ബ്രിസ്‌ബേൻ: ഗാബയിൽ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. 445 റണ്ണിന് ഓസീസ് നിരയിലെ എല്ലാവരും പുറത്തായെങ്കിലും മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് 27 റൺ എടുത്തപ്പോഴേയ്ക്കും മൂന്നു വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു. ജയ്‌സ്വാളും, ഗില്ലും, കോഹ്ലിയുമാണ് ക്രീസ് വിട്ടത്. രണ്ടര ദിവസത്തോളം ശേഷിക്കുന്നതിനിടെ അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഇന്നിംങ്‌സ് തോൽവിയായിരിക്കും. ഇന്ത്യൻ ബാറ്റിംങ് തുടങ്ങി ഒൻപത് ഓവർ ആയപ്പോഴേയ്ക്കും മഴയെത്തിയത് മാത്രമാണ് ആരാധകകർക്ക് ആശ്വാസം നൽകുന്ന ഒരു കാര്യം ഗാബയിൽ സംഭവിച്ചത്.
ആദ്യ ദിനം മഴയെടുത്ത മത്സരത്തിൽ രണ്ടാം ദിനം പൂർണമായും ഓസീസിന്റെ കയ്യിലായിരുന്നു. രണ്ടാം ദിനം 405 ന് ഏഴ് എന്ന നിലയിലാണ് ഓസീസ് ബാറ്റിംങ് അവസാനിപ്പിച്ചത്. മൂന്നാം ദിനം ബാറ്റിംങ് ആരംഭിച്ച ഓസീസ് 45 റൺ കൂടി കൂട്ടിച്ചേർത്താണ് ബാറ്റിംങ് അവസാനിപ്പിച്ചത്. മിച്ചൽ സ്റ്റാർക്ക് (18), നതാൻ ലയോൺ (2), അലക്‌സ് കാരി (70) എന്നിവരാണ് മൂന്നാം ദിനം ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തി നിന്നത്. 28 ഓവർ ബൗൾ ചെയ്ത ബുംറ ആറു വിക്കറ്റാണ് വീഴ്ത്തിയത്. സിറാജ് രണ്ടും ആകാശ്ദീപും, നിതീഷ് കുമാർ റെഡിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് രണ്ടാം പന്തിൽ തന്നെ ജയ്‌സ്വാളിനെ (4) നഷ്ടമായി. ആദ്യ പന്ത് ഫോറടിച്ചെങ്കിലും രണ്ടാം പന്തിൽ മിച്ചൽ മാർഷിനു പിടി നൽകിയാണ് ജയ്‌സ്വാൾ മടങ്ങിയത്. രണ്ട് റൺ കൂടി സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തപ്പോൾ ഗില്ലും (1) മടങ്ങി. മൂന്ന് പന്ത് മാത്രമായിരുന്നു ഗില്ലിന്റെ ആയുസ്. സ്റ്റാർക്കിന്റെ പന്തിൽ മാർഷിന് തന്നെ ക്യാച്ച്. 16 പന്ത് വളരെ ശ്രദ്ധിച്ചു കളിച്ച വിരാട് കോഹ്ലി തന്റെ വീക്ക്‌നസിൽ വീണ്ടും വീണു. ഓഫ് സ്റ്റമ്പിന് പുറത്ത് പോകുന്ന പന്തിൽ ബാറ്റ് വച്ച് വിരാട് വിക്കറ്റ് കീപ്പർ അല്ക്‌സ് കാരിയ്ക്ക് ക്യാച്ച് നൽകി മടങ്ങി. ജോഷ് ഹേസൽ വുഡിനായിരുന്നു വിക്കറ്റ്. 33 പന്തിൽ 14 റൺ നേടിയ രാഹുൽ ഒരു വശത്ത് പൊരുതി നിൽക്കുന്നുണ്ട്. മറു വശത്ത് രണ്ട് പന്തിൽ നാലു റണ്ണുമായി റിഷഭ് പന്തും ഉണ്ട്. എന്നാൽ, മത്സരം എത്രത്തോളം മുന്നോട്ട് പോകും എന്നാണ് ഇനി കാത്തിരിക്കുന്നത്.