രാജാവിൻ്റെ രാജകീയ വേട്ട ! കോഹ്ലിയുടെയും ബൗളർമാരുടെയും മികവിൽ ഇന്ത്യയ്ക്ക് ലോകകപ്പ് ! 

ബ്രിഡ്ജ് ടൗൺ: 2007 ന് ശേഷം 17 വർഷത്തെ കാത്തിരിപ്പിന് അന്ത്യമിട്ട് ഇന്ത്യയ്ക്ക് ലോകകപ്പ് ! ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴു റണ്ണിന് തകർത്താണ് ടീം ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയത്. ബാറ്റിംഗിൽ വിരാട് കോഹ്ലിയുടെ മികവാർന്ന ഇന്നിംഗ്സും , നെഞ്ചോട് ചേർത്ത് പന്തറിഞ്ഞ ഇന്ത്യൻ ബൗളർമാരും ചേർന്നാണ് ലോകകപ്പ് ഇന്ത്യക്ക് നേടിത്തന്നത്. ഏഴു റണ്ണിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ അവസാന ഓവർ വരെ നീണ്ട ത്രില്ലിംഗ് മാച്ചിൽ പരാജയപ്പെടുത്തിയത്. ബുംറയുടെയും ഹാർദിക് പാണ്ഡ്യയുടെയും അർഷാദ്ദീപ് സിംഗിന്റെയും മികവാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യ നേടിയ 176 റണ്ണിന് ഏഴു റണ്ണകലെ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് അവസാനിപ്പിച്ചു. 2007ൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ആദ്യ ട്വൻ്റി 20 ലോകകപ്പ് നേടിയതിനു ശേഷം ആദ്യമായാണ് ഇന്ത്യയ്ക്ക് മറ്റൊരു ട്വൻ്റി 20 ലോകകപ്പ് ലഭിക്കുന്നത്. ആദ്യമായി ലോകകപ്പിന്റെ ഫൈനലിൽ എത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് അവരുടെ നിരാശ മാറ്റാനായില്ല. ദൗർഭാഗ്യത്തിന്റെ തുടർച്ചയായി തോൽവി ഏറ്റുവാങ്ങിയ ദക്ഷിണാഫ്രിക്ക കിരീടം ഇല്ലാതെ മടങ്ങി. 

Advertisements

ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ ആക്രമണോത്സുക തുടക്കമാണ് വിരാട് കോഹ്ലി സമ്മാനിച്ചത്. എന്നാൽ, രണ്ടാം ഓവറിന്റെ നാലാം പന്തിൽ രോഹിത്തിന് പിഴച്ചു. അഞ്ച് പന്തിൽ ഒൻപത് റണ്ണുമായി രോഹിത്ത് പുറത്ത്. വിക്കറ്റ് വീണതിന്റെ ലാഞ്ചന തെല്ലുമില്ലാതെ ആക്രമിച്ചു കളിക്കാൻ ശ്രമിച്ച ഋഷഭ് പന്ത് ഇതേ ഓവറിന്റെ അവസാന പന്തിൽ റണ്ണെടുക്കാതെ പുറത്ത്. 23 ന് പൂജ്യം എന്ന നിലയിൽ നിന്നും രണ്ട് പന്ത് കൊണ്ട് ഇന്ത്യയെ പ്രതിരോധത്തിലാക്കി 23 ന് രണ്ട് എന്ന നിലയിലാക്കിയത് ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജിന്റെ പന്തുകളായിരുന്നു. പിന്നാലെ ആഞ്ഞടിച്ച സൂര്യ കുമാർ യാദവ് കൂടി വീണതോടെ ഇന്ത്യ 34 ന് മൂന്ന് എന്ന നിലയിൽ ശ്വാസം കിട്ടാതെ പിടഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയത്താണ് അക്‌സർ പട്ടേൽ രക്ഷകനായി അവതരിക്കുന്നത്. 34 ൽ ഒത്തു ചേർന്ന ഇരുവരും ടീം ടോട്ടൽ നൂറ് കടത്തിയ ശേഷമാണ് പിന്മാറിയത്. കോഹ്ലി പിന്നിലേയ്ക്ക തട്ടിയിട്ട പന്തിൽ കണക്ക് കൂട്ടൽ തെറ്റിയ അക്‌സറിനെ ഡിക്കോക്ക് റണ്ണൗട്ടാക്കുകയായിരുന്നു. നാലു സിക്‌സറും ഒരു ഫോറും പറത്തി 31 പന്തിൽ 41 റണ്ണെടുത്ത് മിന്നും ഫോമിൽ നിൽക്കുകയായിരുന്നു ഈ സമയം അക്‌സർ. അക്‌സർ റണ്ണൗട്ടായതിനു പിന്നാലെ എത്തിയ ശിവം ദുബൈ പതിവ് പോലെ തിടുക്കം കാട്ടിയില്ല. 16 പന്തിൽ ഒരു സിക്‌സും മൂന്നു ഫോറും പറത്തി ക്രീസിൽ ഉറച്ച് നിന്ന് കോഹ്ലിയ്ക്കു മികച്ച പിൻതുണ നൽകി ദുബൈ. എന്നാൽ, സ്‌കോറിംങ് റേറ്റ് ഉയർത്താനുള്ള ശ്രമത്തിൽ കോഹ്ലി 76 റണ്ണുമായി പുറത്തായതിന് പിന്നാലെ ഇന്ത്യൻ താരങ്ങളുടെ ഘോഷയാത്ര തന്നെയുണ്ടായി. 163 ൽ കോഹ്ലിയും . 174 ൽ ശിവം ദുബൈയും, 176 ൽ ജഡേജയും (2) പുറത്തേയ്ക്ക് മടങ്ങി. രണ്ട് പന്തിൽ അഞ്ച് റണ്ണുമായി പാണ്ഡ്യ പുറത്താകാതെ നിന്നു. കേശവ് മഹാരാജും നോട്രിഡ്ജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റബാൻഡയും ജാനിസണും ഓരോ വിക്കറ്റ് എടുത്തു.

