ജോഹ്നാസ്ബർഗ്: തകർപ്പൻ അടിയിലൂടെ കളം നിറഞ്ഞ ഇന്ത്യൻ യുവതാരങ്ങൾ അഴിഞ്ഞാടിയ മത്സരത്തിൽ സഞ്ജുവിനും തിലക് വർമ്മയ്ക്കും സെഞ്ച്വറി. സഞ്ജു 51 പന്തിൽ സെഞ്ച്വറി തികച്ചപ്പോൾ, 41 പന്തിലാണ് അക്രമകാരിയായ തിലകിന്റെ തകർപ്പൻ സെഞ്ച്വറി. രണ്ട് പേരും സെഞ്ച്വറി തികയ്ക്കുമ്പോൾ ഇന്ത്യ 18.2 ഓവറിൽ 257 റൺ എടുത്തിട്ടുണ്ട്. 18 പന്തിൽ 36 റൺ എടുത്ത അഭിഷേക് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. വന്യമായ ആക്രമണമാണ് പതിയെ തുടങ്ങിയ സഞ്ജുവും അഭിഷേകും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത്. 5.5 ഓവറിൽ 73 റണ്ണിലാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. സഹ ഓപ്പണറെ നഷ്ടമായപ്പോൾ സഞ്ജു പതറുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയ്ക്ക് തെറ്റി. പിന്നെ പടർന്നു കയറി ആളിക്കത്തുന്ന സഞ്ജുവിനെയാണ് കണ്ടത്. വന്യമായ കരുത്തോടെ സഞ്ജു ആക്രമിച്ച് കളിച്ചതോടെ മൈതാനത്തിന്റെ വശങ്ങളിലേയ്ക്ക് പന്ത് പല തവണ പറന്നു. സെഞ്ച്വറിയിലേയ്ക്കുള്ള യാത്രയ്ക്കിടെ എട്ടു തവണ സിക്‌സർ പറത്തിയ സഞ്ജു ആറു തവണയാണ് ഫോർ അടിച്ചത്. ഒൻപത് സിക്‌സ് പറത്തിയ തിലക് ഏഴു ഫോറും അടിച്ചു.