ചെന്നൈ: സഞ്ജു സാംസണിന് മലയാളികള്‍ മാത്രമല്ല ആരാധകരായിട്ടുള്ളത്. പുറം നാട്ടിലും സഞ്ജുവിന് ഒരുപാട് ആരാധകരുണ്ട്.അതിന് തെളിവാണ് ചെന്നൈയിലെ ചെപോക് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനം .
ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എ ടീമിനെ നയിച്ച സഞ്ജു, ബാറ്റിങ്ങിനായി മൈതാനത്തിലേക്ക് വരുമ്പോള്‍ വിസിലടിച്ചും ആര്‍പ്പ് വിളിച്ചും വരവേല്‍ക്കുന്ന ചെപ്പോക്കിലെ ആരാധകരുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഞ്ജുവിന് ലഭിച്ച ഊഷ്മള വരവേല്പിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സഞ്ജു സാംസണ് നയിച്ച ഇന്ത്യ എ ടീം ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഒന്നാം ഏകദിനത്തില്‍ ഏഴു വിക്കറ്റിന്റെ ഉജ്വല വിജയമാണ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡിനെ 167 റണ്‍സില്‍ ഓള്‍ഔട്ടാക്കിയ ഇന്ത്യ എ 31.5 ഓവറില്‍ ലക്ഷ്യം കണ്ടു.
29 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു സിക്സറിലൂടെയാണ് ടീമിന്റെ വിജയമുറപ്പാക്കിയത്. 20-ാം ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ് പുറത്തായതോടെയാണ് സഞ്ജു ബാറ്റിങ്ങിന് എത്തിയത്. ഈ സമയം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. സഞ്ജു ബാറ്റിങ്ങിനായി ക്രീസിലേക്കു വരുമ്പോഴാണ് ആരാധകര്‍ ഒന്നടങ്കംആവേശത്തോടെ അലറിവിളിച്ച് സ്വീകരിച്ചത്. ‘സഞ്ജൂ, സഞ്ജൂ’ വിളികളാല്‍ മുഖരിതമായിരുന്നു ആ നിമിഷങ്ങള്‍.
സഞ്ജു ക്രീസിലെത്തിയതിനു തൊട്ടുപിന്നാലെ രാഹുല്‍ ത്രിപാഠിയും പുറത്തായെങ്കിലും, പിരിയാത്ത നാലാം വിക്കറ്റില്‍ രജത് പടീദാറിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്താണ് സഞ്ജു ടീമിനെ വിജയത്തിലെത്തിച്ചത്. സഞ്ജു 32 പന്തില്‍ ഒരു ഫോറും മൂന്നു സിക്സും സഹിതം 29 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ സഞ്ജുവിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ബോളര്‍മാരുടെ പ്രകടനം. എന്തായാലും സഞ്ജുവിന്റെ ക്യാപ്റ്റൻസിയും ശ്രദ്ദേയമാവുകയാണ്. ഐപിഎല്ലിൽ രാജസ്ഥാനെ ഫൈനൽ വരെ എത്തിച്ച സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവ് എല്ലാവരും കണ്ടതാണ്. എന്നാൽ കുട്ടി ക്രിക്കറ്റിൽ മാത്രമല്ല ഏകദിനത്തിലും താൻ അനുയോജ്യനായ ക്യാപ്റ്റനാണ് എന്ന് തെളിയിക്കുകയാണ് സഞ്ജു.