മാഞ്ചെസ്റ്റർ: ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ നാലാംദിനം ആദ്യ സെഷനില്‍ ഇംഗ്ലണ്ട് പുറത്ത്. 157.1 ഓവറില്‍ 669 റണ്‍സിനാണ് ഓള്‍ഔട്ടായത്.311 റണ്‍സിന്റെ കൂറ്റൻ ലീഡ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് ക്രിസ് വോക്സ് എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ ജയ്സ്വാളിനെയും (0) സായ് സുദർശനെയും (0) നഷ്ടമായി. ജയ്സ്വാളിനെ റൂട്ടിന്റെ കൈകളിലേക്കും സുദർശനെ ഹാരി ബ്രൂക്കിന്റെ കൈകളിലേക്കും നല്‍കിയാണ് വോക്സ് രണ്ടാം ഇന്നിങ്സിലെ വേട്ടയ്ക്ക് തുടക്കമിട്ടത്.
തുടർന്ന് ക്രീസില്‍ ഒരുമിച്ച ഓപ്പണർ കെ.എല്‍. രാഹുലും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും നിലയുറപ്പിച്ചു കളിച്ചതോടെ ഇന്ത്യ നാലാംദിനം സ്റ്റമ്ബെടുക്കുമ്ബോള്‍ 63 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ട് ഒന്നാമിന്നിങ്സ് സ്കോറിനൊപ്പമെത്താൻ ഇന്ത്യക്ക് ഇനിയും 137 റണ്‍സ് കൂടി വേണം. അർധസെഞ്ചുറിയോടെ ശുഭ്മാൻ ഗില്ലും (78) കെ.എല്‍. രാഹുലും (87) ക്രീസില്‍ തുടരുന്നു. 62 ഓവർ ക്രീസില്‍ തുടർന്ന് ഇരുവരും ഇന്ത്യയുടെ രക്ഷകരാവുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തേ ജോ റൂട്ടിന്റെയും(150) ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെയും (141) സെഞ്ചുറികളും ഓപ്പണർമാരായ സാക്ക് ക്രോളി (84), ബെൻ ഡക്കറ്റ് (94), ഒലീ പോപ്പ് (71) എന്നിവരുടെ അർധ സെഞ്ചുറികളുമാണ് ഇംഗ്ലണ്ടിന് വലിയ ടോട്ടല്‍ സമ്മാനിച്ചത്. സ്റ്റോക്സ് നേരത്തേ അഞ്ച് വിക്കറ്റുകളും നേടി മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ചു.
തലേന്നാള്‍ ക്രീസില്‍ തുടർന്നിരുന്ന ലിയാം ഡോസനെ (26) ആണ് നാലാംദിനം ആദ്യം മടക്കിയയച്ചത്. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. പിന്നാലെ ബ്രൈഡൻ കാർസിനെ മുഹമ്മദ് സിറാജും ബെൻ സ്റ്റോക്സിനെ രവീന്ദ്ര ജഡേജയും മടക്കി. ഇന്ത്യക്കായി ജഡേജ നാലും വാഷിങ്ടണ്‍ സുന്ദർ, ബുംറ എന്നിവർ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. അരങ്ങേറ്റതാരം അൻഷുല്‍ കംബോജിനും സിറാജിനും ഓരോ വിക്കറ്റ്.
റെക്കോർഡുകള്‍ പലത് കടപുഴക്കിയുള്ള ജോ റൂട്ടിന്റെ സെഞ്ചുറി ഇന്നിങ്സായിരുന്നു മൂന്നാംദിവസത്തെ ഇംഗ്ലണ്ട് ബാറ്റിങ്ങിലെ ഹൈലൈറ്റ്. 248 പന്തുകളില്‍ 150 റണ്‍സാണ് താരം നേടിയത്. നാലാംദിനം ക്യാപ്റ്റൻ സ്റ്റോക്സും സെഞ്ചുറിയുമായി നിറഞ്ഞാടിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി. 198 പന്തുകളില്‍നിന്ന് 11 ഫോറും മൂന്ന് സിക്സും സഹിതമാണ് സ്റ്റോക്സിന്റെ 141 റണ്‍സ്. ഇതോടെ ഒരേ ടെസ്റ്റില്‍ സെഞ്ചുറിയും അഞ്ചുവിക്കറ്റും നേടുന്ന താരമായി സ്റ്റോക്സ് മാറി. സെഞ്ചുറിക്കു ശേഷം സ്കോർവേഗം കൂട്ടിയ സ്റ്റോക്സ് ഒൻപതാമതാണ് മടങ്ങിയത്.
നേരത്തേ ആദ്യ ഇന്നിങ്സില്‍ 114.1 ഓവറില്‍ ഇന്ത്യ 358 റണ്‍സിന് പുറത്തായിരുന്നു. യശസ്വി ജയ്സ്വാളിന്റെയും സായ് സുദർശന്റെയും പരിക്ക് വലച്ച ഋഷഭ് പന്തിന്റെയും അർധ സെഞ്ചുറി മികവാണ് ഇന്ത്യൻ സ്കോർ 350 കടത്തിയത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അഞ്ചുവിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് മികച്ച മുന്നേറ്റമാണ് നടത്തിയത്. ഓപ്പണർമാരായ സാക് ക്രോളിയും ബെൻ ഡക്കറ്റും ചേർന്ന് 166 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. റൂട്ടും ഒലീ പോപ്പും ചേർന്ന മൂന്നാംവിക്കറ്റ് കൂട്ടുകെട്ടില്‍ 144 റണ്‍സ് പിറന്നു. അഞ്ചാം വിക്കറ്റില്‍ റൂട്ടും ബെൻ സ്റ്റോക്സും ചേർന്ന് 150 റണ്‍സ് കൂടി ചേർത്തതോടെ ഇന്ത്യ ലീഡ് വഴങ്ങി.