ബെര്‍ലിന്‍: ആഴ്ച്ചകൾ നീണ്ട് നിന്ന ഗ്രൂപ്പ് നോക്ക്ഔട്ട് മത്സരങ്ങൾക്ക് ശേഷം യൂറോയിൽ ഇന്ന് കലാശപോര്. ഒരുവശത്ത് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച ടീമായി വിലയിരുത്തപ്പെടുന്ന സ്പെയിനും മറുവശത്ത് നിർണ്ണായക നിമിഷങ്ങളില്‍ അവസരത്തിനൊത്തുയർന്ന ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടുന്നു. തിങ്കളാഴ്ച്ച ഇന്ത്യന്‍ സമയം പുലർച്ചെ 12:30 നാണ് പോരാട്ടം. ഈ യൂറോയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരായ ലമിന് യമാലിന്റെ സാന്നിധ്യം തന്നെയാണ് സ്പെയിനിന്റെ കരുത്ത്. ഫൈനലിന് ഒരു ദിവസം മുമ്പ് പതിനേഴ് വയസ്സിലെത്തിയ യമാലിന് പിറന്നാൾ സമ്മാനമായി കിരീടം നല്കാന് കൂടിയാവും ടീം ഇറങ്ങുന്നത്. തുടരെ രണ്ടു യൂറോ കിരീടങ്ങളും ലോകകപ്പും സ്വന്തമാക്കിയ 2008-12 സുവര്‍ണ കാലഘട്ടത്തിനുശേഷം ആദ്യമായാണ് സ്പെയിൻ ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനല്‍ കളിക്കുന്നത്.
യമാലിന് പുറമെ സഹവിങ്ങറായി കൂടെയുള്ള നിക്കോ വില്യംസും മികച്ച പ്രകടനമാണ് ടൂർണ്ണമെന്റിലുടനീളം നടത്തുന്നത്. ഈ മുന്നേറ്റ നിരയ്ക്കൊപ്പം ഉൾച്ചേർന്നു നിൽക്കുന്ന റോഡ്രിയും ഫാബിയന്‍ റൂയിസുമടങ്ങുന്ന മിഡ്ഫീൽഡും ഇംഗ്ലണ്ടിന് മുമ്പിൽ സ്പെയിനിന്റെ അധിക ആനുകൂല്യമാണ്. കരുത്തരായ ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ ടീമുകളെ നോക്ക്ഔട്ടുകളിൽ ഏകപക്ഷീയമായി തോൽപ്പിക്കാനായി എന്നതും ആത്മവിശ്വാസമാകും. ഈ കിരീടം കൂടി നേടിയാൽ നാലാം യൂറോ കിരീടം നേടുന്ന ആദ്യ ടീമാവാനും സ്പെയിനിന് കഴിയും. 1964, 2008, 2012 എന്നീ വർഷങ്ങളിലാണ് സ്പെയിൻ ഇതിന് മുമ്പ് യൂറോ കിരീടം നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുവശത്ത് മികച്ച ടീമുണ്ടായിട്ടും അതിനനുസരിച്ചുള്ള പ്രകടനം നടത്താൻ കഴിയാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലാലീഗയിലും കളിക്കുന്ന മികച്ച ഒരുപിടി താരങ്ങളുണ്ടായിട്ടും പല മത്സരങ്ങളിലും താരങ്ങളുടെ വ്യക്തിഗത മികവിന്റെ അടിസ്ഥാനത്തിലാണ് ടീം ജയിച്ചു കയറിയത്. എന്നാൽ നെതർലാൻഡിനെതിരെയുള്ള നിർണ്ണായക സെമിയിൽ അവസരത്തിനൊത്ത് ടീം ഗെയിം കളിക്കാൻ സൗത്ത്ഗേറ്റിന്റെ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളി മുതൽ ടീമിന്റെ വിരസമായ ശൈലിക്ക് പഴികേൾക്കുന്ന പരിശീലകൻ സൗത്ത്ഗേറ്റിന് കിരീരം നേടിയാൽ അത് കണക്കുകൾ കൊണ്ടുള്ള മറുപടിയാകും. സ്വന്തം മണ്ണില്‍ 1966-ല്‍ ലോകകപ്പ് നേടിയശേഷം പ്രമുഖ ടൂര്‍ണമെന്റുകളിലൊന്നും വിജയിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ യൂറോ ഫൈനലില്‍ സ്വന്തം നാട്ടില്‍ ഇറ്റലിയോട് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോറ്റു. 58 വര്‍ഷത്തിനിടയിലെ ആദ്യ കിരീടമാണ് ഇംഗ്ലണ്ട് ലക്ഷ്യം വെയ്ക്കുന്നത്.