ലഖ്‌നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംങ്‌സ്. ആരാധകർക്ക് ആശ്വാസമായി ലഖ്‌നൗവിന് എതിരെയാണ് ചെന്നൈ ഇപ്പോൾ വിജയം നേടിയിരിക്കുന്നത്. മൂന്നു ബോൾ ബാക്കി നിൽക്കെയാണ് ലഖ്‌നൗ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയ 166 റൺ, ചെന്നൈ അഞ്ച് വിക്കറ്റ് മാത്രം ബാക്കി നിൽക്കെ മറികടന്നത്.
ടോസ് നേടിയ ചെന്നൈ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ ബൗളർമാർ ആദ്യം മുതൽ പിടിമുറുക്കി എറിഞ്ഞതിനൊപ്പം ലഖ്‌നൗ ബാറ്റർമാരുടെ മെല്ലെപ്പോക്കും ചേർന്നതോടെ 166 റൺ മാത്രമാണ് 20 ഓവറിൽ ലഖ്‌നൗവിന് സ്വന്തമാക്കാനായത്. ആറു റൺ മാത്രം സ്‌കോർ ബോർഡിൽ നിൽക്കെ ആറു റണ്ണുമായി മാക്രം മടങ്ങി. വെടിക്കെട്ട് പ്രതീക്ഷിച്ച് നിന്ന ല്ഖ്‌നൗ ആരാധകരെ നിരാശരാക്കി പൂരാൻ (8) 23 റൺ മാത്രം ബോർഡിലുള്ളപ്പോൾ തിരികെ നടന്നത് ലഖ്‌നൗവിന്റെ പ്രതീക്ഷകൾക്ക് മേൽ തീ മഴ ആയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മിച്ചൽ മാർഷും പന്തും ചേർന്ന് നടത്തിയ മികച്ച തുഴച്ചിലാണ് ലഖ്‌നൗവിനെ തിരികെ വരാനാവാത്ത തകർച്ചയിലേയ്ക്ക് തള്ളി വിട്ടത്. 25 പന്തിൽ രണ്ടു വീതം ഫോറും സിക്‌സറും അടിച്ച് മിച്ചൽ മാർഷ് പുറത്താകുമ്പോൾ 9.3 ഓവറിൽ ലഖ്‌നൗവിന് ആകെയുണ്ടായിരുന്നത് 73 റണ്ണാണ്. ഒരു വശത്ത് നിലയുറപ്പിച്ച് നിന്ന് കളിച്ച പന്ത് പതിവിലും പക്വത കാട്ടി, പക്ഷേ, സ്‌കോർ ബോർഡിൽ മാത്രം റണ്ണുണ്ടായിരുന്നില്ല. 49 പന്തിൽ നാലു വീതം ഫോറും സിക്‌സും നേടിയ പന്ത് 128 സ്‌ട്രൈക്ക് റേറ്റിൽ ആകെ നേടിയത് 63 റണ്ണാണ്.
105 ൽ ആയുഷ് ബദോനി (17 പന്തിൽ 22), 158 ൽ അബ്ദുൾ സമദ് (11 പന്തിൽ 20) എന്നിവർ നന്നായി തുഴഞ്ഞ് വീണതോടെ വളരെ കഷ്ടപ്പെട്ടാണ് ലഖ്‌നൗ 166 അടിച്ചെടുത്തത്. ചെന്നൈയ്ക്ക് വേണ്ടി ജഡേജയും, പതിരണയും രണ്ട് വിക്കറ്റ് വീതവും ഖലിൽ അഹമ്മദും കാംബോജും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച ചെന്ന 4.5 ഓവറിൽ 52 ൽ നിൽക്കെയാണ് ആദ്യ വിക്കറ്റ് വീണത്. 19 പന്തിൽ 27 റണ്ണെടുത്ത ഷെയ്ക്ക് റഷീദ് ആദ്യം വീണു. 74 ൽ രചിൻ രവീന്ദ്ര (37) വീണു. പിന്നാലെ 76 ൽ തൃപാതിയും (9) , 96 ൽ ജഡേജയും (7) വീണതോടെ പതിവ് വിധി തന്നെയാണ് ചെന്നൈ ആരാധകർക്ക് എന്നായി പ്രതീക്ഷ. എന്നാൽ, ദുബൈയും (43), വിജയ് ശങ്കറും (9) തട്ടിമുട്ടി കളി 111 വരെ എത്തിച്ചു. ഇവിടെ വിജയ് വഴി പിരിഞ്ഞതോടെ ശിവം ദുബൈയ്ക്ക് കൂട്ടായി ധോണി എത്തി. രണ്ടു പേരും അധികം റിസ്‌ക് എടുക്കാതെ കളി അവസാനത്തിലേയ്ക്ക് എത്തിച്ചു. 11 പന്തിൽ 26 റണ്ണെടുത്ത ധോണി മാത്രമാണ് 200 ന് മുകളിലുള്ള സ്‌ട്രൈക്ക് റേറ്റിൽ ചെന്നൈയ്ക്കായി ബാറ്റ് വീശിയത്. മൂന്ന് ഓവറിൽ 18 റൺ വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയിയ്ക്ക് പന്ത് നാലാമത് ഒരു ഓവർ നൽകാതിരുന്നത് അത്ഭുതമായി. ലഖ്‌നൗവിന് വേണ്ടി രാത്തിയും, ആവേശ് ഖാനും, മാക്രവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.