മുംബൈ: വാംഖഡെയിൽ പന്തിന്റെ പ്രതിരോധം തകർന്നതോടെ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് കിവീസ്. അവസാന മൂന്നു വിക്കറ്റുകൾ ഒരു റൺ പോലും എടുക്കും മുൻപ് പിഴുതെടുത്ത ന്യൂസിലൻഡ് സ്പിന്നർമാർ ഇന്ത്യയ്ക്ക് സമ്മാനിച്ചത് ദയനീയ തോൽവി. ഇന്ത്യൻ നിരയിൽ പന്തും (64), വാഷിംങ്ടൺ സുന്ദറും (12), രോഹിത് ശർമ്മയും (11) മാത്രമാണ് രണ്ടക്കം കണ്ടത്.
147 എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംങ്‌സിൽ ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി യാതൊരു ഉത്തരവാദിത്വവുമില്ലാതെ കടന്നാക്രമിച്ചു കളി തുലയ്ക്കാൻവേണ്ടി തന്നെയാണ് രോഹിത് ശർമ്മ ഇറങ്ങിയത്. പലപ്പോഴും ഭാഗ്യം കൊണ്ടു മാത്രമാണ് വിക്കറ്റിന് മുന്നിൽ കുടുങ്ങാതെയും ഫീൽഡർമാരുടെ പിടിയിൽ പെടാതെയും രോഹിത് രക്ഷപെട്ടത്. 11 പന്തിൽ രണ്ട് ഫോറടിച്ച് 11 റൺ എടുത്ത രോഹിത്തിനെ ഹെൻട്രിയുടെ പന്തിൽ ഫിലിപ്‌സ് പിടിച്ചു പുറത്താക്കി. ഈ സമയം ഇന്ത്യൻ സ്‌കോർ ബോർഡിൽ ആകെ 13 റൺ മാത്രമാണ് ഉണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നു റൺ കൂടി ചേർത്തപ്പോഴേയ്ക്കും സ്പിന്നിൽ ഗില്ലിന്റെ വീക്ക് നെസ് തെളിഞ്ഞു വന്നു. അജാസ് പട്ടേലിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി ഗിൽ മടങ്ങുമ്പോൾ ആകെ നേരിട്ടത് നാലു പന്ത്. രണ്ട് റണ്ണും രണ്ട് ഓവറും മാത്രമായിരുന്നു കോഹ്ലിയ്ക്ക് ആയുസ്. ഇന്ത്യൻ സ്‌കോർ 18 ൽ എത്തിയപ്പോൾ കോഹ്ലി ഏഴു പന്തിൽ നിന്നും ഒരു റണ്ണുമായി പുറത്ത്. അജാസ് പട്ടേലിന്റെ പന്തിൽ ഡാരി മിച്ചലിന് ക്യാച്ച്. പന്ത് ക്രീസിലെത്തി കളി മാറുമെന്ന് ആരാധർ പ്രതീക്ഷിച്ചിരിക്കുന്ന സമയത്ത് ജയ്‌സ്വാൾ വീണു.
ഇന്ത്യൻ സ്‌കോർബോർഡിൽ പത്ത് റൺ കൂടി ചേർന്നപ്പോഴേയ്ക്കുമാണ് ഓപ്പണർ മടങ്ങിയത്. താളം കണ്ടെത്താൻ നന്നേ വിഷമിച്ചിരുന്ന ജയ്‌സ്വാൾ 16 പന്ത് നേരിട്ടിരുന്നു. എന്നാൽ, ഗ്ലെൻ ഫിലിപ്പ്‌സിന്റെ ആറാം ഓവറിലെ അഞ്ചാം പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയ ജയ്‌സ്വാൾ പുറത്ത്. ഇന്ത്യ 28 ന് അഞ്ച്. ഒരു റണ്ണും രണ്ടു പന്തും മാത്രമായിരുന്നു യുവ പ്രതീക്ഷ സർഫാസ് ഖാന്റെ ആയുസ്. ശ്രദ്ധിച്ച് കളിക്കേണ്ട കളി അനാവശ്യമായി ആക്രമിച്ച് കളിച്ച് സർഫാസും മടങ്ങി. പട്ടേലിന്റെ പന്തിൽ രചിൻ രവീന്ദ്രയുടെ ക്യാച്ചിലാണ് സർഫാസ് മടങ്ങിയത്. പിന്നാലെ എത്തിയ ജഡേജ പന്തിന് മാന്യമായി പിൻതുണ നൽകി. എന്നാൽ, പട്ടേലിന്റെ ശ്രദ്ധിച്ച് കളിയ്‌ക്കേണ്ട പന്തിൽ അപ്രതീക്ഷിതമായി ബാറ്റ് വച്ച ജഡേജയ്ക്ക് പിഴച്ചു. വിൽ യങിന്റെ മുഴു നീള ഡൈവിൽ ജഡേജ പുറത്ത്. 29 ൽ ഒത്തു ചേർന്ന ജഡേജ പന്ത് സഖ്യം പിരിഞ്ഞത് 71 ലായിരുന്നു.
