ബംഗളൂരു: ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്ബ് ഇന്ത്യക്ക് തിരിച്ചടി. സ്റ്റാർ ബാറ്റർ ശുബ്മാൻ ഗിൽ പരിക്ക് കാരണം ആദ്യ മത്സരത്തിൽ കളിക്കില്ല. പകരക്കാരനായി സർഫറാസ് ഖാൻ അന്തിമ ഇലവനിൽ ഉൾപ്പെടാനാണ് സാദ്ധ്യത. അടുത്തിടെ ഇറാനി ട്രോഫി ഫൈനലിൽ ഡബിൾ സെഞ്ച്വറി നേടിയ സർഫറാസ് തകർപ്പൻ ഫോമിലാണ്. ഇംഗ്ലണ്ടിനെതിരെ ഈ വർഷം ആദ്യം രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ താരം മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിരുന്നു. എന്നാൽ പിന്നീട് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബരയിൽ സ്‌ക്വാഡിൽ ഉണ്ടായിരുന്നുവെങ്കിലും താരത്തെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഇന്നു രാവിലെ 09.30 ന് ബംഗളൂരുവിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക.
മൂന്ന് ടെസ്റ്റുകളാണ് ന്യൂസിലാൻഡ് ഇന്ത്യയിൽ കളിക്കുക. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. പൂനെയിലും മുംബയിലുമാണ് അടുത്ത രണ്ട് ടെസ്റ്റുകൾ നടക്കുക. ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യക്ക് തുടർച്ചയായി മൂന്നാം ഫൈനൽ ഉറപ്പിക്കാൻ നിർണായകമാണ് ഈ പരമ്ബര. തുടർച്ചയായി 17 ഹോം ടെസ്റ്റ് പരമ്ബരകൾ വിജയിച്ച് തകർപ്പൻ ഫോമിലാണ് ഇന്ത്യ. ബംഗ്ലാദേശിനെ 2-0ന് തകർത്താണ് ഇന്ത്യ എത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുവശത്ത് ന്യൂസിലാൻഡിന്റെ കാര്യങ്ങൾ അത്ര ശുഭമല്ല. ശ്രീലങ്കയ്ക്കെതിരെ 2-0ന് ടെസ്റ്റ് പരമ്ബര തോറ്റശേഷമാണ് കിവീസ് എത്തുന്നത്. ലങ്കയ്ക്കെതിരായ തോൽവിക്ക് പിന്നാലെ ടിം സൗത്തി നായക സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. ടോം ലഥാം ആണ് ഇന്ത്യക്കെതിരെ ടീമിനെ നയിക്കുന്നത്. സീസണിലെ ഇന്ത്യയുടെ അവസാന ഹോം പരമ്ബരയാണ് ഇത്. ന്യൂസിലാൻഡുമായുള്ള മൂന്ന് മത്സരങ്ങൾക്ക് ശേഷം ബോർഡർ -ഗവാസ്‌കർ ട്രോഫിക്കായി ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പോകും. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഈ പരമ്ബരയിലുള്ളത്.
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്ബരയ്ക്കുള്ള ഇന്ത്യൻ ടീം
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കൊഹ്ലി, കെ.എൽ രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
ട്രാവലിംഗ് റിസർവ്‌സ്: ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, മായങ്ക് യാദവ്, പ്രസീദ്ധ് കൃഷ്ണ.