ബംഗളൂരു: ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണക്കേടിന്റെ മറ്റൊരു റെക്കോർഡ്. ന്യൂസിലൻഡിന് എതിരായ ആദ്യ ടെസ്റ്റിൽ അൻപത് കടക്കാനാവാതെ ടീം ഇന്ത്യ. സ്വന്തം മൈതാനത്തെ ഏറ്റവും കുറഞ്ഞ ടോട്ടൽ അടിച്ചാണ് ഇന്ത്യ ടെസ്റ്റിലെ നാണക്കേട് സ്വന്തമാക്കിയത്. അഞ്ച് ഇന്ത്യൻ ബാറ്റർമാർ പൂജ്യത്തിന് പുറത്തായ മത്സരത്തിൽ ഇന്ത്യ 31.2 ഓവറിൽ ആകെ നേടിയത് 46 റണ്ണാണ്..! കോഹ്ലി, സർഫാസ്, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. 63 പന്തിൽ 13 റണ്ണെടുത്ത ജയ്‌സ്വാളും, 49 പന്തിൽ 20 റണ്ണെടുത്ത പന്തും മാത്രമാണ് ഇന്ത്യൻ ടീമിൽ രണ്ടക്കം കടന്നത്. കിവീസിന് വേണ്ടി മാറ്റ് ഹെൻട്രി അഞ്ചും, റൗർക്കി നാലും വിക്കറ്റ് പിഴുതപ്പോൾ ടിം സൗത്തി ഒരു വിക്കറ്റ് വീഴ്ത്തി.
രാവിലെ കളി തുടങ്ങിയപ്പോൾ തന്നെ ഇന്ത്യ തകർന്നു തുടങ്ങി. ഒൻപത് റണ്ണെത്തിയപ്പോൾ സ്റ്റാർ ബാറ്റർമാരായ രോഹിത് ശർമ്മയും (2), കോഹ്ലിയും (0) പുറത്തായി. പ്രതീക്ഷ നൽകി കളത്തിലിറങ്ങിയ സർഫാസ് ഖാൻ(0) ഒരു റൺ കൂടി ബോർഡിൽ എത്തിയപ്പോൾ വീണു. പിന്നീട് പന്തും , ജയ്‌സ്വാളും ചേർന്നു കളിയിൽ ഇന്ത്യയെ തിരിച്ചു കൊണ്ടു വരാൻ ശ്രമിച്ചു. എന്നാൽ, 31 റൺ വരെ പ്രതിരോധിച്ച് നിന്ന ജയ്‌സ്വാളിന്റെ പ്രതിരോധം തകർന്നു. പതിവ് ആക്രമണം വിട്ട് അമിത പ്രതിരോധത്തിലേയ്ക്ക് നീങ്ങിയ ജയ്‌സ്വാൾ 63 പന്തിൽ നിന്നും 13 റണ്ണെടുത്താണ് പുറത്തായത്. ജയ്‌സ്വാൾ പുറത്തായതിന് പിന്നാലെ എത്തിയ രാഹുൽ ആറു പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായി. 33 ൽ രാഹുലും , ആറു പന്ത് കൂടി അധികം നേരിട്ട് ഒരു റൺ മാത്രം സ്‌കോർ ബോർഡിൽ കയറിയപ്പോൾ ജഡേജയും (0) പുറത്ത്. ലഞ്ചിനു പിരിയുമ്പോൾ 23 ഓവറിൽ 34 റണ്ണിന് ഇന്ത്യയുടെ ആറു വിക്കറ്റുകൾ വീണിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലഞ്ചിന് ശേഷം കളി തുടങ്ങിയപ്പോൾ പന്തിലായിരുന്നു ഇന്ത്യൻ പ്രതീക്ഷകളെല്ലാം. എന്നാൽ, ലഞ്ചിന് ശേഷം നേരിട്ട ആദ്യ പന്തിൽ തന്നെ അശ്വിൻ പുറത്ത്. അഞ്ച് റൺ കൂടി കൂട്ടിച്ചേർത്ത ശേഷം പന്ത് സ്‌ളിപ്പിൽ പിടി നൽകി മടങ്ങി. പിന്നെ വാലറ്റം കാര്യമായ ചെറുത്ത് നിൽപ്പില്ലാതെ കീഴടങ്ങി. കുൽദീപ് (2), ബുംറ (1), എന്നിവർ വീണപ്പോൾ, സിറാജ് (4) പുറത്താകാതെ നിന്നു. മികച്ച ഫീൽഡിംങും, ഇന്ത്യൻ ബാറ്റർമാരുടെ ഉത്തരവാദിത്വമില്ലായ്മയുമാണ് കിവീസിന് കാര്യങ്ങൾ എളുപ്പമാക്കിയത്.