സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യ 45 . എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ മലയാളി നടൻ ഇന്ദ്രൻസും ഉണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ. തനിക്ക് ചെയ്യാൻ കൊതി തോന്നുന്നതും തന്റെ കൊക്കിൽ ഒതുങ്ങുന്നതുമായ കഥാപാത്രമായതുകൊണ്ടാണ് സൂര്യ 45 കമ്മിറ്റ് ചെയ്തതെന്ന് ഇന്ദ്രൻസ് പറഞ്ഞു.
‘ഒന്ന് തുടങ്ങിവെച്ചിട്ട് പോന്നതേയുള്ളു, ഇനി വീണ്ടും അങ്ങോട്ട് ചെന്നാലേ എങ്ങനെയാണ് സിനിമ പോകുന്നതെന്ന് അറിയാൻ പറ്റുകയുള്ളു. സിനിമയിലെ കഥാപാത്രം എനിക്ക് ചെയ്യാൻ കൊതി തോന്നുന്നതും എന്റെ കൊക്കിൽ ഒതുങ്ങുന്നതും എന്ന് തോന്നിയത് കൊണ്ടും കമ്മിറ്റ് ചെയ്തതാണ്. മലയാളം അല്ലാതെ ഒരു ഭാഷ കൈകാര്യം ചെയ്യാൻ പേടിയുണ്ട്. പല അവസരങ്ങൾ വന്നിട്ടും ചെയ്യാതിരുന്നത് അതുകൊണ്ടാണ്. സൂര്യക്കൊപ്പം കോമ്പിനേഷൻ ഉണ്ട്. അവരെല്ലാവരും ഭയങ്കര സ്നേഹവും ബഹുമാനവുമാണ്. നമ്മൾ വിചാരിക്കും പോലെ വിരട്ടുമെന്ന് തോന്നുമെങ്കിലും അങ്ങനെയൊന്നുമില്ല; ഇന്ദ്രൻസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് സൂര്യ 45ന്റെ നിർമാണം. മൂക്കുത്തി അമ്മൻ പോലെ ഒരു ഡിവോഷണൽ ഫാന്റസി ചിത്രമാണ് സൂര്യ 45 എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെർസൽ, ജവാൻ, ക്രാക്ക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച ജികെ വിഷ്ണുവാണ് സൂര്യ 45 നായി കാമറ ചലിപ്പിക്കുന്നത്. ‘സൂര്യ 45’ന്റെ ആദ്യത്തെ ഒരു മണിക്കൂർ നരേഷൻ കേട്ടപ്പോൾ തന്നെ സൂര്യ സിനിമ ചെയ്യാമെന്ന് സമ്മതിച്ചെന്ന് ആർ ജെ ബാലാജി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘കാട്ച്ചി സേര’, ‘ആസ കൂടാ’ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ഗായകനും സംഗീത സംവിധായകനായ സായ് അഭ്യങ്കർ ആണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്.