കളി അവസാനിക്കുമ്പോൾ 70 റണ്ണിൽ നിന്ന സർഫാസ്, ഇന്ന് 110 ആം ബോളിലാണ് സെഞ്ച്വറി സ്വന്തമാക്കിയത്. മൂന്നു സിക്‌സും 13 ഫോറുമാണ് സർഫാസ് പറത്തിയത്. നാലാം വിക്കറ്റിൽ രണ്ടു പേരും ചേർന്ന് 120 പന്തിൽ ഇതുവരെ 100 റൺ ചേർത്തിട്ടുണ്ട്. സർഫാസ് സെഞ്ച്വറി പൂർത്തിയാക്കിയതിനു പിന്നാലെ പന്തും കടന്നാക്രമണം തുടങ്ങി. 55 പന്തിൽ 50 റൺ എടുത്ത പന്ത് മൂന്ന് റൺ കൂടി സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തപ്പോഴേയ്ക്കും രസം കൊല്ലിയായി മഴയെത്തി. എന്തായാലും ആദ്യ ഇന്നിംങ്‌സിലെ കൂട്ടത്തകർച്ചയ്ക്ക് ശേഷം ആരാധകർക്ക് പ്രതീക്ഷ നൽകിയാണ് രണ്ടാം ഇന്നിംങ്‌സിൽ ഇന്ത്യ പൊരുതുന്നത്.

Advertisements

Hot Topics

Related Articles