ദുബായ്: ഏഷ്യാക്കപ്പിൽ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് തകർത്ത് തരിപ്പണമാക്കി ഇന്ത്യയ്ക്ക് വിജയത്തുടക്കം. അവസാന ഓവർ വരെ ആവേശം നിലനിന്ന മത്സരത്തിൽ അവസാന ഓവറിന്റെ നാലാം പന്തിൽ ഹാർദിക് പാണ്ഡ്യ പറത്തിയ സിക്‌സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. വിജയത്തിന് ഏഴു റൺ അകലെ ജഡേജയെ നഷ്ടമായത് ആശങ്കയ്ക്കിടയാക്കിയെങ്കിലും പാണ്ഡ്യയുടെ പടുകൂറ്റൻ അടി വിജയം ഇന്ത്യയ്ക്ക് സമ്മാനിച്ചു.
സ്‌കോൾ
പാക്കിസ്ഥാൻ – 147 -9
ഇന്ത്യ – 148-05
ടോസ് നഷ്ടമായി ബാറ്റിംങിന് ഇറങ്ങിയ പാക്കിസ്ഥാനെ അർഷർദ്വീപും, ഭുവനേശ്വറും വരിഞ്ഞ് മുറുക്കുകയായിരുന്നു. ആദ്യ രണ്ട് അവസരങ്ങളിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട പാക്കിസ്ഥാൻ ടീം നില ഉറപ്പിച്ച് തുടങ്ങും മുൻപ് തന്നെ ക്യാപ്റ്റൻ ബാബർ അസമിനെ ബൗൺസറിൽ കുടുക്കി ഭുവനേശ്വർകുമാർ പറഞ്ഞയച്ചു. രണ്ടു ബൗണ്ടറിയടിച്ച് ട്രാക്കിലേയ്ക്കു കയറാനൊരുങ്ങിയ ഫക്കർ സമാനെ ആവേശ് ഖാനും മടക്കിയതോടെ ഇന്ത്യ ആവേശത്തിലായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് ഓപ്പണർ റിസ്വാനും (43), ഇഫ്തിക്കർ അഹമ്മദും കൃത്യമായി ശ്രദ്ധിച്ച് തന്നെയാണ് കളിമെനഞ്ഞത്. രണ്ടു പേരെയും പുറത്താക്കി പാണ്ഡ്യയാണ് മധ്യനിരയെ തകർത്തെറിഞ്ഞത്. 128 ഒൻപത് എന്ന നിലയിൽ തകർന്ന പാക്കിസ്ഥാനെ ആറു പന്തിൽ 16 റണ്ണടിച്ച് ധനിയും, ഏഴ് പന്തിൽ 13 റണ്ണടിച്ച് റൗഫുമാണ് മാന്യമായ സ്‌കോറിൽ എത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർകുമാർ നാലും, പാണ്ഡ്യമൂന്നും, അർഷർദ്വീപ് രണ്ടും, ആവേശ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി. പാക്കിസ്ഥാൻ 19.5 ഓവറിൽ 147 ന് ഓൾ ഔട്ടായി. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യം തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണർ കെ.എൽ രാഹുലിനെയാണ് റണ്ണെടുക്കും മുൻപ് ഇന്ത്യയ്ക്ക് നഷ്ടമായത്.
പിന്നീട്, കോഹ്ലിയും (35), ക്യാപ്റ്റൻ രോഹിത്തും (12) ചേർന്നു സ്‌കോർ മുന്നോട്ട് കൊണ്ടു പോകുന്നതിനിടെ രോഹിത്തിനെ മുഹമ്മദ് നവാസ് വീഴ്ത്തി. തൊട്ട് പിന്നാലെ സിക്‌സിനുയർത്തിയ പന്ത് ഇഫ്ത്തിക്കർ അഹമ്മദിന്റെ കയ്യിൽ എത്തിച്ച് കോഹ്ലിയും മടങ്ങി. പിന്നാലെ, സൂര്യകുമാർ യാദവും ജഡേയും ഇന്ത്യൻ ഡ്രൈവിംങ് ഏറ്റെടുത്തു. പുതുമുഖം നസീം ഷായുടെ പന്തിൽ ക്ലീൻ ബൗൾഡായി സൂര്യകുമാർ യാദവ് (18) പുറത്തായതോടെ ഇന്ത്യ അപകടം മണത്തു. എന്നാൽ, ജഡേജയ്ക്ക് കൂട്ടായ് പാണ്ഡ്യയെത്തിയതോടെ സ്‌കോർ മുന്നിലേയ്ക്കു കുതിച്ചു. രണ്ടു സിക്‌സും രണ്ടു ഫോളും സഹിതം 35 റണ്ണെടുത്തു നിന്ന ജഡേജ വിജയത്തിന് ഏഴു റൺ അകലെ ബൗൾഡായി മടങ്ങി. 17 പന്തിൽ നാലു ഫോറും ഒരു സിക്‌സും സഹിതം 33 റണ്ണെടുത്ത പാണ്ഡ്യ വിജയത്തിന്റെ ഒരറ്റത്തു നിലയുറപ്പിച്ചു.