ലീഡ്സ്: ഇന്ത്യയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ വമ്പൻ ജയവുമായി ഇംഗ്ലണ്ട്. വിജയത്തോടെ ആത്മവിശ്വാസം ഉറപ്പിക്കാൻ ഇറങ്ങിയ യുവ ഇന്ത്യയ്്ക്ക് ഏറ്റ വൻ തിരിച്ചടിയായി ആദ്യ ടെസ്റ്റിലെ തോൽവി. ആദ്യ ഇന്നിംങ്സിൽ സെഞ്ച്വറി നേടിയ ഓലി പോപ്പും (106), ഹാരി ബ്രൂക്കും (99), രണ്ടാം ഇന്നിംങ്സിൽ സെഞ്ച്വറി നേടിയ ബെൻ ഡക്കറ്റും (149), ജോ റൂട്ടും (53), സാക്ക് ക്രാവ്ലിയും(65) ആണ് ഇംഗ്ലണ്ടിന്റെ വിജയശില്പികൾ. രണ്ട് ഇന്നിംങ്സിലും മൂർച്ചയില്ലാതെ പോയ ഇന്ത്യൻ ബൗളിംങും, ചീട്ട് കൊട്ടാരം പോലെ തകർന്നു വീണ ഇന്ത്യൻ വാലറ്റത്തിന്റെ ബാറ്റിംങുമാണ് ആദ്യ ടെസ്റ്റിലെ തോൽവിയ്ക്ക് കാരണം. ആദ്യ ഇന്നിംങ്സിൽ 430 ന് നാല് എന്ന നിലയിൽ നിന്ന ഇന്ത്യ 471 ന് എല്ലാവരും പുറത്തായിരുന്നു. രണ്ടാം ഇന്നിംങ്സിൽ 333 ന് അഞ്ച് എന്ന നിലയിൽ നിന്നാണ് 364 ന് ഇന്ത്യയുടെ എല്ലാവരും പുറത്തായത്.
ഇന്ത്യ ആദ്യ ഇന്നിംങ്സിൽ ഉയർത്തിയ 471 ന് എതിരെ ഇംഗ്ലണ്ട് 465 റണ്ണാണ് മറുപടിയായി ഉയർത്തിയത്. രണ്ടാം ഇന്നിംങ്സിൽ ഇന്ത്യ 364 റൺ എടുത്ത് 371 എന്ന ടോട്ടൽ ഇംഗ്ലണ്ടിന് സമ്മാനിച്ചു. ഇന്ന് വിക്കറ്റ് നഷ്ടമില്ലാതെ 21 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംങ് ആരംഭിച്ചത്. ആദ്യ സെഷനിൽ ഇന്ത്യൻ ബൗളർമാർക്ക് തെല്ലും അവസരം നൽകാതെയാണ് ഇംഗ്ലീഷ് ഓപ്പണർമാർ തകർത്തടിച്ചത്. 16 ഓവറിൽ 50 തികച്ച ഇംഗ്ലണ്ട് , പിന്നീട് ഗിയർ മാറ്റി ആക്രമിക്കുകയായിരുന്നു. ആദ്യ അൻപത് റൺ എടുക്കാൻ 16 ഓവറെടുത്ത ഇംഗ്ലീഷ് ഓപ്പണർമാർ 24 ആം ഓവറിന്റെ മൂന്നാം പന്തിൽ 100 തികച്ചതോടെ ലക്ഷ്യം വ്യക്തമായി. ലഞ്ചിന് കളി പിരിയുമ്പോൾ വിക്കറ്റ് നഷ്ടമിക്കാതെ 117 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലഞ്ചിന് ശേഷം തിരിച്ചെത്തിയ ഡക്കറ്റ് ആദ്യം സെഞ്ച്വറി തികച്ചു. 121 പന്തിലായിരുന്നു ഡക്കറ്റിന്റെ സെഞ്ച്വറി. ഇടയ്ക്ക് മഴയെത്തിയെങ്കിലും ഇംഗ്ലീഷ് റൺ മലകയറ്റം തടയാൻ ആ മഴയ്ക്ക് കരുത്തുണ്ടായിരുന്നില്ല. മഴയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ ആശ്വാസം ലഭിച്ചത്. സെഞ്ച്വറിയിലേയ്ക്കു കുതിയ്ക്കുകയായിരുന്ന സാക്ക് ക്രാവ്ലിയെ(65) വീഴ്ത്തിയ പ്രതീഷ് കൃഷ്ണ ഇന്ത്യയ്ക്ക് വലിയ ആശ്വാസം നൽകി. വെടിയുണ്ട പോലെ എത്തിയ ക്യാച്ച് രാഹുൽ വളരെ ആയാസകരമായാണ് കയ്യിലൊതുക്കിയത്.
ഇംഗ്ലീഷ് സ്കോർ 200 കടന്നതിന് പിന്നാലെ വീണ്ടും പ്രതീഷ് കൃഷ്ണ ആഞ്ഞടിച്ചു. അപ്രതീക്ഷിത സ്വിങ് ലഭിച്ച പന്തിൽ ഓലി പോപ്പ് (8) ക്ലീൻ ബൗൾഡ്. ബുംറയും, സിറാജും, ജഡേജയും എറിഞ്ഞ് തളർന്ന പിച്ചിൽ ഇന്ത്യയ്ക്ക് വീണ്ടും ബ്രേക്ക് ത്രൂ നൽകിയത് താക്കൂറായിരുന്നു. ഒന്നര സെഞ്ച്വറിയിലേയ്ക്ക് കുതിച്ച ഡക്കറ്റിനെ (149) നിതീഷിന്റെ കയ്യിൽ എത്തിച്ച് താക്കൂറിന്റെ ഒന്നൊന്നര ബ്രേക്ക് ത്രൂ ഇന്ത്യയെ ആശ്വാസത്തിന്റെ പരകോടിയിൽ എത്തിച്ചു. തൊട്ടടുത്ത പന്തിൽ ഹാരി ബ്രൂക്കിനെ (0) പന്തിന്റെ കയ്യിലേയ്ക്ക് നൽകി താക്കൂൽ വിമർശനങ്ങൾക്ക് മറുപടി നൽകി. സ്കോർ 300 കടന്ന ശേഷം ബെൻ സ്റ്റോക്ക്സിനെ (33) വീഴ്ത്തിയ ജഡേജ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും, ആക്രമണവും പ്രതിരോധവും സമം ചേർത്ത് ജോ റൂട്ടും (53), ജാമി സ്മിത്തും (36) ചേർന്ന് ഇംഗ്ലണ്ടിനെ വിജയത്തിൽ എത്തിച്ചു. ആദ്യ ഇന്നിംങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബുംറയ്ക്ക് രണ്ടാം ഇന്നിംങ്സിൽ ഒരു വിക്കറ്റ് പോലും നേടാനായില്ല.