ഡല്‍ഹി : ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിന് മാർച്ച് 22ന് തുടങ്ങുമെന്നു ലീഗ് ചെയർമാൻ അരുണ്‍ ധുമാല്‍ അറിയിച്ചു.എല്ലാ മത്സരങ്ങളും ഇന്ത്യയില്‍ തന്നെ നടക്കും. ആദ്യ 15 ദിവസത്തെ ഷെഡ്യൂള്‍ മാത്രമാകും പുറത്തുവിടുകയെന്നും ബാക്കി മത്സരങ്ങളുടേത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐ.പി.എല്ലിന്റെ 17ാം എഡിഷൻ എന്ന് തുടങ്ങുമെന്നതിനെ കുറിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു.
‘മാർച്ച് 22ന് ടൂർണമെന്റ് ആരംഭിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ സർക്കാർ ഏജൻസികളുമായി ബന്ധപ്പെടുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം പ്രാരംഭ ഷെഡ്യൂള്‍ പുറത്തിറക്കും. ടൂർണമെന്റ് പൂർണമായും ഇന്ത്യയിലായിരിക്കും നടക്കുക. ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ അടുത്ത മാസം ആദ്യം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ -അരുണ്‍ ധുമല്‍ പറഞ്ഞു.
2009ലാണ് ഐ.പി.എല്‍ പൂർണമായി വിദേശരാജ്യത്ത് നടന്നത്. ദക്ഷിണാഫ്രിക്കയിലായിരുന്നു മത്സരങ്ങള്‍. 2014ല്‍ തെരഞ്ഞെടുപ്പ് കാരണം ഏതാനും മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്തി. എന്നാല്‍, 2019ല്‍ തെരഞ്ഞെടുപ്പുണ്ടായിട്ടും മത്സരങ്ങള്‍ പൂർണമായും ഇന്ത്യയിലാണ് നടന്നത്.
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലാകും ഉദ്ഘാടന മത്സരം. ഐ.പി.എല്‍ ലേലം കഴിഞ്ഞ ഡിസംബറിലാണ് നടന്നത്. ആസ്ട്രേലിയൻ പേസർ മിച്ചല്‍ സ്റ്റാർക്കാണ് ഏറ്റവും വിലപിടിപ്പുള്ള താരമായത്. 24.75 കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് താരത്തെ സ്വന്തമാക്കിയത്.