മൊഹാലി: ഇന്ത്യൻ പ്രീമിയർ ലിഗിൽ ഇതുവരെ കണ്ട ത്രില്ലർ മത്സരങ്ങളിൽ മികച്ചത് എന്ന് തെളിയിച്ച കളിയിൽ കൊൽക്കത്തയെ തകർത്ത് പഞ്ചാബിന്റെ ഉജ്വല വിജയം. രണ്ടു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തിലാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്. സ്‌കോർ: പഞ്ചാബ്് : 111. കൊൽക്കത്ത : 95.
മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. നന്നായി തുടങ്ങിയ പഞ്ചാബ് മൂന്ന് ഓവറിൽ 39 റണ്ണാണ് നേടിയത്. മൂന്നാം ഓവറിന്റെ രണ്ടാം പന്തിലാണ് പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 12 പന്തിൽ ഒരു സിക്‌സും മൂന്നു ഫോറും പറത്തിയ പ്രിയനീഷ് ആര്യ 22 റണ്ണുമായി ആദ്യം വീണു. ഹർഷിത് റാണിയുടെ പന്തിൽ രമൺദീപ് സിംങിനായിരുന്നു ക്യാച്ച്. ഇതേ സ്‌കോറിൽ തന്നെ ക്രീസിൽ എത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. ഹർഷിത് റാണയുടെ പന്തിൽ രമൺദീപിന് തന്നെ ക്യാച്ച്. മൂന്ന് റൺ കൂടി ബോർഡിലേയ്ക്ക് കൂട്ടിച്ചേർത്തപ്പോഴേയ്ക്കും ഇഗ്ലിസിനെ (2) വരുൺ ചക്രവർത്തി ക്ലീൻ ബൗൾഡ് ആക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ചാം ഓവറിൽ അൻപത് കടന്ന പഞ്ചാബിന്റെ നെഞ്ചിടിപ്പിച്ച് ആ ഓവറിലെ ആറാം പന്ത് എത്തി. അത് വരെ നന്നായി കളിച്ചിരുന്ന ഓപ്പണർ പ്രഭുസിമ്രാനെ ഹർഷിത് റാണ തന്നെ വീഴ്ത്തി. ഇത്തവണയും ക്യാച്ച് രമൺദീപിനായിരുന്നു. 15 പന്തിൽ മൂന്നു സിക്‌സും രണ്ട് ഫോറും പറത്തിയ പ്രഭു 30 റണ്ണാണ് എടുത്തത്. ടീമിലെ ടോപ്പ് സ്‌കോറും പ്രഭു തന്നെയായിരുന്നു. 54 ന് നാല് എന്ന നിലയിൽ തകർച്ച നേരിട്ട ടീമിനെ വന്ദ്ര ഒറ്റയ്ക്ക് തോളിലേറ്റി മുന്നിലേയ്ക്കു നയിച്ചു. ഒൻപത് പന്തിൽ 10 റണ്ണുമായി ക്രീസിൽ നിന്ന നേഹാൽ വദ്ര സ്‌കോർ 74 ൽ നിൽക്കെ നോട്രിഡ്ജിന്റെ പന്തിൽ അയ്യർക്ക് ക്യാച്ച് നൽകി മടങ്ങി.
