ദുബായ്: വനിതാ ട്വന്റി 20 ലോകകപ്പിൽ സെമി പ്രതീക്ഷ സജീവമാക്കി ടീം ഇന്ത്യ. നിർണ്ണായ മത്സരത്തിൽ ശ്രീലങ്കൻ വനിതകളെ തകർത്താണ് ഇന്ത്യ മത്സരം സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടമാക്കി ടീം ഇന്ത്യ 173 റണ്ണാണ് നേടിയത്. ഷഫാലി വർമ്മ (43), സ്മതി മന്ദാന സഖ്യം (50) ഓപ്പണിംങ് വിക്കറ്റിൽ 98 റണ്ണാണ് കൂട്ടിച്ചേർത്തത്. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ഹർമ്മൻ പ്രീത് കൗർ (52) ഷെഫാലി വർമ്മയ്‌ക്കൊപ്പം ചേർന്ന് സ്‌കോർ 128 ൽ എത്തിച്ചു. ജെമേമ റോഡ്രിഗസും (16) നിർണ്ണായകമായ സംഭാവന നൽകി. ലങ്കയ്ക്ക് വേണ്ടി ചമരി അട്ടപ്പട്ടുവും കാഞ്ചനയും ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംങിൽ ശ്രീലങ്കയ്ക്ക് ആറു റണ്ണെടുക്കുന്നതിനിടെ മൂന്നു വിക്കറ്റാണ് നഷ്ടമായത്. ഈ ഷോക്കിൽ നിന്നും ഒരു ഘട്ടത്തിലും അവർക്ക് മുന്നേറാനായില്ല. 65 ന് എട്ട് എന്ന നിലയിലേയ്ക്ക് തകർന്ന ടീമിനെ കവിഷ ദിൽഹരി (21), അനുഷ്‌ക സഞ്ജീവനി (20), കാഞ്ചന (19) എന്നിവരാണ് ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. 19.5 ഓവറിൽ 90 റൺ മാത്രമാണ് ശ്രീലങ്കയ്ക്ക് നേടാനായത്. ഇന്ത്യയ്ക്ക് വേണ്ടി മലയാളി താരം ആശ ശോഭന നാല് ഓവറിൽ 19 റൺ വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അരുന്ധതി റെഡ്ഡി മൂന്നും രേണുക സിംങ് രണ്ടും, ശ്രേയങ്ക പട്ടേലും, ദീപ്തി ശർമ്മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.