കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ടൈ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ശ്രീലങ്കയുടെ വിജയലക്ഷ്യമായ 231 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 47.5 ഓവറില്‍ 230 റണ്‍സിന് പുറത്തായി. ജയിക്കാന്‍ വെറും ഒരു റണ്‍ മാത്രം വേണ്ടിയിരുന്നപ്പോള്‍ ശേഷിച്ച് രണ്ട് വിക്കറ്റുകളും നഷ്ടമായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഒഴികെ ഒരു ബാറ്റര്‍മാര്‍ക്കും ലങ്കന്‍ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല.
231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 58(47) തിളങ്ങി. താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ശുഭ്മാന്‍ ഗില്‍ 16(35) പുറത്താകുമ്ബോള്‍ ടീം സ്കോര്‍ 75 റണ്‍സില്‍ എത്തിയിരുന്നു. രോഹിത് ശര്‍മ്മയെ വെല്ലാലഗെ വിക്കറ്റിന് മുന്നില്‍ കുടക്കുകയും ഇതേ രീതിയില്‍ സുന്ദറും മടങ്ങുകയും ചെയ്തപ്പോള്‍ ഇന്ത്യ പതറി. സ്കോര്‍ 87ന് മൂന്ന്. പിന്നീട് ശ്രേയസ് അയ്യര്‍ 23(23), വിരാട് കൊഹ്ലി 24(32) എന്നിവര്‍ സ്കോര്‍ ഉയര്‍ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്തടുത്ത ഓവറുകളില്‍ കൊഹ്ലിയും അയ്യരും മടങ്ങിയപ്പോള്‍ ഇന്ത്യ വീണ്ടും പതറി. 132ന് അഞ്ച് എന്ന സ്കോറില്‍ ഒന്നിച്ച കെഎല്‍ രാഹുല്‍ 31(43), അക്സര്‍ പട്ടേല്‍ 33(57) ജയത്തിലേക്ക് അനായാസം മുന്നേറുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് രാഹുല്‍ വിക്കറ്റ് കളഞ്ഞുകുളിച്ചത്, തൊട്ടടുത്ത ഓവറില്‍ അക്സറും മടങ്ങിയതോടെ ഇന്ത്യ തോല്‍വി മുന്നില്‍ക്കണ്ടു. എട്ടാമനായി കുല്‍ദീപ് യാദവും മടങ്ങുമ്ബോള്‍ ജയത്തില്‍ നിന്ന് 20 റണ്‍സ് അകലെയായിരുന്നു ഇന്ത്യ.
ഒരുവശത്ത് ശിവം ദൂബെ അപ്പോഴും ശ്രീലങ്കയ്ക്ക് ഭീഷണിയായി നില്ക്കുന്നുണ്ടായിരുന്നു. പത്താമനായി എത്തിയ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് ദൂബെ പതിയെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശി. ഒടുവില്‍ 48ാം ഓവറില്‍ സ്്കോര്‍ ഒപ്പത്തിനൊപ്പമെത്തിയപ്പോള്‍ ദൂബെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി 24 പന്തുകളില്‍ 25 റണ്‍സ് നേടിയാണ് താരം പുറത്തായത്. അവാസന ബാറ്ററായി എത്തിയ അര്‍ഷ്ദീപ് സിംഗും പുറത്തായതോടെ മത്സരം ടൈയില്‍ അവസാനിക്കുകയായിരുന്നു. അസലങ്ക, ഹസരംഗ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറുകളില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ പാത്തും നിസങ്ക 56(75), ഏഴാമനായി എത്തിയ ദുനിത് വെല്ലാലഗെ പുറത്താകാതെ നേടിയ 67(65) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് ലങ്കന്‍ സ്കോര്‍ 200 കടത്തിയത്. ഒരവസരത്തില്‍ 178ന് 7 എന്ന നിലയില്‍ നിന്ന ആതിഥേയരെ എട്ടാം വിക്കറ്റില്‍ 46 റണ്‍സ് നേടിയ വെല്ലാലഗെ – ഹസരംഗ 24(35) സഖ്യം പൊരുതാവുന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.
കുസാല്‍ മെന്‍ഡിസ് 14(31), ക്യാപ്റ്റന്‍ ചാരിത് അസലങ്ക 14(21) ജനിത് ലിയാനഗെ 20(26), അഖില ധനഞ്ജയ 17(21) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഇന്ത്യക്ക് വേണ്ടി അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ശിവം ദൂബെ, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്ബരയിലെ രണ്ടാം മത്സരം ഞായറാഴ്ച ഇതേ വേദിയില്‍ നടക്കും.