ബ്രിസ്ബേൻ : ഓസ്ട്രേലിയ എ ടീമിന് മുമ്ബില്‍ തകർന്നടിഞ്ഞ് ഇന്ത്യയുടെ യുവനിര. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്ബരക്ക് മുന്നോടിയായി നടന്ന ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയ എ ടീമിനെതിരായ മത്സരത്തിലാണ് ബാറ്റിംഗ് ദുരന്തം കാണാൻ സാധിച്ചത്. ഇന്ത്യൻ ടീമിലേക്ക് ക്ഷണംകിട്ടിയ മുഴുവൻ ബാറ്റർമാരും മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ പരാജയപ്പെട്ടതാണ് കണ്ടത്. മാത്രമല്ല ഇന്ത്യ എ ടീം കേവലം 107 റണ്‍സിന് ആദ്യ ഇന്നിംഗ്സില്‍ പുറത്താവുകയുണ്ടായി. നായകൻ ഋതുരാജും അഭിമന്യു ഈശ്വരനും അരങ്ങേറ്റക്കാരനായ നിതീഷ് റെഡിയുമെല്ലാം മത്സരത്തില്‍ ബാറ്റിംഗില്‍ പൂർണ്ണ പരാജയമായി മാറി. ഇത് ഇന്ത്യയ്ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീമിനായി അഭിമന്യു ഈശ്വരനും നായകൻ ഋതുരാജുമാണ് ക്രീസിലെത്തിയത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഋതുരാജ് മടങ്ങി. അഭിമന്യു ഈശ്വരന് കേവലം 7 റണ്‍സ് മാത്രമാണ് മത്സരത്തില്‍ നേടാൻ സാധിച്ചത്. മൂന്നാമനായി എത്തിയ സായി സുദർശനും ദേവദത് പടിക്കലുമാണ് അല്പമെങ്കിലും പിടിച്ചുനില്ക്കാൻ ശ്രമിച്ചത്. പടിക്കല്‍ മത്സരത്തില്‍ 77 പന്തുകളില്‍ 36 റണ്‍സ് നേടി. സായി സുദർശൻ 21 റണ്‍സ് ആണ് നേടിയത്. ഇതിന് പിന്നാലെ ഇരുവരെയും പുറത്താക്കാൻ ഓസ്ട്രേലിയൻ ബോളർ ഡോഗറ്റിന് സാധിച്ചു.പിന്നാലെ ആറാമനായി വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും ഡോഗ്റ്റിന് മുമ്ബില്‍ വീഴുകയായിരുന്നു. 11 പന്തുകള്‍ നേരിട്ട കിഷൻ വെറും 4 റണ്‍സാണ് നേടിയത്. ബോർഡർ- ഗവാസ്കർ ട്രോഫിയിലേക്ക് ഇന്ത്യയുടെ ക്ഷണം കിട്ടിയ യുവതാരം നിതീഷ് കുമാർ റെഡി 6 പന്തുകള്‍ നേരിട്ടെങ്കിലും ഒരു റണ്‍ പോലും സ്വന്തമാക്കാൻ സാധിച്ചില്ല. ഇതാണ് ഇന്ത്യയ്ക്ക് ഏറ്റവും വലിയ നിരാശ ഉണ്ടാക്കിയത്. ശേഷം ഒൻപതാമനായി ക്രീസിലെത്തിയ നവദീപ് സൈനി മാത്രമാണ് അല്പസമയം പൊരുതാൻ ശ്രമിച്ചത്. 23 റണ്‍സ് സ്വന്തമാക്കാൻ സൈനിയ്ക്ക് സാധിച്ചു.ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ ബാറ്റിംഗ് പരാജയം നേരിട്ട ഇന്ത്യ വലിയ നിരാശയിലാണ്. ഈ സമയത്താണ് ഇന്ത്യ എ ടീമിലെ പ്രധാന താരങ്ങളും വളരെ മോശം പ്രകടനം പുറത്തെടുത്തത്. പൂജാരയെയും രഹാനയെയുമൊക്കെ ഒഴിവാക്കി ഇന്ത്യ ഓസ്ട്രേലിയൻ പര്യടനത്തിനായി നിതീഷ് കുമാർ റെഡ്ഢിയെ പോലെയുള്ള താരങ്ങളെ ഇത്തവണ തെരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെ വലിയ വിമർശനങ്ങളും എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ തണുത്ത പ്രകടനങ്ങള്‍ ഈ താരങ്ങളെ പിന്നോട്ടടിക്കും എന്നത് ഉറപ്പാണ്. കേവലം 107 റണ്‍സ് മാത്രമാണ് ഇന്ത്യ എ ടീമിന് ആദ്യ ഇന്നിംഗ്സില്‍ നേടാൻ സാധിച്ചത്.