വാംഖഡേ: ഐപിഎല്ലിൽ ലഖ്‌നൗവിന് എതിരെ തകർപ്പൻ വിജയവുമായി മുംബൈ. ജസ്പ്രീത് ബുംറയും ബൗളർമാരും നടത്തിയ തകർപ്പൻ പ്രകടനമാണ് മുംബൈയ്ക്ക് 54 റണ്ണിന്റെ ഉജ്വല വിജയം സമ്മാനിച്ചത്. സ്‌കോർ: മുംബൈ: 215 /7 ലഖ്‌നൗ: 161
ടോസ് നേടിയ ലഖ്‌നൗ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നല്ല തുടക്കം നൽകി സ്‌കോർ 33 ൽ നിൽക്കെ രോഹിത് (12 അഞ്ച് പന്തിൽ) മി്ങി. പിന്നാലെ കളിയുടെ നിയന്ത്രണം റിക്കിൾട്ടണും (58), വിൽ ജാക്‌സും (29) ഏറ്റെടുത്തു. രണ്ട് പേരും ചേർന്ന കൂട്ടുകെട്ട് 88 റണ്ണിലാണ് പിരിഞ്ഞത്. റിക്കൾട്ടണിനെ പുറത്താക്കിയ ദിഗ്വേഷ് രാത്തിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. 116 ൽ വിൽ ജാക്‌സ് (29) കൂടി പോയതോടെ മുംബൈ പ്രതിരോധത്തിലാകുമെന്ന് ലഖ്‌നൗ പ്രതീക്ഷിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, 137 ൽ തിലക് വർമ്മ വീണെങ്കിലും ഒരു വശത്ത് ഉറച്ചു നിന്ന സൂര്യകുമാർ യാദവ് (28 പന്തിൽ 54) തകർപ്പൻ അടിയിലൂടെ മുംബൈയെ കളിയിലേയ്ക്ക് തിരികെ എത്തിച്ചു. 157 ൽ ഹാർദിക്കും (5) 180 ൽ സൂര്യയും വീണെങ്കിലും നമാൻ ധിറും (25) ബോഷും (20) നടത്തിയ വെടിക്കെട്ട് പ്രകടനം മുംബൈയെ 215 ൽ എത്തിച്ചു. മായങ്ക് യാദവും ആവേശ് ഖാനും രണ്ട് വീതവും പ്രിൻസ് യാദവും, ദിഗ്വേഷ് രാത്തിയും ബിഷ്‌ണോയിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച ലഖ്‌നൗവിനെ ഞെട്ടിച്ച് ബുംറയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്നാം ഓവറിലെ നാലാം പന്തിൽ മിച്ചൽ മാർഷിനെ (09) നമാൻ ധിറിന്റെ കയ്യിൽ എത്തിച്ച് ബുംറ ആഞ്ഞടിച്ചു. നിലയുറപ്പിക്കുമെന്ന് കരുതിയ നിക്കോളാസ് പൂരാനെ (27) വിൽ ജാസ്‌കും തൂക്കി. രണ്ട് പന്ത് മാത്രം ആയുസുണ്ടായിരുന്ന പന്തിനെയും (4) ജാക്‌സ് തന്നെ വീഴ്ത്തി. 110 ൽ സ്‌കോർ എത്തിച്ച മിച്ചൽ മാർഷിനെ (34) ബോൾട്ട് തിലക് വർമ്മയുടെ കയ്യിൽ എത്തിച്ചു. 135 ൽ സ്‌കോർ നിൽക്കെ അത് വരെ മികച്ച രീതിയിൽ കളിച്ച ആയുഷ് ബദോനിയ്ക്ക് അടി തെറ്റി. 22 പന്തിൽ നിന്നും 35 റണ്ണെടുത്ത ബദോനിയെ ബോൾട്ട് വിൽ ജാക്‌സിന്റെ കയ്യിൽ എത്തിച്ചു.
ആക്രമണം പ്രതീക്ഷിച്ച് ഇമ്പാക്ട് പ്ലെയർ ആക്കിയ ഡേവിഡ് മില്ലറെയും (24), അബ്ദുൾ സമദിനെയും (2), ആവേശ് ഖാനെയും (0) ഒരു ഓവറിന്റെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ബുംറ കളിയിലേയ്ക്ക് ലഖ്‌നൗ ഒരിക്കലും തിരിച്ച് വരില്ലെന്ന് ഉറപ്പാക്കി. രവി ബിഷ്‌ണോയിയെ (13) ബോഷും, ദിഗ്വേഷിനെ (8) ബോൾട്ടും വീഴ്ത്തിയതോടെ ലഖ്‌നൗ പ്രതിരോധം അവസാനിച്ചു. ഫോമിലെത്തിയാൽ ഏറ്റവും അപകടകാരി ആരാണ് എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകിയ ബുംറ നാല് ഓവറിൽ നിന്നും 22 റൺ മാത്രം വഴങ്ങി നാല് വിക്കറ്റാണ് വീഴ്ത്തിയത്. ബോൾട്ട് മൂന്നും, ജാക്‌സ് രണ്ടും, ബോഷ് ഒരു വിക്കറ്റും പിഴുതു.