മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. രണ്ടിനെതിരെ നാല് ഗോളിനാണ് മുംബൈ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം പൊരുതിക്കയറി സമനില പിടിച്ചെങ്കിലും പെരേര ചുവപ്പ് കാർഡ് കണ്ടതോടെ തുടർച്ചയായി രണ്ട് ഗോളുകൾ അടിച്ച് മുംബൈ ബ്ലാസ്റ്റേഴ്സിനെ തകർത്തു. ഒൻപതാം മിനിറ്റിൽ കരേലിസിസിലൂടെയാണ് ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യം മുംബൈ ഗോൾ നേടിയത്. ആദ്യ പകുതി ഈ ഗോളിൽ അവസാനിച്ചെങ്കിൽ രണ്ടാം ഗോളിൽ വീണത് അഞ്ചു ഗോളുകളാണ്. 55 ആം മിനിറ്റിൽ കരേലിസിലൂടെ മുംബൈ ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ, 57 ആം മിനിറ്റിൽ പെരേരയെ വീഴ്ത്തിയതിന് ലഭിച്ച പെനാലിറ്റി ഗോളാക്കി മാറ്റി ജിസ്യൂസ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടി. തൊട്ടു പിന്നാലെ 71 ആം മിനിറ്റിൽ പെരേര മികച്ച നീക്കത്തിനൊടുവിൽ ഗോൾ വലകടത്തിയ പന്ത് ബ്ലാസ്റ്റേഴ്സിന് സമനില സമ്മാനിച്ചു. തൊട്ടു പിന്നാലെ ഗോൾ ആഘോഷത്തിനായി ജേഴ്സി ഊരിയ പെരേര ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ പത്ത് പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്സ് കോർട്ടിലേയ്ക്ക് മുംബൈ ഇരച്ചെത്തി. ആദ്യം 75 ആം മിനിറ്റിൽ റോഡ്രിഗസിലൂടെ മുംബൈ ലീഡെടുത്തു. പിന്നാലെ 90 ആം മിനിറ്റിലെ ആക്രമണ ഫുട്ബോളിന് മുംബൈ പെനാലിറ്റി നേടിയെടുത്തു. ഇതോടെ സ്കോർ രണ്ടിനെതിരെ നാലായി മുംബൈ ഉയർത്തി. അവസാനം വരെ പൊരുതിയങ്കിലും ബ്ലാസ്റ്റേഴ്സിന് മുംബൈയെ മറികടക്കാൻ സാധിച്ചില്ല. നിലവിൽ ഏഴു കളികളിൽ നിന്നും എട്ട് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്. ആറു കളികളിൽ നിന്നും ഒൻപത് പോയിന്റുള്ള മുംബൈ ഏഴാം സ്ഥാനത്തും.