ലഖ്‌നൗ: ലഖ്‌നൗവിനെ തകർത്ത് പോയിന്റ് പട്ടികയിൽ ആർസിബി രണ്ടാമത് എത്തിയതോടെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഈ സീസണിലെ പ്ലേ ഓഫ് ലൈനപ്പായി. ഒന്നാം സ്ഥാനക്കാരായി പഞ്ചാബും, നാലാം സ്ഥാനക്കാരായി മുംബൈയും പോയിന്റ് പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് കിടിലൻ റൺ ചേസിലൂടെ ആർസിബി ലഖ്‌നൗവിനെ തകർത്തതോടെ രണ്ടാം സ്ഥാനക്കാരായി ആർസിബിയും മൂന്നാം സ്ഥാനക്കാരായി ഗുജറാത്തും പ്ലേ ഓഫിൽ എത്തി. ഇതോടെ ആദ്യ ക്വാളിഫൈയറിൽ ആർസിബി പഞ്ചാബിനെ നേരിടും. ഈ മത്സരത്തിൽ വിജയിക്കുന്നവർ നേരിട്ട് ഫൈനലിന് യോഗ്യത നേടും. ആദ്യ എലിമിനേറ്ററിൽ മുംബൈ ഗുജറാത്തിനെയും നേരിടും.
ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ആർസിബി ലഖ്‌നൗവിനെ ബാറ്റിംങിന് അയക്കുകയായിരുന്നു. 25 റൺ സ്‌കോർ ബോർഡിൽ കയറിയപ്പോഴേയ്ക്കും ലഖ്‌നൗവിന് ആദ്യ വിക്കറ്റ് നഷ്ടമായി. മാത്യു ബ്രിട്ടക്‌സിനെ(14) നുവാൻ തുഷാര ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു. പകരമെത്തിയ റിഷഭ് പന്ത് വെടിക്കെട്ട് ഫോമിലായിരുന്നു. തൊട്ടപന്തെല്ലാം അതിർത്തി കടത്തിയ പന്ത് 61 പന്തിൽ 118 നേടി പുറത്താകാതെ നിന്നതോടെയാണ് ലഖ്‌നൗ 200 കടന്നത്. എട്ടു സിക്‌സർ പറത്തിയ പന്ത് 11 ഫോറും അടിച്ചു. പന്തിന് മികച്ച കൂട്ട് നൽകി ഓപ്പണർ മിച്ചൽ മാർഷും തകർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
37 പന്തിൽ 67 റണ്ണടിച്ച മാർഷിനെ സ്‌കോർ 177 ൽ നിൽക്കെ ഭുവനേശ്വർ കുമാർ ജിതേഷ് ശർമ്മയുടെ കയ്യിലെത്തിക്കുകയായിരുന്നു. അവസാന ഓവറിന്റെ അഞ്ചാം പന്തിൽ പുറത്താകും വരെ നിക്കോളാസ് പൂരാൻ (10 പന്തിൽ 13) പന്തിന്റെ വെടിക്കെട്ടിന് കാവൽനിൽക്കുകയായിരുന്നു. റൊമാരിയോ ഷെപ്പേർഡാണ് പൂരാനെ പുറത്താക്കിയത്. മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കിയാണ് ലഖ്‌നൗ 20 ഓവറിൽ 227 റൺ നേടിയത്.
മറുപടി ബാറ്റിംങ് ആരംഭിച്ച ആർസിബിയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിംങാണ് ഓപ്പണർമാർ കാഴ്ച വച്ചത്. 19 പന്തിൽ നിന്നും 30 റൺ എടുത്ത ഫിൽ സാൾട്ട് ആകാഷ് സിംങ്ങിന്റെ പന്തിൽ ധ്രുവ് രാത്തി പിടിച്ച് പുറത്താകുമ്പോൾ ആർസിബിയുടെ സ്‌കോർ 61 ൽ എത്തിയിരുന്നു. പട്ടിദാറുമായി കോഹ്ലി പാർട്ണർഷിപ്പ് ഉയർത്തിവരുന്നതിനിടെ അടുപ്പിച്ച് രണ്ട് വിക്കറ്റ് നഷ്ടമായി. പട്ടിദാറും (14) , ലിയാം ലിവിംങ്സ്റ്റണും (0) സ്‌കോർ 90 ൽ നിൽക്കെ പുറത്തായത് ആർസിബിയ്ക്ക് തിരിച്ചടിയായി. പിന്നാലെ, വിരാട് കോഹ്ലി വിശ്വരൂപം പ്രാപിച്ചു. 30 പന്തിൽ 10 ഫോർ അടിച്ച കോഹ്ലി 54 റണ്ണെടുത്താണ് പുറത്തായത്. ആവേശ് ഖാന്റെ ബദോണിയ്ക്ക് ക്യാച്ച് നൽകി പുറത്താകുമ്പോൾ സ്‌കോർ 123 ൽ എത്തിയിരുന്നു.
എല്ലാവരും പതിവ് ആർസിബിയെ പ്രതീക്ഷിച്ചിരിക്കെ, പിന്നീട് കണ്ടത് ഓൾ ഔട്ട് അറ്റാക്കായിരുന്നു. ആക്രമണവും ഭാഗ്യവും കൂടി ഒന്നിച്ചതോടെ മായങ്ക് അഗർവാളും , ജിതേഷ് ശർമ്മയും ചേർന്നാണ് ടീമിനെ വിജയത്തിലേയ്ക്കു പറപ്പിച്ചത്. ഒരു റണ്ണൗട്ടിൽ നിന്നും, ക്യാച്ചെടുത്ത പന്ത് നോബോളായതോടെ ഓട്ടിൽ നിന്നും, ദിഗ്വേഷ് റാത്തിയുടെ മങ്കാദിങ്ങിൽ നിന്നും ഈ സഖ്യം രക്ഷപെട്ടതോടെയാണ് ആർസിബി കിടിലൻ വിജയം സ്വന്തമാക്കിയത്. 33 പന്ത് മാത്രം നേരിട്ട ജിതേഷ് ശർമ്മ ആറു സിക്‌സും എട്ട് ഫോറും പറത്തിയാണ് 85 റൺ എടുത്തത്. 23 പന്തിൽ 41 റൺ എടുക്കാൻ മായങ്ക് അഗർവാൾ അഞ്ചു ഫോറാണ് അടിച്ചത്.