ചെന്നൈ : ലോകകപ്പില്‍ ഓസ്ട്രേലിയയുമായുള്ള ആദ്യ പോരാട്ടത്തല്‍ റണ്‍ചേസില്‍ വന്‍ തകര്‍ച്ചയാണ് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യക്കു നേരിടേണ്ടി വന്നത്. 200 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കു കൂട്ടത്തകര്‍ച്ചയാണ് നേരിട്ടത്. രണ്ടാം ഓവര്‍ കഴിയുമ്ബോഴേക്കും രണ്ടു റണ്‍സിനിടെ മൂന്നൂ വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ വന്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയായിരുന്നു. ഇന്ത്യയുടെ ടോപ്പ് ഫോറിലെ മൂന്നു താരങ്ങളും പൂജ്യത്തിനു ക്രീസ് വിടുകയായിരുന്നു. ഇവരില്‍ രണ്ടു പേര് ഗോള്‍ഡന്‍ ഡെക്കുമായിരുന്നു. ഇഷാന് കിഷന്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരാണ് അക്കൗണ്ട് തുറക്കും മുമ്ബ് ക്രീസ് വിട്ടത്. ഇതോടെ നാണക്കേടിന്റെ റെക്കോര്‍ഡ് ഇന്ത്യന്‍ ടീമിനെയും ക്യാപ്റ്റന്‍ രോഹിത്തിനെയും തേടിയെത്തുകയും ചെയ്തിരിക്കുകയാണ്.
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇന്ത്യയുടെ ടോപ്പ് ഫോറിലെ മൂന്നു താരങ്ങളും പൂജ്യത്തിനു പുറത്തായത്. ക്യാപ്റ്റന്‍ രോഹിത്തും നാണക്കേടിന്റെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ ഡെക്കായി മടങ്ങിയ മൂന്നാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി ഹിറ്റ്മാന് മാറി. നേരത്തേ മുഹമ്മദ് അസ്ഹറുദ്ദീന് രണ്ടു തവണ ഡെക്കായി ക്രീസ് വിട്ടപ്പോള്‍ സൗരവ് ഗാംഗുലി ഒരു തവണയും പൂജ്യത്തിനു വിക്കറ്റ് കൈവിട്ടിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1992ല്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നടന്ന ലോകകപ്പ് മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരേ അസ്ഹറാണ് ആദ്യമായി പൂജ്യത്തിനു മടങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍. 1996ലെ അടുത്ത ലോകകപ്പിലും അസ്ഹര്‍ ഈ നാണക്കേട് ആവര്‍ത്തിക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ ശ്രീലങ്കയ്ക്കെതിരേയാണ് അക്കൗണ്ട് തുറക്കും മുമ്ബ് അസ്ഹര്‍ വിക്കറ്റ് കൈവിട്ടത്.
ഇതിനു ശേഷം 2003ല്‍ സൗത്താഫ്രിക്ക വേദിയായ ലോകകപ്പിലായിരുന്നു ഗാംഗുലിയും ഡെക്കായി നാണക്കേടിന്റെ ലിസ്റ്റില്‍ ഇടം പിടിച്ചത്. അന്നു സെഞ്ചൂറിയനില്‍ നടന്ന കളിയില്‍ ചിരവൈരികളായ പാകിസ്താനുമായുള്ള പോരാട്ടത്തിലാണ് ദാദ ഫ്ളോപ്പായത്. ഇപ്പോഴിതാ 20 വര്‍ഷങ്ങള്‍ക്കു ശേഷം രോഹിത്തും ദാദയുടെ പിന്‍ഗാമിയായി മാറിയിരിക്കുകയാണ്.
അതേസമയം, ചെപ്പോക്കില്‍ ഓസീസ് നല്കിയ 200 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ വളരെ അനായാസം മറികടക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. പക്ഷെ ഇവയെല്ലാം തകിടം മറിക്കുന്ന ബാറ്റിങായിരുന്നു ഇന്ത്യന്‍ മുന്‍നിര കാഴ്ചവച്ചത്. മിച്ചെല്‍ സ്റ്റാര്‍ക്കെറിഞ്ഞ ആദ്യ ഓവറിലെ നാലാമത്തെ ബോളില്‍ ഇഷാനാണ് ആദ്യമായി പൂജ്യത്തിനു പുറത്തായത്.ഓഫ്സ്റ്റംപിന് പുറത്തുകൂടെ പോയ തീര്‍ത്തും നിരുപദ്രവകാരിയായ ബോളില്‍ ഇഷാന് അനാവശ്യ ഷോട്ടിനു തുനിയുകയായിരുന്നു. മുന്നിലേക്കാഞ്ഞ് ഒരു ഡ്രൈവിനായിരുന്നു ഇഷാന്റെ ശ്രമം. പക്ഷെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ ആദ്യ സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന്റെ കൈകളിലേക്കാണ് പോയത്. അദ്ദേഹം അതു അനായാസം പിടികൂടുകയും ചെയ്തു.
അടുത്ത ഓവര്‍ ജോഷ് ഹേസല്‍വുഡിനായിരുന്നു. സ്ട്രൈക്ക് നേരിട്ട രോഹിത്തിനു ആദ്യത്തെ രണ്ടു ബോളിലും റണ്ണൊന്നുമെടുക്കാനായില്ല. മൂന്നാമത്തേത് ഒരു ഇന്‍സ്വിങറായിരുന്നു. അതു പ്രതിരോധിക്കാനായിരുന്നു രോഹിത് ശ്രമിച്ചത്. പക്ഷെ പിച്ച് ചെയ്ത് അകത്തേക്കു വന്ന ബോള്‍ രോഹിത്തിന്റെ പാഡുകളില്‍ പതിക്കുകയായിരുന്നു. ഓസീസ് താരങ്ങളുടെ അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. രോഹിത് ഇതിനെതിരേ റിവ്യു എടുത്തെങ്കിലും തേര്‍ഡ് അംപയര്‍ തീരുമാനം ശരിവച്ചതോടെ ചെപ്പോക്ക് സ്റ്റേഡിയം നിശബ്ധമായി.
ശ്രേയസായിരുന്നു നാലാമനായി ക്രീസിലെത്തിത്. ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെ ശ്രദ്ധയോടെ കളിക്കുന്നതിനു പകരം അലക്ഷ്യമായ ഷോട്ട് കളിച്ച് ശ്രേയസ് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ലെങ്ത്ത് ബോളില്‍ ശ്രേയസ് ആഞ്ഞുവീശുകയായിരുന്നു. കവര്‍ ഏരിയയില്‍ ഡേവിഡ് വാര്‍ണറുടെ കൈകളിലേക്കാണ് ബോള്‍ വന്നത്. അദ്ദേഹം അതു പിടികൂടിയതോടെ ഇന്ത്യ രണ്ടു റണ്‍സിനു മൂന്നു വിക്കറ്റെന്ന പരിതാപകരമായ അവസ്ഥയിലേക്കു വീഴുകയും ചെയ്തു.