ചെംസ്ഫോര്‍ഡ്: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ രണ്ടാം യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 309 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ഒന്നം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്.24 റണ്‍സുമായി ക്യാപ്റ്റൻ ആയുഷ് മാത്രെയും ആറ് റണ്‍സോടെ വിഹാന് മല്‍ഹോത്രയുമാണ് ക്രീസില്‍. 14 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 20 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അലക്സ് ഗ്രീനിന്റെ പന്തില്‍ വൈഭവിനെ ഫ്രഞ്ച് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
നേരത്തെ രണ്ടാം ദിനം 229-7 എന്ന സ്കോറില്‍ ക്രീസിലെത്തിയ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീം 309 റണ്‍സെടുത്ത് ഓള് ഔട്ടായി. ഏഴാമനായി ക്രീസിലെത്തി സെഞ്ചുറിയുമായി പൊരുതിയ ഏകാന്‍ഷ് സിംഗിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇംഗ്ലണ്ടിനെ 300 കടത്തിയത്. 155 പന്തില്‍ 117 റണ്‍സെടുത്ത ഏകാന്‍ഷ് സിംഗ് അവസാന ബാറ്ററായാണ് പുറത്തായത്. തുടക്കത്തില്‍ 80-5 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ തോമസ് റ്യൂ(59) വുമൊത്ത് 90 റണ്‍സ് കൂട്ടുകെട്ടിലൂടെ ഏകാന്‍ഷ് കരകയറ്റിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തോമസ് റ്യൂ പുറത്തായശേഷം റാല്പി ആല്‍ബര്‍ട്ടും പെട്ടെന്ന് മടങ്ങിയതോടെ 207-7ലേക്ക് വീണെങ്കിലും എട്ടാം വിക്കറ്റില്‍ ജെയിംസ് മിന്റോയെ(46) കൂട്ടുപിടിച്ച് സെഞ്ചുറി കൂട്ടുകെട്ടും(100) സെഞ്ചുറിയും പൂര്‍ത്തായാക്കിയ ഏകാന്‍ഷ് ഇംഗ്ലണ്ടിനെ 300 കടത്തി. ജെയിംസ് മിന്റോയെ പുറത്താക്കിയ നമാന്‍ പുഷ്പക് ആണ് കൂച്ചുകെട്ട് പൊളിച്ചത്. പിന്നാലെ അലക്സ് ഗ്രീനിനെയും പുഷ്പക് പുറത്താക്കിയപ്പോള്‍ ഏകാന്‍ഷിനെ വീഴ്ത്തി വിഹാന് മല്‍ഹോത്ര ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇന്ത്യക്കായി നമാന്‍ പുഷ്പക് നാലു വിക്കറ്റെടുത്തപ്പോള്‍ ആംബ്രിഷും ആദിത്യ റാവത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് മത്സര പരമ്ബരയിലെ ആദ്യ ടെസ്റ്റ് സമനിലയായിരുന്നു.