ഹരാരെ (സിംബാബ്വെ): ടി20 ലോകകപ്പ് കഴിഞ്ഞുള്ള ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിന് തിരിച്ചടി. ആവേശകരമായ മത്സരത്തിൽ 13 റൺസിനാണ് ഇന്ത്യയുടെ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. ഇന്ത്യൻ മറുപടി 19.5 ഓവറിൽ 102 റൺസിൽ അവസാനിച്ചു.
ടോസ് നേടിയ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ ബൗളിംഗ് തിരഞ്ഞെടുത്തു. ആരും വലിയ സ്കോർ നേടിയില്ലെങ്കിലും സിംബാബ്‍വെ മെല്ലെ സ്കോർ ഉയർത്തി. 29 റൺസുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ക്ലൈവ് മഡാണ്ടേയാണ് ടോപ് സ്കോറർ. ഡിയോണ്‍ മയേഴ്സ് 23 റൺസും ബ്രയാൻ ബെന്നറ്റ് 22 റൺസുമെടുത്തു. വെസ്ലി മധേവേരെ 21 റൺസും സിംബാബ്‌വെയ്ക്കായി സംഭാവന ചെയ്തു. ഇന്ത്യയ്ക്കായി രവി ബിഷ്ണോയി നാല് വിക്കറ്റെടുത്തു. പത്താംവിക്കറ്റില്‍ ക്ലൈവ് മദാന്ദെയും ടെൻഡായ് ചതാരയും ചേർന്ന് നടത്തിയ അപരാജിത കൂട്ടുകെട്ടാണ് സിംബാബ്വെയെ നൂറ് കടത്തിയത്. ചതാര ഒരറ്റത്ത് റണ്ണൊന്നുമെടുക്കാതെ നിലയുറപ്പിച്ചപ്പോള്‍ മദാന്ദെ മറുവശത്ത് സ്കോർ ഉയർത്തി. 25 പന്തില്‍ 29 റണ്‍സ് നേടിയ മദാന്ദെ സിംബാബ്വെ നിരയിലെ ടോപ് സ്കോററായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാലോവറില്‍ 13 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബിഷ്ണോയ് നാലുപേരെ മടക്കിയത്. ഓപ്പണർ വെസ്്ലി മധ്വരെ (22 പന്തില്‍ 21), ബ്രയാൻ ബെന്നറ്റ് (15 പന്തില്‍ 23), ലൂക്ക് ജോങ്വെ (1), ബ്ലെസ്സിങ് മുസറബനി (0) എന്നിവരാണ് ബിഷ്ണോയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. ക്യാപ്റ്റൻ സിക്കന്ദർ റാസയെ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കിയതും ബിഷ്ണോയ്യായിരുന്നു. വാഷിങ്ടണ്‍ സുന്ദർ രണ്ട് വിക്കറ്റുകളും നേടി. തകർച്ചയോടെയായിരുന്നു സിംബാബ്വെയുടെ തുടക്കം. രണ്ടാം ഓവറില്‍ ഓപ്പണർ ഇന്നസെന്റ് കൈയയെ (0) മടക്കി മുകേഷ് കുമാർ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പവർപ്ലേയിലെ അവസാന ഓവറില്‍ തകർപ്പനടി നടത്തിയ ബെന്നറ്റിനെ ബിഷ്ണോയ്യും മടക്കി. ബെന്നറ്റ്, ഡിയോണ്‍ മിയേഴ്സ് (23 റണ്‍സ് വീതം), ക്യാപ്റ്റൻ സിക്കന്ദർ റാസ (17) എന്നിവർ രണ്ടക്കം കടന്നു.
ഇന്ത്യക്കായി ധ്രുവ് ജുറേല്‍, അഭിഷേക് ശർമ, റിയാൻ പരാഗ് എന്നിവർ ടി20 അരങ്ങേറ്റം നടത്തി. അഭിഷേകും പരാഗും ഇന്ത്യൻ ജഴ്സിയില്‍ ഇതാദ്യമായാണ് മത്സരിക്കുന്നത്. രണ്ടോവർ എറിഞ്ഞ അഭിഷേക് 17 റണ്‍സ് വിട്ടുനല്‍കി. ആവേശ് ഖാൻ, മുകേഷ് കുമാർ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബാറ്റിംഗ് അപ്രതീക്ഷിത തകർച്ചയെയാണ് നേരിട്ടത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 31 റൺസെടുത്തത് മാത്രമാണ് മുൻ നിരയിൽ എടുത്ത് പറയാനുള്ളത്. മുൻനിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഒമ്പതാമനായി ക്രീസിലെത്തിയ ആവേശ് ഖാൻ 16 റൺസ് നേടി. ഏഴാമനായി ക്രീസിലെത്തിയ വാഷിംഗ്ടൺ സുന്ദറിലായിരുന്നു ഇന്ത്യയുടെ അവസാന വിജയ പ്രതീക്ഷകൾ. എന്നാൽ 33 പന്തിൽ 27 റൺസുമായി പോരാടിയ സുന്ദറിന് വിജയത്തിലേക്ക് ഇന്ത്യയെ അടുപ്പിക്കാൻ കഴിഞ്ഞില്ല.