സ്മൃതി മന്ദാനയ്ക്ക് വെടിക്കെട്ട് സെഞ്ച്വറി : ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യൻ വനിതകൾക്ക് ജയം

ടെൻ്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ട്വന്റി 20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം. 97 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെയാണ് ഇന്ത്യ പരമ്ബരയില്‍ മുന്നിലെത്തിയത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ആദ്യ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ ഇംഗ്ലണ്ട് പതറി വീഴുകയായിരുന്നു. 20 ഓവരില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് ഇന്ത്യ നേടിയത്. ഇംഗ്ലീഷ് വനിതകളുടെ മറുപടി 14.5 ഓവറില്‍ 113 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശിയ മന്ദാന 62 പന്തുകളില്‍ നിന്ന് 15 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും പായിച്ചു. മറ്റൊരു ഓപ്പണര്‍ ഷഫാലി വെര്‍മ്മ 20(22), റണ്‍സ് നേടിയപ്പോള്‍ 23 പന്തുകളില്‍ നിന്ന് 43 റണ്‍സ് നേടിയ ഹാര്‍ലീന്‍ ഡിയോള്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. റിച്ച ഘോഷ് 12(6) റണ്‍സ് നേടിയപ്പോള്‍ ജെമീമ റോഡ്രിഗ്‌സ് 0(2) നിരാശപ്പെടുത്തി. അമന്‍ജോത് കൗര്‍ 3(3), ദീപ്തി ശര്‍മ്മ 7(3) എന്നിവര്‍ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ലോറ ബെല്‍ ബൗളിംഗില്‍ തിളങ്ങി. യെം ആര്‍ലോട്ട്, സോഫി എക്കിള്‍സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് വനിതകളെ മത്സരത്തിന്റെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 66(42) റണ്‍സ് നേടിയ ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ട് മാത്രമാണ് പിടിച്ചുനിന്നത്. 12 റണ്‍സ് നേടിയ യെം ആര്‍ലോട്ട് ആണ് പിന്നീടുള്ള ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ശ്രീ ചരണി നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ദീപ്തി ശര്‍മ്മയ്ക്കും രാധ യാദവിനും രണ്ട് വിക്കറ്റുകള്‍ വീതവും അരുന്ധതി റെഡ്ഡി, അമന്‍ജോത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പങ്കിട്ടു.

Advertisements

Hot Topics

Related Articles