ലഞ്ചിന് ശേഷം കളത്തിലെത്തിയ ഇന്ത്യയ്ക്ക് ആദ്യം തന്നെ നഷ്ടമായത് പന്തിന്റെ വിക്കറ്റായിരുന്നു. വിജയത്തിലേയ്ക്കുള്ള ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന പന്ത് 57 പന്തിൽ ഒൻപത് ഫോറും ഒരു സിക്‌സറും പറത്തി 64 റൺ എടുത്തു നിൽക്കെയാണ് ദൗർഭാഗ്യകരമായി ഔട്ടായത്. പട്ടേലിന്റെ പന്തിനെ മുന്നിലേയ്ക്കു കയറി ആക്രമിക്കാനുള്ള ശ്രമത്തിനിടെ പന്തിന്റെ ബാറ്റിലും പാഡിലും തട്ടി ഉയർന്ന പന്ത് കീപ്പർ ബ്ലണ്ടൽ ക്യാച്ചെടുക്കുകയായിരുന്നു. 106 ൽ പന്ത് പുറത്താകുമ്പോൾ ക്രീസിൽ സുന്ദറും, അശ്വിനും ഒന്നു ചേർന്നു.
രണ്ടു പേരും ചേർന്ന് സ്‌കോർ 121 വരെ എത്തിച്ചു. 121 ൽ അശ്വിൻ (8) പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ കളിയും തീർന്നു. ഇതേ സ്‌കോറിൽ തന്നെ ആകാശ് ദീപ് (0) , സുന്ദർ (12) എന്നിവർ പുറത്തായി. സുന്ദറിനെ പട്ടേൽ ക്ലീൻ ബൗൾഡ് ആക്കിയപ്പോൾ ഒരു പന്ത് മാത്രം ആയുസുണ്ടായിരുന്ന ആകാശ് ദീപ് ഫിലിപ്‌സിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആകുകയായിരുന്നു. ഇതോടെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 121 ൽ അവസാനിച്ചു. 14.1 ഓവറിൽ 57 റൺ വഴങ്ങിയ അജാസ് പട്ടേൽ ആറു വിക്കറ്റുകൾ പിഴുതു. 12 ഓവർ എറിഞ്ഞ ഗ്ലെൻ ഫിലിപ്‌സ് മൂന്നും മൂന്ന് ഓവർ എറിഞ്ഞ് മാറ്റ് ഹെൻട്രി ഒരു വിക്കറ്റും വീഴ്ത്തി. കിവീസിന്റെ ആദ്യ ഇന്നിംങ്‌സ് സ്‌കോറായ 235 ന് എതിരെ ഇന്ത്യ ഒന്നാം ഇന്നിംങ്‌സിൽ 263 റൺ എടുത്തിരുന്നു. എന്നാൽ, രണ്ടാം ഇന്നിംങ്‌സിൽ കിവീസ് ഉയർത്തിയ 174 ന് എതിരെ ഇന്ത്യയ്ക്ക് 121 റൺ മാത്രമാണ് ഉയർത്താനായത്. ഇതോടെ 25 റണ്ണിന്റെ തോൽവി.