ഹരാരേ: സഞ്ജു സാംസണിന്റെ അര സെഞ്ച്വറിയുടെ മികവിൽ മികച്ച ടോട്ടൽ പടുത്തുയർത്തിയ ടീം ഇന്ത്യയ്ക്ക് സിംബാവയ്ക്കെതിരെ ഉജ്വല വിജയം. 42 റണ്ണിനാണ് ടീം ഇന്ത്യ വിജയം നേടിയത്. ടോസ് നഷ്ടമായ ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംങ് തകർച്ചയ്ക്കിടയിലും നെടുന്തൂണായത് സഞ്ജുവിന്റെ ഇന്നിംങ്സാണ്. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടമാക്കി 167 റൺ എടുത്ത ഇന്ത്യയ്ക്കെതിരെ 18.3 ഓവറിൽ 125 റൺ മാത്രമാണ് സിംബാവെയ്ക്ക് നേടാനായത്.
ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ട് സിക്സർ പറത്തി മികച്ച ഫോമിന്റെ തുടർച്ച കാട്ടിയ ജയ്സ്വാൾ ആദ്യ ഓവറിന്റെ നാലാം പന്തിൽ വീണു. ഈ സമയം സ്കോർ ബോർഡിൽ 13 റൺ മാത്രമാണ് ഉണ്ടായിരുന്നത്. അഭിഷേകിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ചിരുന്ന ഇന്ത്യൻ ആരാധകരെ നിരാശരാക്കി സ്കോർ 38 ൽ നിൽക്കെ 11 പന്തിൽ 14 റണ്ണുമായി താരവും മടങ്ങി. സഞ്ജുവിനൊപ്പം ചേർന്ന് ക്യാപ്റ്റൻ ഗിൽ മികച്ച പാർട്ണർഷിപ്പ് പടുത്തുയർത്തുമെന്ന് കരുതിയിരിക്കെ ഗില്ലിന്റെ വിക്കറ്റ് അപ്രതീക്ഷിതമായി വീണു. 14 പന്തിൽ 13 റൺ മാത്രമാണ് ഗില്ലിന് നേടാനായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ സഞ്ജുവും , പരാഗും ചേർന്ന് ഐപിഎൽ മോഡലിൽ രക്ഷാ പ്രവർത്തനം നടത്തി. 40 ൽ ഒത്തു ചേർന്ന് ഈ കൂട്ടുകെട്ട് 105 ലാണ് പിരിഞ്ഞത്. 24 പന്തിൽ 22 റൺ എടുത്ത പരാഗാണ് ആദ്യം പുറത്തായത്. 135 ൽ ഇന്ത്യയുടെ ടോപ് സ്കോറർ സഞ്ജു സാംസണും പുറത്തായി. സ്കോർ ഉയർത്താൻ കൂറ്റൻ അടിയ്ക്കു ശ്രമിച്ചാണ് സഞ്ജു പുറത്തായത്. 45 പന്തിൽ നാലു സിക്സും ഒരു ഫോറും പറത്തിയാണ് സഞ്ജു 58 റൺ എടുത്തത്. റിങ്കു സിങ്ങുമായുണ്ടായ ആശയക്കുഴപ്പത്തിൽ ശിവം ദുബൈ റണ്ണൗട്ടാകുകയും ചെയ്തു. 12 പന്തിൽ 26 റണ്ണായിരുന്നു സമ്പാദ്യം. റിങ്കു (11), വാഷിംങ്ടൺ സുന്ദർ (1) എന്നിവർ പുറത്താകാതെ നിന്നു. സിംബാവെയ്ക്കായി മുസർബാനി രണ്ടും, സിക്കന്തർ റാസയും, റിച്ചാർഡും, ബ്രൻഡനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച സിംബാവേയ്ക്ക് ആദ്യ റണ്ണെടുത്തപ്പോൾ തന്നെ വിക്കറ്റ് നഷ്ടമായി. വെസ്ലി മധവീരയെ (0) മുകേഷ് കുമാർ ബൗൾഡാക്കി. 15 ൽ ബെനറ്റിനെ (10) മുകേഷ് കുമാർ തന്നെ വീഴ്ത്തി. മറുമണി (27) സിംബാവെയെ കളിയിലേയ്ക്ക് തിരികെ എത്തിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കെ വാഷിംങ്ടൺ സുന്ദറിന്റെ മുന്നിൽ വിക്കറ്റിനു മുന്നിൽ മറുമണി കുടുങ്ങി പുറത്തായി. 85 ൽ മെയേഴ്സും (34), 87 ൽ സിക്കന്തർ റാസയും (8), 90 ൽ കാമ്പെല്ലും (4) , 94 ൽ മഡാൻഡെയും (1), 120 ൽ മൗട്ടയും (4), 123 ൽ അക്രമും (27) പുറത്തായതോടെ കളി ഇന്ത്യ കയ്യിലെടുത്തു. മുകേഷ് കുമാർ നാലു വിക്കറ്റ് പിഴുതു. ശിവം ദുബൈ രണ്ടും, അഭിഷേക് ശർമ്മയും, വാഷിംങ് ടൺ സുന്ദറും, ദേശ് പാണ്ഡെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.