ഡര്ബന്: സൗത്താഫ്രിക്കയുമായുള്ള ആദ്യത്തെ ടി20 പോരാട്ടം ഇന്നു രാത്രി ഡര്‍ബനിലെ കിങ്സ്മെഡില്‍ നടക്കാനിരിക്കെ ടീം ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടി.പരിക്കു കാരണം ക്യാപ്റ്റനും 360 ബാറ്ററുനായ സൂര്യകുമാര്‍ യാദവിനു ഈ മല്‍സരം നഷ്ടമായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം പരിശീലന സെഷനിടെയാണ് സൂര്യയുടെ കൈയ്ക്കു പരിക്കേറ്റിരിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയെ സംബന്ധിച്ച് മാറ്റി നിര്‍ത്താനാവാത്ത താരമാണ് സ്കൈ. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നാല്‍ ക്യാപ്റ്റനെ മാത്രമല്ല മാച്ച് വിന്നറായ ബാറ്ററെ കൂടിയാണ് ഇന്ത്യക്കു നഷ്ടമാവുക. സൂര്യയില്ലെങ്കില്‍ ആദ്യ ടി20യില്‍ ജയത്തോടെ തുടങ്ങുകയെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കും മങ്ങലേല്ക്കാന് സാധ്യതയുണ്ട്.
ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനിടെയാണ് സൂര്യകുമാര്‍ യാദവിന്റെ വലതു കൈയ്ക്കു പരിക്കേറ്റത്. നെറ്റ്സില്‍ വച്ച് ഫാസ്റ്റ് ബൗളര്‍ക്കെതിരേ ബാറ്റിങ് പരിശീലനം നടത്തവെ പന്ത് കൈയില്‍ കൊണ്ടതാണെന്നാണ് വിവരം. ഇതേ തുടര്‍ന്ന് കൈയില്‍ ഐസ് പായ്ക്ക് വച്ച് ടീം ഫിസിയോക്കൊപ്പം നെറ്റ് സെഷനില്‍ നിന്നും സൂര്യ മടങ്ങുന്ന ദൃശ്യങ്ങള്‍ സ്പോര്‍ട്സ് ഫാക്ട് റിയലെന്ന യൂട്യൂബ് ചാനലാണ് പുറത്തു വിട്ടിരിക്കുന്നത്. കടുത്ത വേദനയിലാണ് സൂര്യ ഈ വീഡിയോയില്‍ കാണപ്പെടുന്നത്. പരിക്കിനെക്കുറിച്ച് മാധ്യമപ്രവര്ത്തകന് അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ തനിക്കൊപ്പമുള്ള ടീം ഫിസിയോയോടു ചോദിക്കൂയെന്നായിരുന്നു മറുപടി. പരിക്കു അത്ര നിസാരമല്ലെന്നും ചുരുങ്ങിയത് ആദ്യത്തെ ടി20യെങ്കിലും അദ്ദേഹത്തിനു നഷ്ടമാവാനാണ് 60 ശതമാനം സാധ്യതയെന്നും സ്പോര്‍ട്സ് ഫാക്ട് റിയലിന്റെ മാധ്യമപ്രവര്ത്തകന് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂര്യകുമാര്‍ യാദവിനു ആദ്യത്തെ ടി20 മല്‍സരത്തില്‍ പുറത്തിരിക്കേണ്ടി വരികയാണെങ്കില്‍ ഇന്ത്യന്‍ ടീമിനെ ആരു നയിക്കുമെന്നതാണ് ശ്രദ്ധേയമായ ചോദ്യം. നിലവില്‍ ഈ പരമ്ബരയില്‍ വൈസ് ക്യാപ്റ്റനായി ആരെയും പ്രഖ്യാപിച്ചിട്ടില്ല. ബംഗ്ലാദേശുമായുള്ള തൊട്ടുമുമ്ബത്തെ പരമ്ബരയിലും ഇതു തന്നെയാണ് സംഭവിച്ചത്. എന്നാല്‍ ടി20 ലോകകപ്പിനു ശേഷം ശുഭ്മന്‍ ഗില്ലിനു കീഴില്‍ സിംബാബ്വെയില് ഇന്ത്യന്‍ ടീം ടി20 പരമ്ബര കളിച്ചപ്പോള്‍ സഞ്ജു സാംസണായിരുന്നു വൈസ് ക്യാപ്റ്റന്‍. സൗത്താഫ്രിക്കയുമായി ഇന്നു നടക്കാനിരിക്കുന്ന ആദ്യ ടി20യില്‍ സൂര്യ കളിച്ചില്ലെങ്കില്‍ നായകസ്ഥാനത്തേക്കു രണ്ടു ഓപ്ഷനുകളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഒന്നുകില്‍ സഞ്ജു, അല്ലെങ്കില്‍ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് നായകസ്ഥാനം ഏല്‍പ്പിക്കാന്‍ സാധിക്കുക.ഒരു സമയത്തു ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഫേവറിറ്റായിരുന്നു ഹാര്‍ദിക്. എന്നാല്‍ ഗൗതം ഗംഭീര്‍ പുതിയ കോച്ചായി വന്നതിനു ശേഷം ഹാര്‍ദിക്കിനെ നായകനാക്കിയില്ലന്നു മാത്രമല്ല വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നു പോലും പുറത്താക്കപ്പെടുകയായിരുന്നു.
അതുകൊണ്ടു തന്നെ ഇപ്പോള്‍ സൂര്യക്കു പകരം താല്‍ക്കാലികമായി നായകസ്ഥാനമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഹാര്‍ദിക് അതിനു തയ്യാറാവുമോയെന്ന കാര്യം സംശയമാണ്.ഈ കാരണത്താല്‍ സഞ്ജുവിനായിരിക്കും നായകനായി നറുക്കുവീണേക്കുകയെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ടീം ഇന്ത്യയെ നയിക്കാനായാല്‍ അതു അദ്ദേഹത്തെ സംബന്ധിച്ച് സ്വപ്നതുല്യമായ നേട്ടം തന്നെയായിരിക്കും. കരുത്തരായ സൗത്താഫ്രിക്കയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച് തുടങ്ങാനായാല്‍ അതു സഞ്ജുവിന്റെ കരിയറിലെ പൊന്‍തൂവല്‍ ആയിരിക്കുമെന്നതില്‍ സംശയമില്ല. ആദ്യ ടി20യില്‍ സൂര്യകുമാര്‍ യാദവ് കളിച്ചില്ലെങ്കില്‍ പ്ലെയിങ് ഇലവനിലും ഇന്ത്യക്കു ചില അഴിച്ചുപണികള്‍ നടത്തേണ്ടതായി വരും. സഞ്ജു സാംസണ് – അഭിഷേക് ശര്‍മ ജോടി തന്നെ ഓപ്പണ്‍മാരായി തുടരുമെന്നുറപ്പാണ്. സൂര്യയുടെ പൊസിഷനായ മൂന്നാം നമ്ബറില്‍ യുവ താരം തിലക് വര്‍മയെ ഇന്ത്യ കളിപ്പിച്ചേക്കും.നാലാമനായി ഹാര്‍ദിക് പാണ്ഡ്യയും അഞ്ചാം നമ്ബറില്‍ റിങ്കു സിങുമായിരിക്കും ക്രീസിലെത്തുക.
ആറാമനായി ജിതേഷ് ശര്‍മയ്ക്കോ, പുതുമുഖ താരം ആയ രമണ്‍ദീപ് സിങിനോയാവും നറുക്കുവീണേക്കുക. ഏഴാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ ഊഴമായിരിക്കും. എട്ടാമനായി സ്പെഷ്യലിസ്റ്റ് സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയും ഒമ്ബതാമനായി രവി ബിഷ്നോയിയും കളിച്ചേക്കും. അര്‍ഷ്ദീപ് സിങും ആവേശ് ഖാനുമായിരിക്കും ടീമിലെ സ്പെഷ്യലിസ്റ്റ് പേസര്‍മാര്‍.