ന്യൂഡൽഹി : തകർത്തടിച്ച് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ സ്കോറിനെ പോലും മറികടക്കാൻ ആവാതെ ഇന്ത്യക്ക് മുന്നിൽ ട്വൻ്റി 20 പരമ്പര അടിയറ വച്ച് ഇംഗ്ലണ്ട്. സ്കോർ – ഇന്ത്യ 247/9. ഇംഗ്ലണ്ട് – 97. 54 പന്തിൽ 135 റൺ എടുത്ത അഭിഷേക് ശർമയാണ് ഇംഗ്ലണ്ടിനെ തകർത്തത്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ആർച്ചറിനെ രണ്ടു സിക്സറിനു പറത്തിയ സഞ്ജു ഇന്ത്യൻ നയം ആക്രമണമാണ് എന്ന് വ്യക്തമാക്കി. എന്നാൽ ഏഴു പന്തിൽ രണ്ടു സിക്സും ഒരു ഫോറും സഹിതം 16 റൺ എടുത്ത സഞ്ജു അതിവേഗം മടങ്ങി. 24 റണ്ണുമായി തിലക് വർമ്മയും , രണ്ടു റണ്ണുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവും വേഗം മടങ്ങിയതോടെ ഇന്ത്യയിൽ ഒതുക്കി കെട്ടാം എന്നായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ. എന്നാൽ ഒരു വശത്ത് ഉറച്ചുനിന്നു തകർത്തടിച്ച അഭിഷേക് ശർമ ഇംഗ്ലീഷ് പ്രതീക്ഷകളെ അസ്ഥാനത്താക്കി. 54 പന്തിൽ 13 സിക്സും ഏഴ് ഫോറും സഹിതം 135 റൺ എടുത്ത അഭിഷേക് ശർമ പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്കോർ 250 ന് അടുത്തെത്തിയിരുന്നു. ശിവം ദുബൈ (30) , പാണ്ഡ്യ (9) , റിങ്കു സിങ്ങ് (9) , അക്സർ പട്ടേൽ (15) , രവി ബിഷ്ണോയി (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇംഗ്ലണ്ടിനു വേണ്ടി ക്രേസ് മൂന്ന് വിക്കറ്റും , മാർക്ക് വുഡ് രണ്ട് വിക്കറ്റും വീഴ്ത്തി. ആർച്ചറും ഓവർടണും ആദിൽ റഷീദും ഓരോ വിക്കറ്റ് പങ്കിട്ടു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനെ ഇന്ത്യൻ ബൗളിംഗ് നിര വരിഞ്ഞുമുറുക്കി. 23 ൽ ഡക്കറ്റ് (0) , 48 ൽ ജോസ് ബട്ലർ (7) , 59 ൽ ഹാരി ബ്രൂക്ക് (2) എന്നിവർ വീണു. 23 പന്തിൽ 55 റൺ എടുത്ത സാൾട്ട് മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഷമി മൂന്നു വിക്കറ്റും , അഭിഷേക് ശർമ, ശിവം ദുബൈ , വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രവി ബിഷ്ണോയ്ക്കാണ് ഒരു വിക്കറ്റ്.