മുംബൈ: വാംഖഡെയിൽ സ്പിന്നിനെ അമിതമായി പിൻതുണയ്ക്കുന്ന പിച്ചിൽ നാലാം ഇന്നിംങ്സിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 147 റൺസ്..! രണ്ടാം ഇന്നിംങ്സിൽ കിവീസിനെ 174 ന് പുറത്താക്കിയാണ് ഇന്ത്യ വിജയപ്രതീക്ഷ നിലനിർത്തിയത്. എന്നാൽ, സ്പിന്നിനെ പിൻതുണയ്ക്കുന്ന പിച്ചിൽ ഇന്ത്യയുടെ ബാറ്റർമാരുടെ ബാറ്റിംങ് എങ്ങിനെയാകും എന്നാണ് ഇനി കാണേണ്ടത്. ഈ ടെസ്റ്റിൽ വിജയിക്കാനായാൽ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ ബർത്തിലേയ്ക്ക് പ്രതീക്ഷ വയ്ക്കാം.
മൂന്നാം ദിനം രണ്ടാം ഇന്നിംങ്സിനായി ബാറ്റിംങിന് ഇറങ്ങിയ ന്യൂസിലൻഡിന് 14 പന്തിന്റെ മാത്രമാണ് ആയുസുണ്ടായിരുന്നത്. ജഡേജയും അശ്വിനും മാത്രമാണ് മൂന്നാം ദിനം ബോൾ ചെയ്തത്. ജഡേജ എട്ടു പന്തും അശ്വിൻ ഒരു ഓവറും ബോൾ ചെയ്തു. പ്രതിരോധിച്ച് കളിച്ച് ലീഡ് ഉയർത്താമെന്ന കിവീസ് സ്വപ്നം തകർത്ത് അജാസ് പട്ടേലിനെ (8) ആകാശ് ദീപിന്റെ കയ്യിൽ എത്തിച്ച് ജഡേജയാണ് അമിത ലീഡിലേയ്ക്ക് കിവീസിനെ അയക്കാതിരുന്നത്. വില്വം റൂർക്കി (2) പുറത്താകാതെ നിന്നു. സ്കോർ – ന്യൂസിലൻഡ് – 235, 174 ഇന്ത്യ – 263.22 ഓവറിൽ ഒരു മെയ്ഡൻ അടക്കം 65 റൺ വിട്ടു കൊടുത്ത ജഡേജ അഞ്ചു വിക്കറ്റ് പിഴുതു. 17 ഓവർ എറിഞ്ഞ അശ്വിൻ 63 റൺ വഴങ്ങി മൂന്നു വിക്കറ്റും, ആകാശ് ദീപും വാഷിംങ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് ഇന്നിംങ്സിലുമായി ജഡേജ പത്തു വിക്കറ്റ് പിഴുതിട്ടുണ്ട്.