റാവല്‍പിണ്ടി: ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്താനെ അവരുടെ തട്ടകത്തില്‍ തകർത്ത് ബംഗ്ലാദേശ്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന, പരമ്ബരയിലെ ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ജയം. ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് പാകിസ്താനെതിരേ ടെസ്റ്റ് ജയിക്കുന്നത്. ഇരുരാജ്യങ്ങളും മുൻപ് 13 തവണ ടെസ്റ്റില്‍ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും പാകിസ്താനായിരുന്നു ജയം; ഒരു സമനിലയും.
ആദ്യം ബാറ്റുചെയ്ത പാകിസ്താന് മികച്ച തുടക്കമാണ് കിട്ടിയത്. സൗദ് ഷക്കീലിന്റെയും മുഹമ്മദ് റിസ്വാന്റെയും സെഞ്ചുറിയുടെ ബലത്തില്‍ ആദ്യ ഇന്നിങ്സില്‍ 448 റണ്‍സെടുത്തു. ആറുവിക്കറ്റ് നഷ്ടപ്പെട്ടുനില്ക്കേ, ക്യാപ്റ്റൻ ഷാൻ മസൂദ് ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചു. എന്നാല്‍, അതിലും മികച്ച നിലവാരത്തോടെ മറുപടി നല്കാൻ ബംഗ്ലാ ബാറ്റർമാർക്കായി. മുഷ്ഫിഖുർറഹീമിന്റെ സെഞ്ചുറിയും (191 റണ്‍സ്) ശദ്മൻ ഇസ്ലാമിന്റെ ഇന്നിങ്സും (93) ബംഗ്ലാദേശിനെ 565 റണ്‍സിലെത്തിച്ചു. ഇതിനിടെ പത്തുവിക്കറ്റും വീണു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ പാകിസ്താൻ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 117 റണ്‍സ് ലീഡുള്ള ബംഗ്ലാദേശിനെതിരേ 146 റണ്‍സെടുക്കുന്നതിനിടെത്തന്നെ പാക് ബാറ്റർമാർ വിക്കറ്റുകള്‍ കളഞ്ഞു. 53 റണ്‍സെടുത്ത റിസ്വാൻ മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. നാലുവിക്കറ്റ് നേടിയ മെഹിദി ഹസൻ മിറാസും മൂന്ന് വിക്കറ്റ് നേടിയ ഷാക്കിബുമാണ് പാകിസ്താനെ ചെറിയ സ്കോറിലൊതുക്കിയത്.
പത്തുവിക്കറ്റ് ശേഷിക്കേ 30 റണ്‍സ് മാത്രമായിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. വിക്കറ്റ് കളയാതെ ഓപ്പണർമാർ ആ ലക്ഷ്യം ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു. സാക്കിർ ഹസനും ഷദ്മൻ ഇസ്ലാമും ചേർന്ന് 6.3 ഓവറില്‍ 30 റണ്‍സ് നേടിയതോടെ ബംഗ്ലാദേശ് ടെസ്റ്റില്‍ മറ്റൊരു ചരിത്രമെഴുതി.