രണ്ടാം ട്വൻറി20 ഇന്ന് : വിജയം തുടരാൻ ടീം ഇന്ത്യ

ന്യൂഡല്‍ഹി: ഒന്നാം ടി20യിലെ മിന്നും വിജയം ആവർത്തിക്കാൻ ടീം ഇന്ത്യ. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശിനുമേല്‍ ആധിപത്യം തുടരാനാണ് സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലക്ഷ്യമിടുന്നുത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.ബംഗ്ലാദേശ് ഉയർത്തിയ 128 റണ്‍സ് ലക്ഷ്യം വെറും 11.5 ഓവറില്‍ മറികടന്നാണ് ഇന്ത്യ ആദ്യ മത്സരം സ്വന്തമാക്കിയത്. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്നു മികച്ച തുടക്കമാണ് ഇന്ത്യക്കു നല്‍കിയത്. 19 പന്തില്‍ 6 ഫോറുകള്‍ സഹിതം 29 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്.ഓപ്പണിങ് പൊസിഷനില്‍ ഫ്രീ ആയി കളിച്ച സഞ്ജുവിന് മികച്ച ഷോട്ടുകള്‍ കണ്ടെത്താനായി. പലപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന് ഷോട്ട് സെലക്ഷൻ തലവേദന സൃഷ്ടിക്കാറുണ്ട്. മൂന്നു മത്സരങ്ങളില്‍ തുടർച്ചയായി ഓപ്പണറാകാൻ സാധിച്ചാല്‍ തുടക്കത്തില്‍ കൂടുതല്‍ ശ്രദ്ധയോടെ ബാറ്റുവീശാൻ താരത്തിന് സാധിക്കും. രണ്ടാം ടി20യിലും സഞ്ജു സാംസണ്‍- അഭിഷേക് ശർമ സഖ്യം ഓപ്പണിങ്ങില്‍ തുടരുമെന്നാണ് വിവരം. അതേസമയം കഴിഞ്ഞ മത്സരത്തില്‍, 16 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 39 റണ്‍സെടുത്തു ടീമിനെ വിജയത്തിലേക്കു നയിച്ച ഹാർദിക് പാണ്ഡ്യയാണ് ശ്രദ്ധാകേന്ദ്രം. അവസാന മത്സരത്തില്‍ താരം കളിച്ച നോണ്‍ ലുക്കിങ് ഷോട്ട് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാണ്.ടീംഇന്ത്യ: അഭിഷേക് ശർമ , സഞ്ജു സാംസണ്‍ (WK), സൂര്യകുമാർ യാദവ് (c), റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദർ , രവി ബിഷ്ണോയ് , വരുണ്‍ ചക്കരവർത്തി, ജിതേഷ് ശർമ്മ (wk), അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, മായങ്ക് യാദവ്, തിലക് വർമ്മ.ബംഗ്ലാദേശ്: നജ്മുല്‍ ഹൊസൈൻ ഷാൻ്റോ (c), തൻസീദ് ഹസൻ തമീം, പർവേസ് ഹുസൈൻ ഇമോൻ, തൗഹിദ് ഹൃദയ്, മഹ്മൂദ് ഉള്ള, ലിറ്റണ്‍ കുമർ ദാസ്, ജാക്കർ അലി അനിക്, മെഹിദി ഹസൻ മിറാസ്, ഷാക് മഹേദി ഹസൻ, റിഷാദ് ഹുസൈൻ, മുസ്തഫിസുർ റഹ്മാൻ, ഷൊകിൻ റഹ്മാൻ, തൻസിം ഹസൻ സാകിബ്, റാകിബുള്‍ ഹസൻ.

Advertisements

Hot Topics

Related Articles