കൊച്ചി : 17 വർഷങ്ങൾക്കുശേഷം ഇന്ത്യ ലോക കിരീടം സ്വന്തമാക്കുമ്പോൾ ഇന്ത്യൻ ടീമിൽ മലയാളി സാന്നിധ്യം. ഇന്ത്യ ഇതുവരെ നേടിയ നാല് ലോകകപ്പുകളിലും ടീമിൽ മലയാളി സാന്നിധ്യം ഉണ്ടായിരുന്നു എന്നത് അത്ഭുതകരമായിരുന്നു. മലയാളികൾ ടീമിൽ ഉണ്ടാകുന്നത് ഇന്ത്യയ്ക്ക് ഭാഗ്യചിഹ്നമായി മാറുന്നു. 1983 ൽ ലോഡ്സിൽ കപിൽദേവിന്റെ ചെകുത്താൻമാർ ആദ്യ ലോകകപ്പ് നേടുമ്പോൾ പ്ലെയിങ് ഇലവനിൽ ഇല്ലെങ്കിലും ഇന്ത്യൻ ടീമിൽ കളിക്കാൻ ഒരു മലയാളിയുണ്ടായിരുന്നു. ഇന്ത്യയുടെ റിസർവ് ബെഞ്ചിൽ അന്ന് താരമായി ഉണ്ടായിരുന്നത് സുനിൽ വിൽസൺ എന്ന മലയാളിയായിരുന്നു. അതിനുശേഷം വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിനാണ് , 2007 ൽ ഇന്ത്യ പ്രഥമ ട്വൻ്റി 20 ലോകകപ്പ് സ്വന്തമാക്കുന്നത്. അന്ന് പാക്കിസ്ഥാന് എതിരായ ഫൈനലിൽ നിർണായക നിമിഷത്തിൽ ക്യാച്ച് സ്വന്തമാക്കിയത് ഇന്ത്യയുടെ മലയാളി താരം ശ്രീശാന്ത് ആയിരുന്നു. 2011 ലോക കിരീട വരൾച്ചയ്ക്ക് അറുതി വരുത്തി ഇന്ത്യയ്ക്കുവേണ്ടി മഹേന്ദ്ര സിംഗ് ധോണി ഏകദിന ലോകകപ്പ് സ്വന്തമാക്കുമ്പോൾ , അന്നും ഇതേ ശ്രീശാന്ത് തന്നെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം ഇന്ത്യ വെസ്റ്റിൻഡീസ് മണ്ണിലേക്ക് ബാറ്റുമെന്തി നടന്നു പോകുമ്പോൾ, റിസർവ് ബെഞ്ചിലാണെങ്കിലും ഇന്ത്യയ്ക്കുവേണ്ടി കളിക്കാൻ ഒരു മലയാളി താരമുണ്ടായിരുന്നു. ഇക്കുറി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയില്ലെങ്കിലും ഭാഗ്യചിഹ്നമായി മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസനും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ നേടിയ നാല് ലോകകപ്പുകളിലും കളിക്കളത്തിൽ മലയാളിയുടെ പേരുണ്ടായിരുന്നു. ഉറപ്പിച്ചു പറയാം ഇന്ത്യയ്ക്ക് ലോകകപ്പ് നേടണമെങ്കിൽ ടീമിൽ മലയാളി ഉണ്ടാകണം.