ലണ്ടൻ: നൂറാം മത്സരത്തിൽ ഗോൾ നേടിയ ഹാളണ്ടിന്റെ മികവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് വിജയത്തുടക്കം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സിറ്റി ചെൽസിയെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ നിറം മങ്ങിയ ചെൽസി രണ്ടാം പകുതിയിൽ പോരാട്ടവീര്യവുമായി തിരികെ വന്നെങ്കിലും ആക്രമിച്ച് കളിച്ച സിറ്റിയെ പിടിച്ച് നിർത്താനായില്ല. 18 ആം മിനിറ്റിൽ എർളിംങ് ഹാളണ്ട് നേടിയ ഗോളിലൂടെയാണ് സിറ്റി ഇക്കുറി കിരീട പോരാട്ടത്തിന് അവകാശ വാദം ഉന്നയിച്ച് രംഗത്ത് എത്തിയത്. ഗോൾ വീണതോടെ ചെൽസി ഉണർന്ന് കളിച്ചെങ്കിലും കളിയിലേയ്ക്കു തിരികെ വരാനായില്ല.
രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും ചെൽസിയ്ക്ക് ഗോളാക്കാൻ സാധിച്ചില്ല. ഇതിനിടെ 84 ആം മിനിറ്റിൽ മറ്റേയോ കൊവാനവിക് സിറ്റിയുടെ രണ്ടാം ഗോൾ നേടി. കളി അവസാനിക്കുമ്പോൾ സീസണിലെ ആദ്യ ജയം നേടി സിറ്റി ലീഗിന് സൂപ്പർ തുടക്കമിട്ടു കഴിഞ്ഞിരുന്നു. മറ്റൊരു മത്സരത്തിൽ ബെൻഫോർഡ് ക്രിസ്റ്റൽ പാലസിനെയാണ് പരാജയപ്പെടുത്തിയത്. ബ്രയാൻ മെബ്യൂമോ 29 ആം മിനിറ്റിലും, യാനേ വിസ 76 ആം മിനിറ്റിലും നേടിയ ഗോളിലാണ് ബെൻഫോർഡ് വിജയം കൊയ്തത്. ക്രിസ്റ്റൽ പാലസിനായി ഏതാൻ പിന്നോക്ക് 56 ആം മിനിറ്റിൽ ഏക ഗോൾ നേടി.