ദുബായ്: ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന് സ്ഥാനകയറ്റം. 32കാരനായ യാദവ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി. ഏഷ്യാകപ്പിലെയും മറ്റ് മത്സരങ്ങളിലെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് താരത്തിന്റെ മുന്നേറ്റം. പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ഒന്നാം സ്ഥാനം നിലനിര്‍ത്തി. അതേ സമയം പാക് ക്യാപ്റ്റന്‍ ബാബര്‍ അസം രണ്ടാം സ്ഥാനത്ത് നിന്ന് പിന്തളളപ്പെട്ടു. നിലവില്‍ നാലാം സ്ഥാനത്താണ് ബാബര്‍. ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രം രണ്ടാം സ്ഥാനത്തെത്തി.
ഓസ്ട്രേലിയക്കെതിരെ ചൊവാഴ്ച്ച നടന്ന ടി20യില്‍ മിന്നുന്ന പ്രകടനമാണ് സൂര്യകുമാര്‍ യാദവ് കാഴ്ച്ചവെച്ചത്. 25 പന്തില്‍ 46 റണ്‍സാണ് താരം സ്വന്തമാക്കിയത്. റാങ്കിങ്ങില്‍ ആദ്യ പത്തിലുളള ഏകതാരമാണ് യാദവ്. ഒന്നാം സ്ഥാനത്തുളള റിസ്വാന് 825 പോയിന്റും, രണ്ടാം സ്ഥാനത്തുളള ഏയ്ഡന്‍ 792 പോയിന്റുമാണ് ഉളളത്. മൂന്നാം സ്ഥാനത്തുളള യാദവ് 780 പോയിന്റ് സ്വന്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓള് റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് ഒന്നാമത്. ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യ അഞ്ചാം സ്ഥാനതെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ ഓസ്ട്രേലിയയുടെ ജോസ് ഹേസല്‍വുഡാണ് ഒന്നാം സ്ഥാനത്ത്. അതേ സമയം ആദ്യ പത്തിലുളള ഏക ഇന്ത്യന്‍ ബൗളറായ ഭുവനേശ്വേര്‍ കുമാറിന് രണ്ട് സ്ഥാനം നഷ്ടപ്പെട്ടു. നിലവില്‍ ഒൻപതാം സ്ഥാനത്താണ് ഭുവി.