റിയാദ്: കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് ഇന്നലെ പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക കാരണങ്ങളാല്‍ റിയാദിലിറക്കി. ഇതോടെ ഉംറ തീർഥാടകരുള്‍പ്പടെ 250ഓളം യാത്രക്കാർ പ്രയാസത്തിലായി.
കരിപ്പൂരില്‍ നിന്ന് തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 9.10 ന് പുറപ്പെട്ട വിമാനം സൗദി സമയം 12 മണിയോടെ ജിദ്ദയില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ അവിചാരിതമായുണ്ടായ സാങ്കേതിക കാരണങ്ങളാല്‍ ചൊവ്വാഴ്ച പുലർച്ചെ 2.30-ഓടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
യാത്രക്കാരെ മുഴുവൻ വിമാനത്താവളത്തിലെ ടെർമിനലിലേക്ക് മാറ്റുകയും ചെയ്തു. അതില്‍ കുറച്ചധികം പേരെ ചൊവ്വാഴ്ച രാവിലെയോടെ ഡൊമസ്റ്റിക് ടെർമിനിലേക്ക് കൊണ്ടുവന്നു. വിവിധ ആഭ്യന്തര വിമാനങ്ങളില്‍ ജിദ്ദയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇൻഡിഗോയുടെ റിയാദിലെ അധികൃതർ. പുലർച്ചെ ഒരു കേക്കും ജ്യൂസും മാത്രമാണ് കിട്ടിയതെന്നും ഭക്ഷണം കിട്ടാത്തത് പ്രയാസത്തിലാഴ്ത്തിയെന്നും യാത്രക്കാർ പറഞ്ഞു. ആറ് ഉംറ ഗ്രൂപ്പുകള്‍ക്ക് കീഴില്‍ പുറപ്പെട്ട തീർഥാടകരും ജിദ്ദയിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളുമാണ് യാത്രക്കാരായുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമയത്തിന് ഭക്ഷണം കിട്ടാത്തതിനാല്‍ കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉള്‍പ്പടെയുള്ളവർ പ്രയാസം അനുഭവിക്കുകയാണ്. എന്നാല്‍ അവർക്ക് ആവശ്യമായ ഭക്ഷണമെത്തിക്കാനും ലഭ്യമായ വിമാനങ്ങളിലും ബസ് മാർഗവും യാത്രക്കാരെ ജിദ്ദയിലെത്തിക്കാൻ ശ്രമം നടത്തുകയാണെന്നും ഇൻഡിഗോ വൃത്തങ്ങള്‍ അറിയിച്ചു.