ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണറായെത്തുക വിരാട് കോഹ്‍ലിയെന്ന് സൂചന നൽകി രാഹുൽ ദ്രാവിഡ്. ഓപ്പണിംഗ് റോളിലേക്ക് ആവശ്യമായ താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട്. എന്നാൽ ആരെ ഓപ്പണറാക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഐപിഎല്ലിൽ രോഹിത് ശർമ്മയും വിരാട് കോഹ്‍ലിയും യശസ്വി ജയ്സ്വാളും ഓപ്പണറുടെ റോളിൽ നന്നായി കളിച്ചതാണെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി. ഈ മൂന്ന് താരങ്ങളുടെയും പേര് മനസിലുണ്ടാവും.
എന്നാൽ ടീമിനെ പ്രഖ്യാപിക്കുന്നത് മത്സരത്തിന് മുമ്പായുള്ള സാഹചര്യങ്ങൾ പരിഗണിച്ചാവും. മികച്ച ടീം കോമ്പിനേഷനെ ഇന്ത്യൻ ടീം കളത്തിലിറക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കി. ലോകകപ്പിന് മുമ്പായുള്ള പരിശീലന മത്സരത്തിൽ രോഹിത് ശർമ്മയുടെ ഓപ്പണറായെത്തിയത് സഞ്ജു സാംസൺ ആണ്. എന്നാൽ വിരാട് കോഹ്‍ലിയുടെ അഭാവത്തിലാണ് താരം ഓപ്പണറായെത്തിയത്. എന്നാൽ പരിശീലന മത്സരത്തിനിറങ്ങാതിരുന്ന യശസ്വി ജയ്സ്വാൾ ഓപ്പണിംഗ് റോളിൽ എത്തില്ലെന്ന് സൂചനകളുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുധനാഴ്ച അയർലൻഡിനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. വിരാട് കോഹ്‍ലി ഈ മത്സരത്തിൽ കളത്തിലിറങ്ങും. അത് ഓപ്പണറുടെ റോളിലാണോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ട്വന്റി 20 ലോകകപ്പിൽ രോഹിത് ശർമ്മയുടെ ഓപ്പണിംഗ് പങ്കാളി വിരാട് കോഹ്‍ലിയാകണമെന്നാണ് ആരാധകരുടെയും മുൻ താരങ്ങളുടെയും ആവശ്യം.