ദുബായ്: ഹസ്തദാന വിവാദം കെട്ടടങ്ങും മുൻപേ ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ വീണ്ടും നേർക്കുനേർ വരികയാണ്.ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് സൂപ്പർ ഫോർ മത്സരം. ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തിന്റെയും, ഇതിനകം ഉടലെടുത്ത വിവാദങ്ങളുടെയും പശ്ചാതലത്തില്‍ കളിക്കാരുടെ സമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നതിനായി പാകിസ്താൻ ഒരു സൈക്കോളജിസ്റ്റിനെ നിയമിച്ചതായാണ് റിപ്പോർട്ട്.
പാക് മാധ്യമ റിപ്പോർട്ടുകള്‍ പ്രകാരം, ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി കളിക്കാരുടെ സമ്മർദം നിയന്ത്രിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സമ്മർദ ഘട്ടങ്ങളില്‍ സംയമനം പാലിക്കാനും സഹായിക്കുന്നതിനായി പിസിബി ഡോ. റഹീല്‍ കരീമിന്റെ സേവനം തേടിയിരിക്കുകയാണ്. അതേസമയം വൻ പോരാട്ടത്തിന് മുന്നോടിയായി പാകിസ്താൻ ടീം വാർത്താസമ്മേളനം വീണ്ടും റദ്ദാക്കി. യുഎഇക്കെതിരായ കഴിഞ്ഞ മത്സരത്തിന് മുൻപും പാകിസ്താൻ വാർത്താസമ്മേളനം റദ്ദാക്കിയിരുന്നു.