ഐപിഎല്ലിൽ ഇതുവരെ കാര്യമായ സംഭാവന നൽകാത്ത മാക്‌സ് വെല്ലിന്റെ ഊഴമായിരുന്നു പിന്നീട്. 10 പന്തിൽ ഏഴു റണ്ണുമായി ഇക്കുറി വരുൺ ചക്രവർത്തിയ്ക്ക് വിക്കറ്റ് നൽകി മാക്‌സി മടങ്ങി. 76 ന് ആറ് എന്ന നിലയിൽ വീണ പഞ്ചാബിനെ വീണ്ടും തകർച്ചയിലേയ്ക്ക് തള്ളി വിട്ടു സുനിൽ നേരേൻ. സ്‌കോർ 80 ൽ നിൽക്കെ സൂര്യനിഷ് ഷെൻഡേയെ (4) വീഴ്ത്തിയാണ് നേരേൻ പഞ്ചാബിനെ പടുകുഴിയിലേയ്ക്ക് തള്ളിയിട്ടത്. 86 ൽ ജാനിസണും (1) നരേന്റെ കെണിയിൽ കുടുങ്ങി. 109 ൽ അവസാന പ്രതീക്ഷയായിരുന്ന ശശാങ്കിനെ (18) അറോറ വിക്കറ്റിനു മുന്നിൽ കുടുക്കുകയും, 111 ൽ കൂട്ടക്കുഴപ്പത്തിനൊടുവിൽ ബ്രാർടെൽ (11) റണ്ണൗട്ടാകുകയും കൂടി ചെയ്തതോടെ പഞ്ചാബിന്റെ പോരാട്ടം അവസാനിച്ചു. അർഷദീപ് സിംങ് (1) പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്ക് വേണ്ടി ഹർഷിത് റാണ മൂന്നും, വരുൺ ചക്രവർത്തിയും സുനിൽ നേരേനും രണ്ടു വീതവും നോട്രിജും അറോററയും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച കൊൽക്കത്തയെ ഞെട്ടിച്ചായിരുന്നു പഞ്ചാബിന്റെ തുടക്കം. ഏഴു റൺ മാത്രം സ്‌കോർ ബോർഡിൽ നിൽക്കെ സുനിൽ നരേനും (5), ഡിക്കോക്കും (2) മടങ്ങി. ഡിക്കോക്കിനെ ബാർലെറ്റ് മടക്കിയപ്പോൾ, നരേന്റെ വിക്കറ്റ് ജാനേസണായിരുന്നു. രഹാനെയും (17), രഘുവംശിയും (37) ചേർന്ന് കളി പഞ്ചാബിന്റെ കയ്യിൽ നിന്നും തട്ടിയെടുക്കുമെന്ന സ്ഥിതിയെത്തി. ഏഴിന് രണ്ട് എന്ന നിലയിൽ നിന്ന ടീമിനെ രണ്ടു പേരും ചേർന്ന് 62 ന് രണ്ട് എന്ന സുരക്ഷിതമായ സ്ഥിതിയിൽ എത്തിച്ചു.
എന്നാൽ, 62 ൽ രഹാനെ (17)യെ ചഹൽ വീഴ്ത്തിയതോടെ വീണ്ടും കളി മുറുകി. 72 ൽ രഘുവംശിയെചഹലും, 74 ൽ വെങ്കിടേഷ് അയ്യരെ (7) മാക്‌സ് വെല്ലും, 76 ൽ റിങ്കുവിനെയും , രമൺദീപിനെയും (0) ചഹൽ തൂക്കിയതോടെ 76 ന് ആറ് എന്ന നിലയിലായി കൊൽക്കത്ത. 79 ൽ ഹർഷിത് റാണ (3) കൂടി പുറത്തായതോടെ ലോ സ്‌കോറിംങ് ത്രില്ലറാകും കളി എന്ന് ഉറപ്പായി. എന്നാൽ, ഇതിനിടെ ഒരു വശത്ത് നിന്ന് അടിച്ചു കളി തിരിച്ചിരുന്ന റസലിലായിരുന്നു പഞ്ചാബിന്റെ പ്രതീക്ഷകളത്രയും. എന്നാൽ, 14 ആം ഓവറിന്റെ അവസാന പന്തിൽ വൈഭവ് അറോറയെ (0) വീഴ്ത്തിയ അർഷദീപിന് പിന്നാലെ, 15 ആം ഓവറിന്റെ ആദ്യ പന്തിൽ റസലിന്റെ കുറ്റി തെറുപ്പിച്ച ജാനിസൺ പഞ്ചാബിന് അവസാന ചിരി സമ്മാനിച്ചു…!