മുംബൈ: ന്യൂസിലന്‍ഡിനെതിരെ മുംബൈ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ അവിശ്വസനീയമായിട്ടാണ് ഇന്ത്യ തകര്‍ന്നത്. ന്യൂസിലിന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 235നെതിരെ ഒന്നിന് 78 എന്ന നിലയില്‍ നില്‍ക്കെ പൊടുന്നനെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു ഇന്ത്യക്ക്. ഇതോടെ ഇന്ത്യ നാലിന് 86 എന്ന നിലയിലേക്ക് വീണു. ആറ് റണ്‍സിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റുകള്‍. ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (1) എന്നിവരാണ് ക്രീസില്‍. കിവീസിന് വേണ്ടി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു. മാറ്റ് ഹെന്റിക്ക് ഒരു വിക്കറ്റുണ്ട്.രോഹിത് ശര്‍മ (18), ജയ്സ്വാളിനെ (30), മുഹമ്മദ് സിറാജ് (0), വിരാട് കോലി (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇതില്‍ നൈറ്റ് വാച്ച്മാനായിട്ടാണ് സിറാജ് ക്രീസിലെത്തിയത്. അജാസ് പട്ടേലിനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം മടങ്ങി. വിക്കറ്റ് മുന്നില്‍ കുടുങ്ങുകയായിരുന്നു. മാത്രമല്ല, ഔട്ടെല്ലെന്ന സംശയത്തില്‍ റിവ്യൂ എടുക്കുകയും ചെയ്തു. എന്നാല്‍ റിവ്യൂയും നഷ്ടമായി. ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ട്രോളുകയാണ് താരത്തെ. റിവ്യൂ കളഞ്ഞതിനാണ് പരിഹാസം. കൂടാതെ ‘ഡിഎസ്പി സിറാജ്’ എന്നാണ് ആരാധകര്‍ താരത്തെ വിളിക്കുന്നതും. അടുത്തിടെ മുഹമ്മദ് സിറാജ് ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് (ഡിഎസ്പി) ആയി ചുമതലയേറ്റു. തെലങ്കാന സര്‍ക്കാര്‍ ആണ് നിയമനം നല്‍കിയത്. ഇതുമായി ബന്ധപ്പെടുത്തിയാണ് താരത്തെ ട്രോളുന്നത്.