ലണ്ടൻ: ഇന്ത്യ അണ്ടർ 19 ടീമിനായും ചരിത്രം കുറിക്കുകയാണ് വൈഭവ് സൂര്യവംശി എന്ന പതിന്നാലുകാരൻ. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരേ അതിവേഗ സെഞ്ചുറികുറിച്ച വൈഭവ് റെക്കോഡുകള്‍ തിരുത്തിയെഴുതി. ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലാണ് വൈഭവ് സെഞ്ചുറിയുമായി തകർപ്പൻ പ്രകടനം പുറത്തെടുത്തത്. 78 പന്തില്‍ നിന്ന് 143 റണ്‍സെടുത്താണ് താരം പുറത്തായത്. 13 ഫോറുകളും 10 സിക്സറുകളുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്സ്.
സെഞ്ചുറി പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരൻ പുതുചരിത്രമെഴുതി. യൂത്ത് ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി. ബംഗ്ലാദേശിന്റെ നജ്മുള്‍ ഷാന്റോയുടെ റെക്കോഡാണ് വൈഭവ് തകർത്തത്. 2013-ല്‍ സെഞ്ചുറി നേടുമ്ബോള്‍ 14 വർഷവും 241 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. യൂത്ത് ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടവും വൈഭവിന് വന്നുചേർന്നു.സർഫറാസ് ഖാന്റെ റെക്കോഡാണ് വൈഭവ് മറികടന്നു. 2013-ല്‍ ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ടീമിനെതിരേ സെഞ്ചുറി നേടുമ്ബോള്‍ 15 വർഷവും 338 ദിവസമായിരുന്നു പ്രായം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂത്ത് ഏകദിന ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടവും വൈഭവ് സ്വന്തമാക്കി. 52-പന്തില്‍ മൂന്നക്കം തൊട്ട താരം പാക് താരമായ കമ്രാൻ ഖുലാമിന്റെ റെക്കോഡാണ് മറികടന്നത്. 2013-ല്‍ ഖുലാം 53-പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരേയാണ് അന്ന് പാക് കൗമാരതാരം സെഞ്ചുറി തികച്ചത്.
ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ വെടിക്കെട്ട് നടത്തിയ വൈഭവ് അതിവേഗ അർധസെഞ്ചുറി തികച്ചിരുന്നു. 20 പന്തില്‍ നിന്ന് താരം അർധസെഞ്ചുറിയും നേടിയതോടെ അണ്ടർ 19 ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗ അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായും മാറി. ഋഷഭ് പന്താണ് അണ്ടർ 19 ഏകദിനത്തില്‍ ഏറ്റവും വേഗം അർധസെഞ്ചുറി തികച്ച ഇന്ത്യൻ താരം. 2016-ല്‍ നേപ്പാളിനെതിരേ 18 പന്തില്‍ നിന്ന് താരം അർധെസഞ്ചുറി നേടിയിരുന്നു.