സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണില്‍ ഗുജറാത്ത് ടൈറ്റൻസ് താരം മുഹമ്മദ് ഷമി കളിക്കില്ല എന്ന് റിപ്പോർട്ടുകള്‍. കണങ്കാലിനേറ്റ പരിക്ക് മൂലമാണ് ഷമി ഐപിഎല്ലില്‍ നിന്ന് മാറിനില്‍ക്കാൻ തീരുമാനിച്ചിരിക്കുന്നത്.2023 ഏകദിന ലോകകപ്പിന്റെ സമയത്തായിരുന്നു ഷാമിക്ക് പരിക്കേറ്റത്. ശേഷം ഇന്ത്യക്കായോ ആഭ്യന്തര ക്രിക്കറ്റിലോ മുഹമ്മദ് ഷാമി കളിച്ചിട്ടില്ല. ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ ഫൈനല്‍ മത്സരത്തിലാണ് അവസാനമായി ഇന്ത്യൻ ടീമില്‍ ഷാമി അണിനിരന്നത്. ശേഷമാണ് ഇപ്പോള്‍ ബിസിസിഐ വൃത്തം ഷാമി ഐപിഎല്ലില്‍ നിന്ന് മാറിനില്‍ക്കും എന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.
“ജനുവരി അവസാന ആഴ്ച ഷാമി ലണ്ടനിലാണ് ഉണ്ടായിരുന്നത്. കണങ്കാലിന് ഇഞ്ചക്ഷനുകള്‍ എടുക്കാനും മറ്റുമായിയാണ് ഷമി ലണ്ടനിലേക്ക് പുറപ്പെട്ടത്. ശേഷം മൂന്ന് ആഴ്ചകള്‍ക്കകം തന്നെ ഷമിക്ക് പരിശീലനത്തിലേക്ക് തിരികെയെത്താൻ സാധിക്കും എന്നാണ് കരുതിയിരുന്നത്.” “എന്നാല്‍ കണങ്കാലിന് എടുത്ത ഇഞ്ചക്ഷൻ കൃത്യമായ രീതിയില്‍ പ്രവർത്തിക്കാതെ വരികയും, ശേഷം വിദഗ്ധർ സർജറിക്ക് ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉടൻ തന്നെ ഷമി യുകെയിലേക്ക് സർജറിക്കായി പുറപ്പെടും. അതിനാല്‍ ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഷമി കളിക്കാൻ സാധ്യതയില്ല.