മറുപടി ബാറ്റിങ്ങിന് ആത്മവിശ്വാസത്തോടെ ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ രണ്ടാം ഓവറിൻ്റെ മൂന്നാം പന്തിൽ ബുംറ ഞെട്ടിച്ചു. റീസ ഹെൻട്രിക്കസ് (4) ക്ലീൻ ബൗൾഡ്. കളിയിൽ മടങ്ങിവരാൻ ശ്രമിച്ച മാക്രത്തിനെ (4)  പന്തിൻ്റെ കയ്യിൽ എത്തിച്ച അർഷദീപ് ഇന്ത്യയ്ക്ക് വീണ്ടും മുന്നേറ്റം നൽകി. 12 ന് രണ്ട് എന്ന നിലയിൽ നിന്ന ദക്ഷിണാഫ്രിക്കയെ രക്ഷിക്കാൻ സ്റ്റബ്സും (31) , ഡി ക്കോക്കും ഒത്ത് ചേർന്നു (39) . ഇരുവരും ചേർന്ന് 58 റൺ കുട്ടിച്ചേർത്തപ്പോൾ ഇന്ത്യയ്ക്ക് രക്ഷകനായി അക്സർ പട്ടേൽ എത്തി. സ്റ്റബ്സിനെ ക്ലീൻ ബൗൾഡ് ചെയ്ത് അക്സർ ഇന്ത്യയിലെ കളിയിലേയ്ക്ക് തിരികെ എത്തിച്ചു. എന്നാൽ , ഡിക്കോക്കിന് ഒപ്പം ക്ലാസൻ കൂടി ചേർന്നതോടെ ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം ഇരട്ടിയായി. 12 ആം ഓവറിൻ്റെ മൂന്നാം പന്തിൽ ഡിക്കോക്കിനെ ബൗണ്ടറി ലൈനിൽ കുൽദീപിൻ്റെ കയ്യിൽ എത്തിച്ച് അർഷദീപ് വീണ്ടും ആഞ്ഞടിച്ചു.

പുറത്താകുമ്പോൾ ഒരു സിക്സും നാല് ഫോറും പറത്തി 31 പന്തിൽ 39 റൺ ഡിക്കോക്ക് നേടിയിരുന്നു. ഡിക്കോക്ക് പുറത്തായതിന് പിന്നാലെ ക്ലാസനും മില്ലറും ചേർന്ന് അടിച്ച് തകർത്ത് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചു. 27 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും അടിച്ച് ഇന്ത്യയുടെ നെഞ്ചിൽ തീ കോരിയിട്ട് 52 റൺ അടിച്ച ക്ലാസനെ 16 ആം ഓവറിൻ്റെ ആദ്യ പന്തിൽ പാണ്ഡ്യ പന്തിൻ്റെ കയ്യിൽ എത്തിച്ചു. പതിനേഴാം ഓവർ ബുംറയെ ഏൽപ്പിച്ച ക്യാപ്റ്റൻ രോഹിത്തിൻ്റെ പ്രതീക്ഷ തെറ്റിയില്ല. നാലാം പന്തിൽ ബുംറയെ പ്രതിരോധിക്കാൻ ശ്രമിച്ച മാർക്കോ ജാനിസന് (2) പിഴച്ചു. ക്ലിൻ ബൗൾഡ് ! വീണ്ടും ബുംറ ആഞ്ഞടിച്ചു. നിർണ്ണായകമായ ഓവറിൽ രണ്ട് റൺ മാത്രം വഴങ്ങിയ ബുംറ ദക്ഷിണാഫ്രിക്കയെ ശരിക്കും വിറപ്പിച്ചു. നാല് ഓവർ പൂർത്തിയായപ്പോൾ 4.50 റൺ ശരാശരിയിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറ ആകെ വഴങ്ങിയത് 18 റണ്ണാണ്. അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടത് 16 റണ്ണായിരുന്നു. ക്രീസിൽ മില്ലറും , പന്ത് എറിഞ്ഞത് പാണ്ഡ്യയും ! ആദ്യ പന്തിൽ കിടിലൻ ക്യാച്ചുമായി സൂര്യ കുമാർ യാദവ് കളം നിറഞ്ഞതോടെ ദക്ഷിണാഫ്രിക്ക ഞെട്ടി. 16 പന്തിൽ 21 റണ്ണുമായി മില്ലർ പുറത്ത്. റബാൻഡയെ സൂര്യയുടെ കയ്യിൽ എത്തിച്ച് പാണ്ഡ്യ വീണ്ടും ആഞടിച്ചു. ബുംറയും അർഷ ദീപും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ  പാണ്ഡ്യ മൂന്നു വിക്കറ്റ് പിഴുത് ഇന്ത്യൻ വിജയത്തിൽ നിർണായകമായ ഇടപെടൽ നടത്തി. അക്സർ പട്ടേലിനാണ് ഒരു വിക്കറ്റ്.

Hot Topics

Related Articles